സ്വന്തം ലേഖകൻമാർ
പാലക്കാട്/തൃശൂർ: തന്റെ മകനെ എല്ലാവരും ചേർന്ന് തല്ലിക്കൊല്ലുകയായിരുന്നുവെന്ന് അഗളിയിൽ കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിന്റെ അമ്മ മല്ലി. എന്റെ മകനെ എല്ലാവരും ചേർന്ന് തല്ലിക്കൊല്ലുകയായിരുന്നു. അവന് യാതൊരു അസുഖങ്ങളുമുണ്ടായിരുന്നില്ല. അവൻ മോഷണം നടത്താറില്ല.
ചെറിയൊരു മാനസികപ്രശ്നം ഉണ്ടായിരുന്നു. ഒൻപതു മാസമായി അവൻ കാട്ടിലാണ് താമസം. അവൻ എങ്ങിനെയെങ്കിലും ജീവിച്ചുപോകുമായിരുന്നു. നാട്ടുകാരാണ് അവനെ തല്ലിക്കൊന്നത്. പ്രദേശത്തെ ഡ്രൈവർമാരടക്കമുള്ളവർ ഇതിലുണ്ട് – മധുവിന്റെ അമ്മ മല്ലി അഗളിയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
അതേസമയം മധുവിന്റെ മരണത്തിന് ഉത്തരവാദികളായവരെയും മധുവിനെ മർദ്ദിച്ചവരെയും കസ്റ്റഡിയിലെടുക്കണമെന്നും മധുവിനെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പരിശോധിച്ച് കുറ്റക്കാരെ കസ്റ്റഡിയിലെടുക്കണമെന്നും അതിനു ശേഷം മാത്രമേ മധുവിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് കൊ്ണ്ടുപോകാൻ അനുവദിക്കുകയുള്ളുവെന്നും അഗളിയിൽ എത്തിയിരിക്കുന്ന വിവിധ ആദിവാസി സംഘടനകൾ പറഞ്ഞു. അഗളി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഒറ്റപ്പാലം സബ് കളക്ടർ ജെറോമിക് ജോർജ്, മണ്ണാർക്കാട് തഹസീൽദാർ രാധാകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തി.
മധുവിന്റെ മരണത്തിൽ അഗളി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. അന്വേഷണം ഉൗർജിതമാണെന്ന് അഗളി ഡിവൈഎസ്പി സുബ്രഹ്മണ്യൻ പറഞ്ഞു. എത്രപേർക്കെതിരെ കേസെടുത്തു എന്ന കാര്യം പോലീസ് വെളിപ്പെടുത്തിയില്ല.
മധുവിന്റെ അമ്മയും മറ്റു ബന്ധുക്കളും അഗളി ആശുപത്രിയിലെത്തിയിട്ടുണ്ട്. സംഭവത്തിൽ പ്രതിഷേധിച്ച് വിവിധ ആദിവാസി സംഘടനകൾ ഇന്ന് അഗളി പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തും. മൃതദേഹം തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലാണ് ഇന്ന് പോസ്റ്റുമോർട്ടം നടത്തുക. ഇത് പൂർണമായും വീഡിയോയിൽ ഷൂട്ടു ചെയ്യും.
മർദ്ദനമേറ്റാണോ മരണം എന്നത് പോസ്റ്റുമോർട്ടത്തിന് ശേഷമേ സ്ഥിരീകരിക്കുകയുള്ളു. ഈ റിപ്പോർട്ട് കിട്ടിയ ശേഷം മധുവിനെ പിടികൂടി കെട്ടിയിട്ടതിന്റെ ദൃശ്യങ്ങൾ പരിശോധിച്ച ശേഷം കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്ന് പോലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേർ കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്.
കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയെന്നത് മന്ത്രി ബാലൻ
തൃശൂർ: അഗളിയിൽ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട സംഭവത്തിൽ കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് മന്ത്രി എ.കെ.ബാലൻ. ഡിജിപിക്കും എസ്പിക്കും ഇതു സംബന്ധിച്ച നിർദ്ദേശം നൽകിയിട്ടുണ്ട്. എസ്പിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കും.
ആദിവാസി യുവാവ് അടിയേറ്റ് മരിച്ച സംഭവം അപലപനീയമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടിയെടുക്കുമെന്നും പിണറായി പറഞ്ഞു. കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.