കാട്ടാക്കട : കഴിഞ്ഞ 20 ന് കുറ്റിച്ചൽ തച്ചൻകോട്ട് യ സ്കൂട്ടറിൽ വരികയായിരുന്ന യുവതിക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ കേസിൽ അറസ്റ്റിലായ പ്രതി സുബീഷിനെ ഇന്ന് കാട്ടാക്കട കോടതിയിൽ ഹാജരാക്കും. വധശ്രമത്തിനാണ് കേസ്സ് എടുത്തിട്ടുള്ളത്.
മർച്ചന്റ് നേവി ജീവനക്കാരനായ സുബീഷ് തന്റെ കപ്പലിൽ നിന്നും കവർന്ന ആസിഡ് കടത്തികൊണ്ടു വന്നാണ് ആക്രമണം നടത്തിയിരിക്കുന്നത്. സുബീഷ് ആക്രമണം നടത്തണമെന്ന ഉദേശത്തോടെയാണ് നാട്ടിലെത്തിയതെന്ന് പോലീസ് പറഞ്ഞു.
കപ്പലിലെ കെമിക്കൽ ലാബിൽ നിന്നുമാണ് എൻജിനിൽ ഉപയോഗിക്കുന്ന ആസിഡ് സുബീഷ് കൈക്കലാക്കിയത്. ആസിഡുമായി വിമാനത്തിൽ നാട്ടിലെത്തുക അസാധ്യമായതിനാൽ യാത്ര കപ്പലിലാക്കി. താനാണ് ആക്രമണത്തിന് പിന്നിലെന്ന് യുവതി അറിയരുതെന്ന നിർബന്ധവും യുവാവിന് ഉണ്ടായിരുന്നു. വിവാഹാഭ്യർഥന നിഷേധിച്ചതാണ് ആക്രമണത്തിന് കാരണം.
ആസിഡ് ആക്രമണത്തിനു പിടിയിലായ സുബീഷ് മറ്റൊരു കേസിലും പ്രതിയെന്നു സംശയിക്കുന്നതായി പോലീസ് പറയുന്നു. ഒരു വർഷം മുൻപ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഇയാൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് സംശയിക്കുന്നതായി ഡിവൈഎസ്പി അനിൽ കുമാർ പറഞ്ഞു. സുബീഷിനെ മഹിളാ മന്ദിരത്തിൽ കഴിയുന്ന കുട്ടിയുടെ അടുത്തെത്തിച്ച് ഉറപ്പു വരുത്താനാണു പോലീസ് ശ്രമം.
സംഭവം നടന്ന സമയത്തു കുട്ടിയുടെ ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ അന്നു കുട്ടി പറഞ്ഞ ചില കാര്യങ്ങളിലെ വൈരുധ്യം കാരണം ഇയാൾ രക്ഷപ്പെട്ടുവെന്നാണു നാട്ടുകാരും പറയുന്നത്. നാട്ടുകാർ നൽകിയ വിവരത്തെ തുടർന്നു നടന്ന ചോദ്യം ചെയ്യലിൽ ഈ കേസും ഇയാൾ സമ്മതിച്ചതായാണു പോലീസ് നൽകുന്ന സൂചന.
യുവതി ഇപ്പോൾ മെഡിക്കൽ കോളേജിൽ ചികിൽസയിലാണ്. മുഖത്ത് ആസിഡ് വീണില്ല എങ്കിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ആസിഡ് വീണിട്ടുണ്ട്. വീര്യം കൂടിയ ആസിഡ് ആയതിനാൽ പൊള്ളലുണ്ട്. അതിനിടെ കുറ്റിച്ചൽ എന്ന പിന്നോക്ക ഗ്രാമത്തിന് ഞെട്ടൽ ഇതേവരെ മാറിയിട്ടില്ല. പ്രതിയെ പിടികൂടി എന്ന് അറിയിച്ചിട്ടും ഭീതി വിട്ടുമാറാതെ യുവതിയുടെ ബന്ധുക്കളും നാട്ടുകാരും.
നെയ്യാർഡാം പോലീസിന്റെ കഴിവാണ് ഇത്രയും സമയത്തിനുള്ളിൽ പ്രതിയെ പിടിക്കാൻ കഴിഞ്ഞത്. പൾസർ ബൈക്കിൽ വന്ന ഇയാളെ തിരിച്ചറിയിതിരിക്കാൻ ഹൈൽമറ്റും ജാക്കറ്റും ധരിച്ചിരുന്നു. എന്നാൽ സിസിടിവി കാമറയിൽ ബൈക്കിന്റെ നമ്പർ പതിഞ്ഞു. അതിന്റെ ചുവടുപിടിച്ചാണ് ആദ്യം ഘട്ടം പൂർത്തിയാക്കിയത്. തുടർന്ന് യുവതിയുടെ സുഹ്യത്തിനെ ചോദ്യം ചെയ്തപ്പോൾ പോലീസിന് കാര്യങ്ങൾ പിടികിട്ടി.
പ്രണയവുമായി നടന്നയാളെന്ന് മനസിലാക്കിയ പ്രതിയെ ഫേസ് ബുക്ക് അടക്കമുള്ളവ പരിശോധിച്ചാണ് പിടിച്ചത്. പിടിക്കുമ്പോൾ സുബീഷിന്റെ ദേഹത്ത് ആസിഡ് വീണ പാട് കണ്ടതും തുമ്പയായി. ഇന്നലെ പ്രതിയുമായി എസ്.ഐ സതീഷ്കുമാർ സ്ഥലത്ത് എത്തി തെളിവെടുത്തു. ആസിഡിന്റെ കുപ്പിയും ജാക്കറ്റും കണ്ടെത്തി.