എം.വി. വസന്ത്
പാലക്കാട്: വിശപ്പിന്റെ അളവുകോൽ- അത് ഇനി ഇങ്ങനെയായിരിക്കും. പാറയിടുക്കിൽനിന്നും ക്രൈം നന്പറിലേക്കുള്ള ദൂരം. അതിനെ മധുവെന്നു വിളിക്കാം. കറുത്തവന്റെ കൊടുംമരണത്തിനു വിശപ്പിന്റെ ലോകത്തിനു സമ്മാനിക്കാനുള്ളതും ഇതാണ്.
മോഷണക്കുറ്റം ആരോപിച്ചു തല്ലിക്കൊല്ലപ്പെട്ട മധു അട്ടപ്പാടി ആദിവാസികളുടെ വിശപ്പിന്റെ പ്രതീകവും കൂടിയാണ്. ഇനിയെത്ര മധുമാർ ഇവിടെ ജനിക്കുമെന്നതിനപ്പുറം തെരഞ്ഞു കണ്ടുപിടിക്കേണ്ടതു എത്രയെത്ര മധുമാർ ഇവിടെ ജീവിച്ചിരിക്കുന്നുവെന്നതാണ്.
പുറംലോകത്തെ ഭയന്നു പാറയിടുക്കിൽ തള്ളിനീക്കിയ മധുവിന്റെ ജീവിതം വെളിച്ചത്തിലേക്കിറങ്ങിയതു വിശപ്പിന്റെ വിളി സഹിക്കാനാകാതെയാണ്. ഒടുവിൽ നരാധമന്മാരുടെ പേക്കൂത്തുകൾക്കൊടുവിൽ പോലീസിന്റെ 87/18 എന്ന ക്രൈം നന്പറിൽ അന്ത്യവിശ്രമം. മധുവിന്റെ വിശപ്പു മാത്രമല്ല, അട്ടപ്പാടിയിലെ ഒത്തിരിയൊത്തിരി ആദിവാസികളുടെ വിശപ്പുകളും ഇതുപോലെ ക്രൈം നന്പറുകളെ കാത്തിരിക്കുകയാണ്.
പക്ഷേ, ക്രൈം നന്പറുകളിടാത്ത ലോകവും അട്ടപ്പാടിക്കുണ്ട്. യുവാക്കളുടെ എണ്ണം കുറഞ്ഞുവരുന്ന അട്ടപ്പാടിയിൽ ഇവരുടെ തിരോധാനത്തെക്കുറിച്ചോ, ദുരൂഹ മരണങ്ങളെക്കുറിച്ചോ ക്രൈം നന്പറുകളായി രേഖപ്പെടുത്തുന്നില്ലെന്നതും യാഥാർഥ്യം. പരാതിക്കാരില്ലാത്തതിനാൽ പല ദുരൂഹ സംഭവങ്ങളും പോലീസ് രേഖകളിൽ വരുന്നില്ലെന്നാണ് യാഥാർഥ്യം.
അട്ടപ്പാടി കുറുന്പ കടുകുമണ്ണയിൽ ഏഴു വർഷമായി വനത്തിലെ പാറയിടുക്കിലായിരുന്നു മധുവിന്റെ ജീവിതം. അച്ഛൻ മല്ലൻ വർഷങ്ങൾക്കു മുന്പേ മരിച്ചു. പ്രാക്തന ഗോത്ര ഉൗരിലെ വീട്ടിൽ അമ്മയും സഹോദരിമാരുമായിരുന്നു താമസം.
പ്രാഥമിക വിദ്യാഭ്യാസം മാത്രമുള്ള മധു പാലക്കാട് ഭാഗത്തു കെട്ടിടം പണിക്കു പോയിരുന്നെങ്കിലും അവിടത്തെ അക്രമം സഹിക്കവയ്യാതെ ഉൗരിലേക്കു മടങ്ങുകയായിരുന്നു. വനത്തിലെ പാറയിടുക്കിലായി പിന്നത്തെ വാസം. വല്ലപ്പോഴും വീട്ടിലെത്തുന്ന പ്രകൃതമായിരുന്നു മധുവിന്റേത്.
വ്യാഴാഴ്ച രണ്ടേകാലിനാണ് പോലീസിനു വിവരം ലഭിക്കുന്നത്. കള്ളനാണെന്നും കാട്ടിൽനിന്നും പിടികൂടിയതാണെന്നും പറഞ്ഞ് ഒരാളെ മുക്കാലിയിലെ ബസ് കാത്തിരിപ്പുകേന്ദ്രത്തിൽ അവശനിലയിൽ ഇരുത്തിയിരിക്കുന്നു. തുടർന്ന് പോലീസ് വൈദ്യപരിശോധനയ്ക്കായി അഗളി സിഎച്ച്സിയിലേക്കു കൊണ്ടുപോകുന്നു.
താവളം എന്ന സ്ഥലത്തെത്തിയപ്പോൾ ഛർദിച്ചു വാഹനത്തിൽ തളർന്നുവീണ മധുവിന് നാലേകാലോടെ ആശുപത്രിയിലെത്തുന്പോൾ ബോധം നഷ്ടപ്പെട്ടിരുന്നു. തുടർന്ന് ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു.
വിശപ്പിന്റെയും ക്രൈം നന്പറിന്റെയും അപ്പുറത്തേയ്ക്കും മധുവിന്റെ കഥ മല തുരന്നെത്തുന്നു…. അമ്മ മല്ലി മകനെ കാണുന്നതു ഒന്പതാണ്ടുകൾക്കു ശേഷം, അതും ചേതനയറ്റ ശരീരമായി…