കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന്റെ സീസണിലെ അവസാന ഹോംമാച്ചിനു സാക്ഷിയാകാൻ ക്രിക്കറ്റ് ഇതിഹാസവും കേരള ബ്ലാസ്റ്റേഴ്സ് സഹ ഉടയുമായ സച്ചിനും. ഇന്നു ഉച്ചകഴിഞ്ഞു കൊച്ചിയിലെത്തുന്ന മാസ്റ്റർ ബ്ലാസ്റ്റർ ഫുട്ബോൾ ആരാധകരെ ആവേശത്തിലാഴ്ത്താൻ മുഴുവൻ സമയവും സ്റ്റേഡിയത്തിലുണ്ടാകുമെന്നാണു വിവരം.
ഭാഗ്യനിർഭാഗ്യങ്ങളുടെ നൂൽപ്പാലത്തിലൂടെ പ്ലേഓഫ് കടന്പ കടക്കാമെന്ന പ്രതീക്ഷയിൽ ചെന്നൈയിൻ എഫ്സിക്കെതിരേ ഇറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് ജയിച്ചേതീരൂ. രാത്രി എട്ടിനാണു കിക്കോഫ്.
ജയിച്ചാൽ കണക്കുകളിൽ വിശ്വസിച്ചു കളത്തിൽനിന്നു കയറാം, അല്ലെങ്കിൽ സ്വന്തം കാണികൾക്കു മുന്നിൽ കണ്ണീരോടെ ലീഗിന്റെ പുറത്തേക്കു പോകാം. സീസണിലെ അവസാന ഹോം മത്സരത്തിനിറങ്ങുന്പോൾ കലാശ പോരാട്ടത്തെക്കാൾ സമ്മർദത്തിലാണു സന്ദേശ് ജിങ്കനും സംഘവും. സ്വന്തം മൈതാനത്ത് എട്ടു മത്സരങ്ങൾ പൂർത്തിയാക്കിയപ്പോൾ രണ്ടു ജയം മാത്രമേ നേടാനായുള്ളൂ. നാലു കളികൾ സമനിലയായപ്പോൾ ബംഗളൂരുവിനോടും ഗോവയോടും തോൽവി വഴങ്ങി.
അതേസമയം, ജയിച്ചാൽ അവസാന നാലിലെ സ്ഥാനം അരക്കിട്ടുറപ്പിക്കാമെന്ന സാധ്യതയോടെയാണു ചെന്നൈയുടെ നീലപ്പട എത്തുന്നത്. പതിനാറു മത്സരങ്ങളിൽനിന്ന് 28 പോയിന്റുമായി നിലവിൽ മൂന്നാം സ്ഥാനത്താണ് സംഘം. കേരള ബ്ലാസ്റ്റേഴ്സിനു 24 പോയിന്റാണു സന്പാദ്യം. ചെന്നൈയിൻ മുന്നേറ്റനിരയുടെ പ്രകടനം ഇപ്പോഴും ശരാശരി നിലവാരത്തിൽ ഒതുങ്ങുന്നതു കേരള ബ്ലാസ്റ്റേഴ്സിനു പ്രതീക്ഷയ്ക്കു വക നൽകുന്നുണ്ട്.
ആകെ 23 ഗോളുകളാണ് ഈ സീസണിൽ ചെന്നൈയിൻ അടിച്ചുകൂട്ടിയത്. ഏഴു ഗോളുകൾ നേടിയ ജെജെ ലാൽപ്പെക്കുലെ കഴിഞ്ഞാൽ സ്ഥിരതയോടെ മുന്നേറ്റനിരയിൽ കളിക്കുന്ന ഒരാൾ പോലും ടീമിലില്ലാത്തതു പരിശീലകൻ ജോണ് ഗ്രിഗറിയെ വിഷമവൃത്തത്തിലാക്കുന്നുണ്ട്.
കഴിഞ്ഞ നാലു മത്സരങ്ങളിൽ ജയം നേടാനാകാത്തതാണ് ചെന്നൈയിന്റെ പ്ലേഓഫ് പ്രവേശനം വൈകിപ്പിച്ചത്. ഈ കണക്കുകൾ കേരള ബ്ലാസ്റ്റേഴ്സിനു തുണയാകുമെന്നുതന്നെയാണ് ആരാധകരുടെ പ്രതീക്ഷകളും. ഇന്നത്തെ മത്സരത്തിൽ വിജയംമാത്രം പ്രതീക്ഷിച്ച് ഇറങ്ങുന്ന താരങ്ങൾക്കു പ്രചോദനമാകും സച്ചിന്റെ വരവെന്നാണു ആരാധകരുടെ കണക്കുകൂട്ടൽ.