കെ. ഇന്ദ്രജിത്ത്
തിരുവനന്തപുരം: സംസ്ഥാനത്തു നിലനിൽക്കുന്ന മുദ്രപത്ര ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായി, ട്രഷറികളിൽ കെട്ടിക്കിടക്കുന്ന ഒന്നു മുതൽ പത്തു വരെ രൂപയുടെ മുദ്രപത്രങ്ങളുടെ മൂല്യം ഉയർത്താൻ സർക്കാർ നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി ഒന്ന്, രണ്ട്, അഞ്ച് രൂപയുടെ മുദ്രപത്രങ്ങൾ 50 രൂപയുടേതിനു തുല്യമാക്കി മുദ്രവച്ചു നൽകും. ഏഴ്, പത്ത് രൂപയുടെ മുദ്രപത്രങ്ങൾ 100 രൂപയുടേതിനു തുല്യമാക്കി നൽകും.
കേരള സ്റ്റാംപ് ഡ്യൂട്ടി ആക്ടിന്റെ റൂൾ ഒൻപതിൽ ഭേദഗതി വരുത്തി ഇതു സംബന്ധിച്ചു ധന വിഭവ സെക്രട്ടറി മിൻഹാജ് ആലം വിജ്ഞാപനം ഇറക്കി. ജില്ലാ ട്രഷറി ഓഫീസർമാർ, സബ് ട്രഷറി ഓഫീസർമാർ എന്നിവരടക്കമുള്ള ഉദ്യോഗസ്ഥർക്കു സ്റ്റാംപ് ഓഫീസർമാരുടെ ചുമതല നൽകിയാണു ഉയർന്ന മൂല്യമുള്ള മുദ്ര പതിച്ചു പത്രം വിൽക്കാൻ അനുമതി നൽകുന്നത്.
സംസ്ഥാനത്തെ രജിസ്ട്രേഷൻ ആവശ്യങ്ങൾക്കു കൂടുതലായി ഉപയോഗിക്കുന്ന 50 രൂപയുടെയും 100 രൂപയുടെയും മുദ്രപത്രങ്ങൾക്കു കടുത്ത ക്ഷാമം അനുഭവപ്പെട്ടുകയാണ്. ജനനം, വിവാഹം, മരണം എന്നിവയുടെ സർട്ടിഫിക്കറ്റുകൾക്കും 50 രൂപയുടെയും 100 രൂപയുടെയും മുദ്രപത്രങ്ങളാണു കൂടുതലായി ഉപയോഗിച്ചു വരുന്നത്. എന്നാൽ, ഇവ ലഭ്യമല്ലാത്ത സാഹചര്യത്തിൽ 500 രൂപയുടെ മുദ്രപത്രങ്ങൾ ഉപയോഗിക്കേണ്ടി വരുന്നു.
ഇതു സർക്കാരിലേക്കു കൂടുതൽ വരുമാനം എത്തിക്കുമെങ്കിലും ജനങ്ങൾക്കു വൻ നഷ്ടമാണു വരുത്തുന്നത്. ഇതിനു പരിഹാരം കാണാനാണു നടപടി. ചെറിയ മൂല്യമുള്ള 50 ലക്ഷത്തിലേറെ മുദ്രപത്രങ്ങൾ ട്രഷറികളിൽ കെട്ടിക്കിടക്കുകയാണ്. 10 രൂപയുടേതു മാത്രം 39.12 ലക്ഷം മുദ്രപത്രങ്ങളാണു സംസ്ഥാനത്തെ വിവിധ ട്രഷറികളിൽ കെട്ടിക്കിടക്കുന്നത്. ഇതിൽ താഴെ തുകയിലുള്ള മുദ്രപത്രങ്ങളുടെ കണക്കെടുപ്പു പൂർത്തിയായി വരുന്നു.
ഒന്ന്, രണ്ട്, അഞ്ച്, ഏഴ് രൂപയുടെ മുദ്രപത്രങ്ങൾ പത്തു ലക്ഷത്തിലേറെ എണ്ണം വരുമെന്നാണു പ്രാഥമികമായി കണക്കാക്കുന്നത്. ഇവ ഉപയോഗിക്കുകവഴി സംസ്ഥാനത്തിനു കോടികളുടെ അധിക വരുമാനം നേടാനാകുമെന്നാണു ധനവകുപ്പു കരുതുന്നത്. ഇത്രയും പത്രങ്ങളുടെ മൂല്യം ഉയർത്തിയുള്ള മുദ്ര പതിക്കുന്നതിനുള്ള സ്റ്റാംപ് ഓഫിസറുടെ അധികാരം രജിസ്ട്രേഷൻ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥർക്കു കൂടി നൽകണമെന്ന ആവശ്യവും സർക്കാർ പരിഗണിച്ചു വരികയാണ്.