മഞ്ചേരി: ചികിത്സയിലിരിക്കെ കൈ ഞരന്പു മുറിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയും ആശുപത്രി അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നു മുങ്ങുകയും ചെയ്ത യുവതിയെ കോഴിക്കോട് ബസ് സ്റ്റാൻഡിൽ വച്ച് പോലീസ് പിടികൂടി. ചൊവ്വാഴ്ചയാണ് കഠിനമായ വയറു വേദനയെ തുടർന്നു പുൽപ്പറ്റ മുഴക്കുന്നുമ്മൽ സ്വദേശിനിയായ പത്തൊന്‍പതുകാരിയെ പിതാവ് മഞ്ചേരി ഗവണ്മെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
പത്താം വാർഡിൽ അഡ്മിറ്റ് ചെയ്യപ്പെട്ട യുവതി രാത്രി 12 മണിയോടെ ബാത്ത്റൂമിൽ കയറി ബ്ലേഡ് ഉപയോഗിച്ച് സ്വന്തം കൈയിലെ ഞരന്പു മുറിക്കുകയായിരുന്നു. രക്തം വാർന്നൊഴുകുന്നതു ശ്രദ്ധയിൽപ്പെട്ട ഡ്യൂട്ടി നഴ്സ് ഡോക്ടറെ വിവരമറിയിച്ചു. ഉടൻ മന:ശാസ്ത്ര വിഭാഗം ഡോക്ടർ എത്തി യുവതിയെ പരിശോധിക്കുകയും ചികിത്സാ നിർദേശം നൽകുകയുമായിരുന്നു.
അപകടനില തരണം ചെയ്ത യുവതി ഇന്നലെ ഉച്ചക്ക് രണ്ടു മണിയോടെ ബന്ധുക്കളുടെയും ജീവനക്കാരുടെയും കണ്ണു വെട്ടിച്ചു ആശുപത്രിയിൽ നിന്നു മുങ്ങുകയായിരുന്നു. ബന്ധുക്കളും ജീവനക്കാരും നടത്തിയ തെരച്ചിലിൽ കണ്ടെത്താനാകാത്തതിനെ തുടർന്നു മഞ്ചേരി പോലീസിലറിയിക്കുകയായിരുന്നു.
ഇതിനിടയിൽ താൻ കോഴിക്കോട് ബസ് സ്റ്റാൻഡിലുണ്ടെന്നു മകൾ പിതാവിനെ ഫോണ്‍ ചെയ്ത് അറിയിച്ചു. ഉടൻ മഞ്ചേരി പോലീസ് കോഴിക്കോട് വനിതാസെല്ലുമായി ബന്ധപ്പെടുകയും ബസ് സ്റ്റാൻഡിലെത്തിയ വനിതാ പോലീസ് യുവതിയെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. പിന്നീട് പിതാവ് കോഴിക്കോട്ടെത്തി മകളെ ഏറ്റുവാങ്ങി.