ചെങ്ങന്നൂർ: ആസന്നമായ ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ കേരള കോണ്‍ഗ്രസ്-എം രാഷ്ട്രീയ നിലപാട് നിർണായകമായിരിക്കുമെന്ന് പാർട്ടി വൈസ് ചെയർമാൻ ജോസ് കെ. മാണി. ചെങ്ങന്നൂരിൽ നടന്ന കേരള കോണ്‍ഗ്രസ് നേതൃയോഗത്തിൽ പങ്കെടുത്തശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ജോസ് കെ. മാണി.
ചെങ്ങന്നൂരിൽ കോണ്‍ഗ്രസിനു തനിച്ച് മത്സരിക്കാമോ എന്ന് കേരള കോണ്‍ഗ്രസ്-എം കോട്ടയം ജില്ലാ കമ്മിറ്റിയുടെ ചോദ്യത്തിന് അതൊക്കെ പ്രാദേശിക പ്രശ്നമായിരുന്നു എന്നായിരുന്നു മറുപടി. ത്രിതല പഞ്ചായത്ത്, സഹകരണബാങ്ക് തെരഞ്ഞെടുപ്പുകളിൽ പാർട്ടി സ്വീകരിച്ച സ്വതന്ത്രനിലപാടുകൾ തങ്ങൾക്ക് നേട്ടം ഉണ്ടാക്കിയിട്ടുള്ളതായും അദ്ദേഹം പറഞ്ഞു.
ചില കാര്യങ്ങളിൽ ഭരണകക്ഷിയോടും, ചില കാര്യങ്ങളിൽ പ്രതിപക്ഷത്തോടും അനുകൂലിച്ചു നിൽക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാർച്ച് 11ന് മുന്‍പായി മുഴുവൻ മണ്ഡലങ്ങളിലും കണ്‍വൻഷനുകളും, തുടർന്ന് നിയോജകമണ്ഡലം കണ്‍വൻഷനും ചേരും. ലയണ്‍സ് ക്ലബ് ഹാളിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് ടൈറ്റസ് ജി. വാണിയപ്പുരയ്ക്കൽ അധ്യക്ഷത വഹിച്ചു.
സംസ്ഥാന സെക്രട്ടറിമാരായ വി.റ്റി. ജോസഫ്, ജേക്കബ് ഏബ്രഹാ, സ്റ്റിയറിംഗ് കമ്മറ്റിയംഗം ജെന്നിംഗ്സ് ജേക്കബ്, ജില്ല പ്രസിഡന്റ് ജേക്കബ് തോമസ് അരികുപുറം , വി.സി. ഫ്രാൻസിസ്, റ്റി.പി. ജോണ്‍, ഷിബു ഉമ്മൻ, സതീഷ് ചെന്നിത്തല, ചെറിയാൻ കുതിരവട്ടം, വി. മാത്തുണ്ണി, കുഞ്ഞുകുഞ്ഞുമ്മ പറന്പത്തൂർ, പ്രഫ. ഏലിക്കുട്ടി കുര്യാക്കോസ്, ഹാൻസി മാത്യു, ഗീതാ സുരേന്ദ്രൻ, ഡോ. സാബു പി. സാമുവേൽ, ഏബ്രഹാം ഇഞ്ചക്കലോടിൽ, സോജൻ വർഗീസ് , ജോണ്‍ മാത്യു മുല്ലശ്ശേരി എന്നിവർ പ്രസംഗിച്ചു.