തൃശൂർ: പാലക്കാട് അട്ടപ്പാടിയിൽ മധുവെന്ന ആദിവാസി യുവാവ് മർദ്ദനമേറ്റ് മരിച്ച സംഭവത്തിൽ കർശന നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാട്ടുകാർ ചേർന്ന് യുവാവിനെ മർദിച്ചു കൊന്ന സംഭവം അത്യന്തം അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു.
കുറ്റവാളികൾക്കെതിരെ കർശന നടപടിയെക്കാനുള്ള നിർദേശം സംസ്ഥാന പോലീസ് മേധാവിക്ക് നൽകി. ഇത്തരം ആക്രമങ്ങൾ പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ലെന്നും അദ്ദേഹം പറഞ്ഞു. ഈ സംഭവം ഒരുതരത്തിലും അംഗീകരിക്കാനുമാവില്ല. ഇതു പോലുള്ള സംഭവങ്ങൾ കേരളത്തിലുണ്ടാവുക എന്നത് നാം നേടിയ സാമൂഹ്യ-സാംസ്കാരിക മുന്നേറ്റങ്ങളെയാകെ കളങ്കപ്പെടുത്തുന്നതാണെന്നും ഇവ ആവർത്തിക്കാതിരിക്കാൻ കർശന നടപടിയെടുക്കുമെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.
പ്രതികളെ ഉടൻ പിടികൂടണമെന്ന് ചെന്നിത്തല
തിരുവനന്തപുരം: അട്ടപ്പാടിയിൽ ആദിവാസി യുവാവ് മർദ്ദനമേറ്റ് മരിച്ച സംഭവത്തിൽ പ്രതികളെ ഉടൻ പിടികൂടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആദിവാസികളുടെ ദുരിതജീവിതം അവസാനിപ്പിക്കാൻ സർക്കാർ ഉടൻ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിന്റെ ഈ നിസംഗതയ്ക്ക് മാപ്പില്ലെന്നും കേരളത്തിന്റെ മനസാക്ഷിയുടെ കൈകളാണ് ഇവിടെ കെട്ടിയിട്ടതെന്നും ചെന്നിത്തല പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.