പ്രായമായവരുടെയും ആരോഗ്യത്തിനു തക്കാളി ഗുണപ്രദം. തക്കാളിയിലുളള വിറ്റാമിൻ കെയും കാൽസ്യവും എല്ലുകളുടെ കേടുപാടുകൾ തീർക്കുന്നതിനും കരുത്തു കൂട്ടുന്നതിനും സഹായകം. തക്കാളിയിലുളള ലൈകോപീൻ എന്ന ആന്റിഓക്സിഡൻറ് ബോണ് മാസ് കൂട്ടി ഓസ്റ്റിയോപൊറോസിസ് സാധ്യത കുറയ്ക്കുന്നു. എല്ലുകളുടെ കട്ടികുറഞ്ഞ് ദ്രവിച്ച് പൊട്ടാനും ഒടിയാനുമുളള സാധ്യത കുറയ്ക്കുന്നു, എല്ലുകളുടെ ബലക്ഷയം കുറയ്ക്കുന്നു.
പ്രമേഹനിയന്ത്രണത്തിന്
പ്രമേഹബാധിതർക്കു രക്തത്തിലെ പഞ്ചസാരയുടെ തോതു നിയന്ത്രിതമാക്കാൻ തക്കാളി ചേർത്ത ഭക്ഷണം സഹായകം. തക്കാളിയിലുളള ക്രോമിയം, നാരുകൾ എന്നിവയും ഷുഗർ നിയന്ത്രിതമാക്കുന്നു.
തക്കാളിയിലെ ആന്റിഓക്സിഡൻറുകൾ വൃക്കകളുടെ ആരോഗ്യസംരക്ഷണത്തിനു സഹായകം. പ്രമേഹബാധിതരെ വൃക്കരോഗങ്ങളിൽ നിന്ന് അകറ്റിനിർത്തുന്നതിന് അതു ഗുണപ്രദം. തക്കാളിക്കു കലോറി കുറവായതിനാൽ ശരീരഭാരം കുറയ്ക്കുന്നതിനും സഹായകം.
കാൻസർസാധ്യത കുറയ്ക്കാൻ
തക്കാളി ശീലമാക്കിയാൽ പ്രോസ്റ്റേറ്റ് കാൻസർസാധ്യത കുറയ്ക്കാമെന്ന് ചില പഠനങ്ങൾ. ശ്വാസകോശം, ആമാശയം, വായ, തൊണ്ട, കുടൽ തുടങ്ങിയ അവയവങ്ങളിലെയും കാൻസർസാധ്യത കുറയ്ക്കാം. തക്കാളിയിലെ ലൈകോപീൻ എന്ന ആന്റി ഓക്സിഡൻറാണ് ഈ സിദ്ധിക്കു പിന്നിൽ.
സ്ളിം ആകാൻ
തൂക്കം കുറച്ച് സ്ളിം ആകാൻ പദ്ധതിയിടുന്നവർ ആഹാരക്രമത്തിൽ തക്കാളി കൂടുതൽ ഉൾപ്പെടുത്തണമെന്ന് നിർദേശിക്കാറുണ്ട്. തക്കാളിയിൽ കൊഴുപ്പു കുറവാണ്. കൊളസ്ട്രോൾ ഇല്ല. ജലാംശവും നാരുകളും ധാരാളം. അതിനാൽ സാലഡുകളിൽ ചേർത്തു കഴിച്ചാൽ വളരെവേഗം വയറുനിറയും. അധിക കലോറി ഭക്ഷണം കഴിക്കുന്നത് അങ്ങനെ ഒഴിവാക്കാം. അതു ശീലമാക്കിയാൽ ക്രമേണ തൂക്കം കുറയും. ആപ്പിളിനൊപ്പം സാലഡിൽ ചേർത്തു കഴിക്കാം.
ബിപി നിയന്ത്രിക്കാൻ
തക്കാളിയിൽ പൊട്ടാസ്യം ധാരാളം. രക്തസമ്മർദം (ബിപി) നിയന്ത്രിതമാക്കുന്നതിനു പൊട്ടാസ്യം സഹായകം. സോഡിയം അടങ്ങിയ ഭക്ഷണം അമിതമായി കഴിക്കുന്പോഴാണ് രക്തസമ്മർദം നിയന്ത്രണാതീതമാകുന്നത്. ശരീരത്തിൽ അധികമായുളള സോഡിയം പുറന്തളളുന്നതിനും പൊട്ടാസ്യം സഹായകം. രക്തസമ്മർദം നിയന്ത്രിതമാകുന്നതിലൂടെ ഹൃദയാരോഗ്യം സംരക്ഷിക്കാം.
ഹൃദയാരോഗ്യത്തിന്
തക്കാളിയിലുളള ലൈകോപീൻ, വിറ്റാമിൻ എ, സി, നാരുകൾ, കരോട്ടിനോയ്ഡുകൾ എന്നിവയുടെ യോജിച്ചുളള പ്രവർത്തനങ്ങളും ഹൃദയരോഗസാധ്യത കുറയ്ക്കുന്നു. ശരീരവേദന കുറയ്ക്കുന്നതിന് തക്കാളിയിലെ ആൻറി ഇൻഫ്ളമേറ്ററി ഏജൻറുകളായ ബയോ ഫ്ളേവോനോയ്ഡുകളും കരോട്ടിനോയ്ഡുകളും സഹായകം. തക്കാളിയിലുളള ലൈകോപീൻ, വിറ്റാമിൻ സി എന്നിവ സുഖനിദ്ര സമ്മാനിക്കുന്നു.
പക്ഷേ, ഗുണകരമാണെന്നു കരുതി അമിതമായി കഴിക്കരുത്. ആസിഡിന്റെ തോത് കൂടുതലായതിനാൽ തക്കാളി അമിതമായി കഴിച്ചാൽ നെഞ്ചെരിച്ചിലിനു സാധ്യതയുണ്ട്. വീട്ടുവളപ്പിൽ കീടനാശിനി സാന്നിധ്യമില്ലാതെ വിളഞ്ഞ തക്കാളിയാണ് ആരോഗ്യദായകമെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ.