കൊച്ചി: കേരളത്തെ ഇതുവരെ വലച്ച സമനില തന്നെ വീണ്ടും സമനില തെറ്റിച്ചിരിക്കുന്നു. കറേജ് പെക്കൂസൺ പെനാൽറ്റി നഷ്ടപ്പെടുത്തിയ മത്സരത്തിൽ ചെന്നൈയ്ൻ എഫ്സിയോട് ഗോൾരഹിത സമനിലയിൽ പിരിഞ്ഞ ബ്ലാസ്റ്റേഴ്സിന് ഐഎസ്എലിൽനിന്ന് പുറത്തേക്കു വഴിതെളിഞ്ഞു.
അവസാന ഹോം മത്സരത്തിൽ നിരവധി സുവർണാവസരങ്ങൾ ലഭിച്ചിട്ടും ഒന്നുപോലും ഗോളാക്കാൻ കഴിയാതെ ബ്ലാസ്റ്റേഴ്സ് സ്വയം കുഴിതോണ്ടുകയായിരുന്നു. സീസണിലെ ഏഴാം സമനിലയിലാണ് ബ്ലാസ്റ്റേഴ്സ് കുരുങ്ങിയത്.
കളിയുടെ ആദ്യ പകുതിയിൽ സി.കെ വിനീത്, രണ്ടാം പകുതിയിൽ റിനോ ആന്റോ, ബാൽഡ്വിൻസൺ, പെക്കൂസൺ… നിരവധി അവസരങ്ങളാണ് കേരളം തുലച്ചത്. ഏറ്റവും സുവർണാവസരം 51 ാം മിനിറ്റിൽ കേരളത്തിനു ലഭിച്ച പെനാൽറ്റി തന്നെയായിരുന്നു.
ഒറ്റയ്ക്കു ബോക്സിലേക്ക് ഇരച്ചുകയറിയ ബാൽഡ്വിൻസണിനെ ചെന്നൈയ്ൻ പ്രതിരോധം വീഴ്ത്തിയതിന് കേരളത്തിന് അനുകൂലമായ പെനാൽറ്റി. എന്നാൽ അതി സമ്മർദത്തിനു നടുവിൽ പെനാൽറ്റി എടുത്ത പെക്കൂസണിന് പിഴച്ചു. അതിദുർബലമായ ഷോട്ട് ചെന്നൈയ്ൻ ഗോളി കരൺജിത് സിംഗ് തടുത്തിട്ടു. കേരളത്തിന്റെ വിധി അവിടെ കുറിക്കപ്പെട്ടു.
കളിയുടെ 22 ാം മിനിറ്റിൽ ചെന്നൈയ്ൻ ബോക്സിനു പുറത്തുനിന്നും സി.കെ വിനീത് എടുത്ത ലോംഗ് റേഞ്ച് ഷോട്ട് പോസ്റ്റിൽ തട്ടിത്തെറിച്ചതു മുതൽ കേരളത്തിന്റെ ദൗർഭാഗ്യം വ്യക്തമായിരിരുന്നു. റിനോ ആന്റോയ്ക്കും രണ്ടാം പകുതിയിൽ ചെന്നൈയ്ൻ ബോക്സിൽ തുറന്ന അവസരം ലഭിച്ചു.
എന്നാൽ അദ്ദേഹത്തിന്റെ വോളിയും പുറത്തേക്കുപറന്നു. കളി സമനിലയിലേക്ക് മുന്നേറുമ്പോൾ വീണ്ടും ബാൽഡ്വിൻസൺ അവസരം തുറന്നെടുത്തു. ബോക്സിലേക്ക് പന്തുമായി കയറിയ ബാൽഡ്വിൻസൺ ഗോളിലേക്ക് ഷോട്ടുപായിച്ചു. അപരാജിത കരങ്ങളുമായിനിന്ന കരൺജിത് സിംഗ് പന്ത് തടുത്തിട്ടു. എന്നാൽ ഓടിയടുത്ത വിനീതിന്റെ നേർക്ക് റീബൗണ്ട്. ഒന്നുതൊട്ടാൽ ഗോളാകുമായിരുന്നെങ്കിലും വിനീതിന് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. മിന്നല്‍ സേവുകളോടെ ചെന്നൈയ്ന് ഗോള്‍ വല കാത്ത കരണ്‍ജിത് സിംഗാണ് കളിയിലെ കേമൻ.
മറുപുറത്തും ഗോൾ അവസരം നഷ്ടപ്പെടുത്തുന്നതിന് പഞ്ഞമുണ്ടായില്ല. ആദ്യപകുതിയുടെ 44ാം മിനിറ്റിൽ ജെജെ ഗോൾ അവസരം നഷ്ടപ്പെടുത്തി. ഗോളി മാത്രം മുന്നിൽനിൽക്കെ പന്ത് പുറത്തേക്ക് അടിച്ചുകളയുകയായിരുന്നു. രണ്ടാം പകുതിയുടെ അവസാന നിമിഷവും ഗോളെന്നുറച്ച അവസരം ചെന്നൈയ്ൻ നഷ്ടപ്പെടുത്തി. സമനിലയോടെ 25 പോയിന്റുമായി കേരളം അഞ്ചാം സ്ഥാനത്ത് തുടരുകയാണ്. ബംഗളൂരുവിൽ ബംഗളൂരുവിനെതിരെയാണ് കേരളത്തിന്റെ അവസാന മത്സരം. അതിൽ ജയിച്ചാലും കേരളത്തിന്റെ പ്ലേ ഓഫ് സാധ്യത തുലോം കുറവാണ്.
നിലവില്‍ 17 കളികളില്‍നിന്ന് 29 പോയന്റോടെ ചെന്നൈയ്ന് പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തിയിട്ടുണ്ട്. പോയന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് ചെന്നൈയ്ന് മുന്നേറി.