ഇന്നലെ ഞാൻ കരഞ്ഞു. രണ്ടു തവണ ആരും കാണാതെ മാറിയിരുന്നു കരഞ്ഞു. ഇത്തിരി ചോറു കൊടുക്കുന്നതിനുപകരം തല്ലിക്കൊന്നു കളഞ്ഞ ആദിവാസി യുവാവ് മധുവിന്റെ മുഖം എന്റെ മനസിൽനിന്നു മായുന്നില്ല. ഇതെനിക്കു സഹിക്കാവുന്നതിനപ്പുറമാണ്. അവന്റെ വേദന എനിക്കു മനസിലാകുന്നുണ്ട് അഞ്ചു പതിറ്റാണ്ടായി വിശക്കുന്നവന്റെ കൂടെ നടന്നു നടന്ന് എനിക്കിപ്പം അവരു പറയുന്നതു മനസിലാകും.
മധു ഒരു ഓർമപ്പെടുത്തലാണ്. ഇങ്ങനെയൊന്നും ചെയ്യരുത്. ആരു വിശന്നാലും ആഹാരം കൊടുക്കണം. തല്ലിയവരിലും കളിയാക്കിയവരിലും ഫോട്ടോയെടുത്തവരിലും ആർക്കും ഒരാൾക്കുപോലും തോന്നിയില്ലല്ലോ. ഇത്തിരി ഭക്ഷണം കൊടുക്കാൻ. എന്താ നമുക്കു പറ്റിയത്. മധുവിന്റെ ദേഹത്തോട്ടു നോക്കിയാൽ നമുക്കു മനസിലാകില്ലേ അവന്റെ ശരീരത്തിന്റെയും മനസിന്റെയുമൊക്കെ രോഗകാരണം വെറും വിശപ്പു മാത്രമാണെന്ന്.
എന്നിട്ടെന്താ ആരും അതൊന്നു ചോദിക്കുക പോലും ചെയ്യാതിരുന്നത്. അവന്റെ സഞ്ചിയിലെ മോഷണവസ്തുക്കൾ കണ്ടിട്ടുപോലും ഒരാളുടെയും ചങ്കു തകർന്നില്ലല്ലോ. ആ മുഖത്തെ ദൈന്യത നമ്മെ മാറ്റുന്നില്ലെങ്കിൽ എന്തൊരു കട്ടിയാണ് നമ്മുടെ മനസിനെന്നാ അർഥം. അത് അപകടമാണ്.
52 കൊല്ലം മുന്പ് കോട്ടയം ജില്ലാ ആശുപത്രിയിൽ വിശന്നു തളർന്നിരുന്ന രാമചന്ദ്രന്റെ മുഖമാണ് അഗളിയിലെ മധുവിന്. രാമചന്ദ്രന് എന്റെ ചോറിന്റെ പകുതി കൊടുത്തു. എന്റെ ദൈവമേ അയാളുടെ സന്തോഷം ഒന്നു കാണേണ്ടതായിരുന്നു. അമ്മയോടു പറഞ്ഞു ഇനി ചോറു കൊണ്ടുവരുന്പം ഒരു പൊതി കൂടുതൽ വേണമെന്ന്. പിന്നെ രാമചന്ദ്രന് പ്രത്യേകം പൊതിയായി.
ഞാനന്ന് വയറുവേദനയ്ക്കു ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഞങ്ങൾക്കു രണ്ടു പേർക്കും ഒരു ദിവസമായിരുന്നു ഓപ്പറേഷൻ. ഞാൻ സുഖപ്പെട്ടയുടനെ രാമചന്ദ്രനെ തിരക്കി. അയാൾ മരിച്ചുപോയെന്ന് മറ്റുള്ളവർ പറഞ്ഞ് അറിഞ്ഞു. എനിക്കു സങ്കടം സഹിക്കാൻ പറ്റാതായി. ഉറങ്ങാൻ ബുദ്ധിമുട്ടായിരുന്നു. അന്നു ഞാൻ തീരുമാനിച്ചു. ഇങ്ങനെ കുറച്ചു മനുഷ്യർക്കു ഭക്ഷണം കൊടുക്കുന്നതിനേക്കാൾ വലിയ ജോലി എന്താ ഉള്ളത്.
പിന്നെ ഞാൻ വിശക്കുന്നവർക്കു ഭക്ഷണം കൊടുത്തു തുടങ്ങി. ഇത്തിരി ഉണക്കമീൻ വറുത്തതും മാങ്ങാ ചമ്മന്തിയും എന്തെങ്കിലും ചാറുകറിയും ഉണ്ടായിരുന്നു. വിശന്നിരിക്കുന്നവർ അതു രണ്ടു കൈയും നീട്ടി വാങ്ങുന്നതും ആർത്തിയോടെ കഴിക്കുന്നതും പങ്കുവച്ചു തിന്നുന്നതുമൊക്കെ കണ്ട എനിക്ക് ജീവനുള്ളിടത്തോളം കാലം ഇതു ചെയ്യാതിരിക്കാനാവില്ല.
1969-ൽ മെഡിക്കൽ കോളജിൽ ഭക്ഷണവിതരണം തുടങ്ങി. അന്നു കോട്ടയത്ത് എംബിബിഎസ് മൂന്നാം വർഷ വിദ്യാർഥിയായിരുന്ന ഡോ. പ്രതാപൻ നായരെ ഞാൻ മറക്കില്ല. അദ്ദേഹത്തോടൊപ്പമാണ് ഞാൻ ഒത്തിരി രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം കൊടുത്തത്. അദ്ദേഹം പിന്നീട് ഇ.എൻ.ടിയിൽ വല്യ മിടുക്കനായി. കോട്ടയം മെഡിക്കൽ കോളജിലും അമൃതയിലും ഒത്തിരി രോഗികൾക്ക് ആശ്വാസമായി.
ഡോ. വി.പി. ഗംഗാധരൻ ഉൾപ്പെടെ എത്ര ഡോക്ടർമാരാണ് പാവങ്ങൾക്കു ചോറു കൊടുക്കാൻ എന്റെ കൂടെ ഉണ്ടായിരുന്നത്. ഇന്നും മെഡിക്കൽ കോളജിലെ ഡോക്ടർമാരും നഴ്സുമാരും മറ്റു സ്റ്റാഫുമൊക്കെ ഉൾപ്പെടെ സഹായിച്ചുകൊണ്ടിരിക്കുന്നവർ ഏറെയാണ്.
കോട്ടയത്തിനടുത്ത് ഡോ. ജയകുമാറൊക്കെ താമസിച്ചിരുന്ന പി.സി. ലോഡ്ജിലെ ഒരു മുറിയായിരുന്നു ഞങ്ങളുടെ ആദ്യസങ്കേതം. ഡോക്ടർ വലിയ സഹായമായിരുന്നു.
മെഡിക്കൽ കോളജിനു പരിസരത്തെ വെയിസ്റ്റ് കൂട്ടിയിട്ടിരിക്കുന്ന സ്ഥലത്തുനിന്നു അഴുകിത്തുടങ്ങിയ ഭക്ഷണം കൊതിയോടെ വാരിത്തിന്ന മനുഭായി എന്റെ ജീവിതത്തിൽ മറ്റൊരു വഴിത്തിരിവായിരുന്നു. അവൾ ഗർഭിണിയുമായിരുന്നു. നല്ല ഭക്ഷണവും പരിചരണവുമൊക്കെ വേണ്ട സമയമല്ലേ. രാജസ്ഥാൻകാരിയായിരുന്നു. വിശന്നു ഭ്രാന്തുപിടിച്ചു നടക്കുന്ന പാവങ്ങൾക്ക് നാടും രാജ്യവും ജാതിയും മതവുമൊന്നുമില്ല. അവരുടെ ഭാഷ മനസിലാക്കാനും ഒരു പ്രയാസവുമില്ല. ഞാനവളെ കൂട്ടിക്കൊണ്ടുപോയി ഭക്ഷണം കൊടുത്തു.
വിശക്കുന്നവരും ഉപേക്ഷിക്കപ്പെട്ടവരും മാനസികരോഗികളുമായ മനുഷ്യരെ കാണുന്പോൾ ആളുകൾ എന്നെ വിളിക്കും. ഒന്നും നോക്കില്ല ഞാൻ വിളിച്ചുകൊണ്ടുപോകും. ആളുകൾ അടുക്കില്ലാത്തതരം സ്വഭാവമുള്ള മാനസികരോഗികൾക്ക് ഞാൻ ആദ്യം ലഡുവോ ജിലേബിയോ ഒക്കെ കൊടുക്കും. പിന്നെ ദിവസങ്ങൾക്കുള്ളിൽ അവർ എന്റെ കൂട്ടുകാരാകും.
5000-ൽ ഏറെപ്പേർക്ക് ഓരോ ദിവസവും ഭക്ഷണം കൊടുക്കുന്നുണ്ട് ഇപ്പോൾ. 317 പേരെ ഞങ്ങൾ നവജീവനിൽ സംരക്ഷിക്കുന്നു. അതിൽ 200 പേരും മാനസികരോഗികളാണ്. ഒത്തിരി തടസങ്ങളുണ്ട്. ദൈവം നടത്തും. ഓരോ ദിവസവും ആരെങ്കിലും എന്നെ വിളിച്ചുതരും.
ഞാനതു വച്ചു വിളന്പി ആവശ്യക്കാർക്കു കൊടുക്കും. വിശക്കുന്നവരെ തല്ലിക്കൊല്ലുന്നവർ കുറവല്ലേ. കൂടുതൽ ആളുകളും സഹായിക്കുന്നവരാണ്. അതുകൊണ്ടാ നവജീവൻ ട്രസ്റ്റ് മുന്നോട്ടു പോകുന്നത്. ഞാൻ ഭക്ഷണം കൊടുക്കുന്നതു കണ്ട് യുവാക്കളുൾപ്പെടെ നിരവധി പേർ ഈ മാർഗം സ്വീകരിച്ചിട്ടുണ്ട്. അവർ കേരളത്തിന്റെ പല ഭാഗങ്ങളിലും പാവങ്ങളെ സഹായിക്കുകയാണ്.
മധുവിന്റെ കാര്യം പറയുന്പോൾ ഒന്നുകൂടി. തെരുവിലെ ആളുകളെയും വിശക്കുന്നവരെയും അന്വേഷിച്ചു നടക്കുന്നതു മാത്രമല്ല കാര്യം. നമ്മുടെ പലരുടെയും വീട്ടിലുണ്ട് വിശക്കുന്നവർ. കാര്യം പറയുന്പോൾ എന്നോടു പരിഭവിക്കരുത്. എന്റെ കൂടെ ജീവിക്കുന്ന പലരുടെയും മക്കൾ നല്ല നിലയിൽ ജീവിക്കുന്നവരാണ്. മക്കളുടെ കൂടെ ഒരേ മേശയിൽ ഇരുന്ന് അത്താഴം കഴിക്കാൻ കൊതിയോടെ കാത്തിരിക്കുന്നവർ.
മക്കൾ ഒരിക്കലും വിളിക്കില്ലെന്ന് അവർക്കറിയാം. എന്നിട്ടും കാത്തിരിക്കുന്ന മനുഷ്യർ. അങ്ങനെ ചിലരൊക്കെ നവജീവന്റെ മേൽക്കൂരയ്ക്കു കീഴിൽ മരിച്ചിട്ടുണ്ട്. നല്ല നിലയിൽ ജീവിക്കുന്ന മക്കളുണ്ടായിട്ടും കോട്ടയം കഞ്ഞിക്കുഴിയിലെ പൊതുശ്മശാനത്തിൽ ഞാൻ അവരെ സംസ്കരിച്ചു. സ്വന്തം മാതാപിതാക്കൾക്ക് നല്ല ഭക്ഷണം കൊടുക്കാതിരുന്നിട്ട് വല്യ വർത്തമാനം പറയുന്നവരെക്കുറിച്ച് ഇപ്പോൾ പറയുന്നില്ല. അതും നമ്മൾ തിരിച്ചറിയണം. തെരുവിൽ മാത്രമല്ല. നമ്മുടെ വീടുകളിലുമുണ്ട് വിശക്കുന്നവർ.
നിങ്ങളോട് എനിക്ക് ഒന്നേ പറയാനുള്ളു. മധുവിന്റെ ദയനീയ മുഖം മറക്കരുത്. മനുഷ്യരായതുകൊണ്ടാ നമുക്കു കരച്ചിൽ വരുന്നത്. പക്ഷേ, കണ്ണീരുണങ്ങുന്പോൾ ഫേസ്ബുക്കിലെ എഴുത്തും നിർത്തി സമാധാനിക്കുന്നതല്ല മനുഷ്യത്വം. വിശക്കുന്നവർക്ക് ചോറു കൊടുക്ക്- അതിലും വലിയ വിപ്ലവവും സാമൂഹിക പ്രവർത്തനവുമൊന്നുമില്ല. എഴുതി പ്രതികരിക്കാൻ വിഷമമില്ല. ഒരുനേരം ഭക്ഷണം വാങ്ങിക്കൊടുത്തു നോക്കൂ, മനസിന് എന്തൊരു സുഖമാണെന്ന്.
ജോസ് ആൻഡ്രൂസ്