നെടുന്പാശേരി: ചെയ്യാത്ത കുറ്റത്തിനു 20 വർഷം ഒമാനിലെ ജയിലിൽ ശിക്ഷ അനുഭവിച്ചശേഷം ഒമാൻ രാജാവിന്റെ ദയാദാക്ഷിണ്യത്താൽ മോചിതരായ ഷാജഹാനും സന്തോഷും നാട്ടിൽ തിരിച്ചെത്തി. മുംബൈ വഴി ഇൻഡിഗോ വിമാനത്തിൽ എത്തിച്ചേർന്ന ഇരുവരെയും ബന്ധുക്കളും സുഹൃത്തുക്കളും ചേർന്നു നെടുന്പാശേരി വിമാനത്താവളത്തിൽ സ്വീകരിച്ചു. വികാരനിർഭരമായിരുന്നു ഇവരുടെ കൂടിക്കാഴ്ച.
കൊല്ലം മടവൂർ തങ്കക്കല്ല് ഷമീന മൻസിലിൽ ഷാജഹാൻ (50), അന്പലപ്പുഴ വെള്ളൂപ്പറന്പിൽ സന്തോഷ് (45) എന്നിവരാണ് ഇന്നലെ ഉച്ചകഴിഞ്ഞു രണ്ടോടെ നെടുന്പാശേരിയിൽ വിമാനമിറങ്ങിയത്. 20 വർഷം മുൻപു നാല് പാക്കിസ്ഥാനികൾ ചേർന്നു രണ്ടു കാവൽക്കാരെ കൊലപ്പെടുത്തി ഒമാനിലെ ഒരു ബാങ്ക് കൊള്ളയടിച്ച കേസുമായി ബന്ധപ്പെട്ടാണ് ഇരുവരെയും ഒമാൻ കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചത്. പാക്കിസ്ഥാനികളുടെ വധശിക്ഷ നേരത്തെ നടപ്പാക്കിയിരുന്നു.
സന്തോഷ് ഒമാനിൽ ഒരു പൊടിമിൽ സ്ഥാപനത്തിലാണ് ജോലി ചെയ്തിരുന്നത്. തൊട്ടടുത്തുള്ള ഹാർഡ് വെയർ ഷോപ്പിലെ സെയിൽസ്മാനായിരുന്നു ഷാജഹാൻ. ഇവരുടെ കടകളുടെ സമീപത്ത് മറ്റൊരു കടയിൽ ജോലി ചെയ്തിരുന്നവരാണ് ബാങ്ക് കൊള്ളയടിച്ച പാക്കിസ്ഥാനികൾ. കടമുറിയുടെ താക്കോൽ നഷ്ടപ്പെട്ടുപോയതിനാൽ താഴ് മുറിക്കുന്നതിനു സന്തോഷിന്റെ സ്ഥാപനത്തിലുണ്ടായിരുന്ന ഗ്യാസ് കട്ടർ പാക്കിസ്ഥാനികൾ വാങ്ങിയിരുന്നു. ഈ കട്ടർ ഉപയോഗിച്ചാണു ബാങ്കിന്റെ താഴറുത്തത്. ചെറുക്കാൻ ശ്രമിച്ച ബാങ്കിലെ കാവൽക്കാരായിരുന്ന രണ്ട് ഒമാനികളെ കൊലപ്പെടുത്തുകയും ചെയ്തു.
ഒമാൻ പോലീസ് നടത്തിയ അന്വേഷണത്തിൽ കൊള്ള നടത്തുന്നതിനു ഷാജഹാനും സന്തോഷും മറ്റൊരു മലയാളിയായ മാധവനും കൂട്ടുനിൽക്കുകയായിരുന്നുവെന്നു കണ്ടെത്തി. തുടർന്നു മൂവരെയും ജീവപര്യന്തം കഠിനതടവിനു ശിക്ഷിച്ചു. ഇതിൽ മാധവൻ ശാരീരിക അസ്വാസ്ഥ്യത്തെത്തുടർന്നു രണ്ടരവർഷം മുൻപു മോചിതനായിരുന്നു.
ഒമാനിലെ പൊതുപ്രവർത്തകൻ കൂടിയായ മലയാളി ഹബീബ് തയ്യിലാണ് ഇവരുടെ മോചനത്തിനുവേണ്ടി സഹായം ചെയ്തുകൊടുത്തത്. ഹബീബും ഒമാനിൽനിന്ന് ഇവർക്കൊപ്പമെത്തിയിരുന്നു.