ഗോവിന്ദച്ചാമി, നിര്‍ഭയയുടെ ഘാതകര്‍, ബാലപീഡകര്‍ എന്നിങ്ങനെ മരണമര്‍ഹിച്ചവര്‍ അനവധിയുണ്ടായിട്ടും ജനക്കൂട്ടത്തിന്റെ കണ്ണില്‍ പെട്ടത് പാവം ആദിവാസി മാത്രം;പ്രതിഷേധം ഇരമ്പുന്നു…

മോഷണമാരോപിച്ച് അട്ടപ്പാടിയില്‍ മാനസികാസ്വാസ്ഥ്യമുള്ള ആദിവാസി യുവാവിനെ തല്ലിക്കൊന്ന സംഭവത്തില്‍ പ്രതിഷേധം ഇരമ്പുന്നു. വ്യാഴാഴ്ചയാണ് അട്ടപ്പാടി കടുകുമണ്ണ ഊരിലെ 27 വയസുകാരനായ മധുവിനെ നാട്ടുകാര്‍ ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്.

മോഷണം ആരോപിച്ച് പ്രദേശവാസികള്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ച ശേഷം മധുവിനെ പോലീസിന് കൈമാറുകയായിരുന്നു. തുടര്‍ന്ന് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുംവഴി മധു വാഹനത്തില്‍ വച്ച് ശര്‍ദ്ദിച്ചതോടെ പോലീസ് മധുവിനെ അഗളി ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും ഇടയ്ക്കു വച്ച് മരിക്കുകയായിരുന്നു.

നാട്ടുകാര്‍ തന്നെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നുവെന്ന് മരിക്കുന്നതിന് മുമ്പ് മധു പോലീസിന് മൊഴി നല്‍കിയിരുന്നു.പോസ്റ്റുമോര്‍ട്ടത്തിനു ശേഷം കൂടുതല്‍ നടപടികള്‍ എടുക്കുമെന്ന് അഗളി പോലീസ് പറഞ്ഞു.

മധുവിന്റെ കൈയില്‍ ഒരോ പാക്കറ്റ് മല്ലിപ്പൊടിയും മുളകുപൊടിയുമായിരുന്നു. ഇത് മോഷ്ടിച്ചതാണെന്ന് ആരോപിച്ചായിരുന്നു നാട്ടുകാരുടെ മര്‍ദ്ദനം. ഉടുമുണ്ടുരിഞ്ഞ് ശരീരത്തില്‍ കെട്ടിയായിരുന്നു മര്‍ദ്ദനം. ഇതിന്റെ വീഡിയോയും നാട്ടുകാര്‍ പകര്‍ത്തിയിരുന്നു. നാട്ടുകാരുടെ നിഷ്ഠൂരമായ പ്രവൃത്തിയെ അപലപിച്ച് പല പ്രമുഖരും സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചു.

മധു ഒരു പാര്‍ട്ടിയുടേയും ആളല്ലാത്തതിനാല്‍ ചോദിക്കാനും പറയാനും പിരിവെടുക്കാനും ആരും ഉണ്ടാവില്ലെന്നും കേസുകള്‍ തേഞ്ഞുമാഞ്ഞുപോകുമെന്നും, എങ്കിലും കൊല്ലപ്പെടുന്നതിനു മുമ്പ് കൈകള്‍ കെട്ടിയിട്ടു മര്‍ദ്ദിക്കുന്നതിന്റെ മുന്നോടിയായി സെല്‍ഫി എടുത്ത് ആനന്ദിക്കുന്ന മലയാളിയെ ഓര്‍ത്ത് നമുക്ക് ലജ്ജിക്കാമെന്നും സോഷ്യല്‍മീഡിയയിലൂടെ പലരും പ്രതികരിച്ചു.

ഇതിനിടെ മധുവിനെ ആള്‍ക്കൂട്ടം വിചാരണ ചെയ്ത് മര്‍ദ്ദിക്കുമ്പോള്‍ സെല്‍ഫിയെടുത്ത് സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്ത യുവാവിനെയും കണ്ടെത്തി. എന്‍ ഷംസുദ്ദീന്‍ എംഎല്‍എയുടെ അനുയായിയായ യുവാവിന്റെ പേര് ഉബൈദ് എന്നാണെന്നും കണ്ടെത്തിയിട്ടുണ്ട്.

ഇയാള്‍ക്കെതിരേയും കനത്ത പ്രതിഷേധമാണ് അരങ്ങേറുന്നത്. ഗോവിന്ദ ചാമി പോലെ ഒരുവനെ, അല്ലേല്‍ നിര്‍ഭയയുടെ ഘാതകരെ, മാസങ്ങള്‍ പോലും ആയിട്ടില്ലാത്ത കുഞ്ഞുങ്ങളെ ഇല്ലായ്മ ചെയ്യുന്നവരെ ഇങ്ങനെ തല്ലിക്കൊല്ലാന്‍ ആരുമുണ്ടായിരുന്നില്ല എന്നും ചിലര്‍ പ്രതികരിക്കുന്നു.

 

Related posts