തിരുവനന്തപുരം: നടി ശ്രീദേവിയുടെ മരണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ശ്രീദേവിയുടെ ആകസ്മിക വേർപാട് വ്യസനകരമാണെന്നും ഇന്ത്യൻ ചലച്ചിത്ര ലോകത്തിന് അപരിഹാര്യ നഷ്ടമാണെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിൽ പറഞ്ഞു.
അഞ്ചു ദശാബ്ദം ഇന്ത്യൻ സിനിമയിൽ നിറഞ്ഞു നിന്ന ശ്രീദേവിയുടെ ആകസ്മിക വേർപാട് വ്യസനകരമാണ്. ബാലതാരമായി മലയാളിക്ക് മുന്നിലെത്തിയ ശ്രീദേവി ചലച്ചിത്രാസ്വാദകർക്ക് എക്കാലത്തും ഹൃദയത്തിൽ സൂക്ഷിക്കാനുള്ള അഭിനയ മുഹൂർത്തങ്ങൾ സമ്മാനിച്ചിട്ടുണ്ട്. വ്യത്യസ്ത ഭാഷകളിൽ അനേകം അനശ്വര കഥാപാത്രങ്ങളെ അവതരിപ്പിച്ച ശ്രീദേവിയുടെ അകാല നിര്യാണം ഇന്ത്യൻ ചലച്ചിത്ര ലോകത്തിന് അപരിഹാര്യ നഷ്ടമാണ്- മുഖ്യമന്ത്രി കുറിച്ചു.
ശനിയാഴ്ച രാത്രി ദുബായിയിലാണ് ശ്രീദേവി അന്തരിച്ചത്. ഒരു സ്വകാര്യ ചടങ്ങുമായി ബന്ധപ്പെട്ട് വിദേശത്തെത്തിയ ശ്രീദേവിയെ ഹൃദയാഘാതത്തിന്റെ രൂപത്തിൽ മരണം കവർന്നെടുക്കുകയായിരുന്നു. ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലായി മൂന്നൂറിലധികം ചിത്രങ്ങളിൽ ശ്രീദേവി വേഷമിട്ടിട്ടുണ്ട്.