വടകര: സർ സിപിയുടെ രണ്ടാം ജന്മമാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് മുൻമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ. സെൽഫി എടുക്കാൻ വരുന്നവരെ പഴിപറയുക, വാർത്ത തേടി വരുന്ന പത്രലേഖകരെ അപമാനിക്കുക ഇതൊന്നും ഒരു മുഖ്യമന്ത്രിക്കു ചേർന്നതല്ല. മാധ്യമപ്രവർത്തകർ അടുത്തുവന്നാൽ തീണ്ടിപ്പോവുമോ എന്നു തിരുവഞ്ചൂർ ചോദിച്ചു.
മാർക്സിസ്റ്റ്പാർട്ടിക്ക് തീണ്ടലും തൊടീലുമുണ്ടോ. മാധ്യമങ്ങളെ കാണുന്പോൾ ഓടിയൊളിക്കുകയാണ് പിണറായി. മാധ്യമ പ്രവർത്തകരെ അപമാനിക്കുകയും തൊട്ടടുത്ത് വരാൻ അനുവദിക്കാതിരിക്കുകയുമാണ്. ഇത് ഏകാധിപത്യമല്ലേ. സർ സിപി ചെയ്തതും ഇതു തന്നെയാണെന്ന് തിരുവഞ്ചൂർ ഓർമിപ്പിച്ചു. സർ സിപിക്കുണ്ടായ അന്ത്യം ഉണ്ടാവരുതെന്നാണ് പ്രാർഥന. എന്നാൽ ഭരണത്തിലിരിക്കുന്നവർ ഇന്നാട്ടിലെ ജനങ്ങളെ വെട്ടിക്കൊല്ലാൻ തുനിയുന്നത് ശരിയാണോ എന്ന് തിരുവഞ്ചൂർ ചോദിച്ചു.
ഓർക്കാട്ടേരി, ഒഞ്ചിയം മേഖലകളിൽ ആർഎംപിഐ പ്രവർത്തകരുടെ വീടുകൾക്കും കടകൾക്കും നേരെ നടത്തിയ അക്രമങ്ങളിൽ പ്രതിഷേധിച്ചും പോലീസിന്റെ നീതി നിഷേധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടും വടകരയിൽ നടന്ന കുത്തിയിരിപ്പ് സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പുതിയ സ്റ്റാനൻഡ് പരിസരത്ത് നടന്ന സത്യഗ്രഹത്തിൽ മുല്ലപ്പള്ളി രാമചന്ദ്രൻ എംപി, പാറക്കൽ അബ്ദുള്ള എംഎൽഎ, ഡിസിസി പ്രസിഡന്റ് ടി.സിദ്ദീഖ് എന്നിവരോടൊപ്പം ആർഎംപിഐ നേതാവ് എൻ.വേണുവും വടകര നിയോജക മണ്ഡലത്തിലെ യുഡിഎഫ്, ആർഎംപിഐ ജനപ്രതിനിധികളും പാർട്ടി നേതാക്കളും ങ്കെടുത്തു.