കോട്ടയം: കളക്ടറേറ്റിൽ എത്തി കൈ ഞരന്പ് മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ചയാൾ സുഖം പ്രാപിച്ചു വരുന്നു. ആർപ്പൂക്കര തൊണ്ണംകുഴി ഏറത്ത് ഇ.ടി. വർഗീസാ(71)ണു വലതു കൈത്തണ്ട മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് 1.30നു ജില്ലാ കളക്ടർക്ക് പരാതി നൽകാനെത്തിയശേഷം കളക്ടറുടെ ഓഫീസിനു മുന്നിലെ സന്ദർശക മുറിയിൽ വച്ചാണു കൈ ഞരന്പ് മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്.
അതേസമയം ഇയാൾക്കെതിരെ പോലീസിന്റെ ഭാഗത്തു നിന്നും നിയമനടപടികളൊന്നും ഉണ്ടായിട്ടില്ല. ബന്ധപ്പെട്ട അധികൃതരുടെ ഭാഗത്തു നിന്നും രേഖാമൂലം പരാതി ലഭിച്ചാൽ കേസെടുക്കുമെന്നു കോട്ടയം ഈസ്റ്റ് പോലീസ് പറഞ്ഞു.
സ്വകാര്യ ബസ് തൊഴിലാളിയായിരുന്ന വർഗീസ് 24 വർഷം മുന്പ് ജോലിയിൽനിന്നു പിരിഞ്ഞു. മോട്ടോർ തൊഴിലാളി ക്ഷേമ നിധിയിൽനിന്നു കിട്ടേണ്ട തുക മുഴുവൻ കിട്ടിയില്ലെന്നാണ് വർഗീസിന്റെ പരാതി. ഇതുസംബന്ധിച്ച പരാതി നൽകാനാണു കളക്ടറേറ്റിൽ എത്തിയത്.
ഇതിനു മുന്പും കളക്ടർക്കും ട്രാൻസ്പോർട്ട് കമ്മീഷണർക്കുമൊക്കെ പരാതി നല്കിയിട്ടും പരിഹാരമുണ്ടായില്ലെന്നാണു വർഗീസിന്റെ പരാതി. 1999ൽ തന്നെ വർഗീസിന് അർഹതപ്പെട്ട 35,963 രൂപ മോട്ടോർ തൊഴിലാളി ക്ഷേമ നിധി ബോർഡിൽനിന്നു നല്കിയതാണെന്നും ഡെപ്യൂട്ടി കളക്ടർ (എൽആർ) അലക്സ് ജോസഫ് പറഞ്ഞു. ഇതുസംബന്ധിച്ച വിവരം 2015 നവംബർ 27ന് കളക്ടറേറ്റിൽനിന്നു വർഗീസിനെ അറിയിച്ചതാണെന്നും ഡെപ്യൂട്ടി കളക്ടർ വ്യക്തമാക്കി.