മലയാളത്തിന്റെ താരരാജാക്കന്മാർ ഇരുവരും ഇതിഹാസ പുരുഷന്മാരായി എത്താനുള്ള അങ്കം തുടങ്ങിക്കഴിഞ്ഞു. വന്പൻ ബജറ്റിൽ വലിയ താരനിരയിലൊരുങ്ങുന്ന രണ്ടു ചിത്രങ്ങളിലൂടെയാണ് മമ്മൂട്ടിയും മോഹൻലാലും പ്രേക്ഷകരെ വിസ്മയിപ്പിക്കാനൊരുങ്ങുന്നത്.
നവാഗതനായ സജീവ് എസ്. പിള്ള സംവിധാനം ചെയ്യുന്ന മാമാങ്കത്തിൽ ചാവേറായി പൊരുതി മരിക്കാൻ വിധിക്കപ്പെട്ട യോദ്ധാവായാണ് മമ്മൂട്ടി എത്തുന്നത്. അതേസമയം റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന കായംകുളം കൊച്ചുണ്ണിയിൽ ഇത്തിക്കരപക്കി എന്ന നന്മയുള്ള കള്ളന്റെ വേഷത്തിലൂടെ മോഹൻലാലും വെള്ളിത്തിരയിലെത്തുകയാണ്.
ഇരുവരുടേയും നടനമാന്ത്രികതയ്ക്കൊപ്പം സാങ്കേതികവിദ്യയുടെ പുത്തൻ വാതായനങ്ങൾ കൂടി തുറക്കുന്പോൾ ഇരുചിത്രങ്ങളും മലയാള സിനിമയിൽ ചരിത്രംകുറിക്കുമെന്ന് ഉറപ്പ്. തങ്ങളുടെ കരിയറിലെ ഏറ്റവും വലിയ മുതൽ മുടക്കിലുള്ള ചിത്രങ്ങളിലാണ് ഇരുവരും എത്തിയിരിക്കുന്നത്. മംഗലാപുരത്താണു രണ്ടു സിനിമക ളുടെയും ചിത്രീകരണം.
നാവാമണപ്പുറത്തു പന്ത്രണ്ടു വർഷത്തിലൊരിക്കൽ അരങ്ങേറിയിരുന്ന മാമാങ്കവും അവിടെ വീരമൃത്യുവരിച്ച ചാവേറുകളുടേയും കഥയെ പുനരാവിഷ്കരിക്കുകയാണ് മാമാങ്കം എന്ന സിനിമ. മാമാങ്കം നടത്തിപ്പോന്നിരുന്ന വള്ളുവക്കോനാതിരിയുടെ അവകാശം കോഴിക്കോട് സാമൂതിരി തട്ടിയെടുത്തു.
പക്ഷേ, സാമൂതിരി ശക്തനായതിനാൽ നേരിട്ട് എതിർക്കാൻ കോനാതിരിക്കു സാധിക്കുമായിരുന്നില്ല. അതിനാൽ, അദ്ദേഹം മാമാങ്ക ആഘോഷത്തിനിടെ സാമൂതിരിയെ വധിക്കാനായി മരണംവരെയും പോരാടാൻ സന്നദ്ധരായ ധീരയോദ്ധാക്കളെ തെരഞ്ഞെടുത്ത് അയച്ചു. ഇങ്ങനെ അയയ്ക്കപ്പെട്ടവരാണ് ചാവേറുകൾ.
അടൂർ ഗോപാലകൃഷ്ണന്റെ സംവിധാന സഹായിയായിരുന്ന സജീവ് എസ് പിള്ള പന്ത്രണ്ടുവർഷത്തെ ഗവേഷണത്തിനു ശേഷമാണ് മാമാങ്കത്തിന്റെ രചന ഒരുക്കി സംവിധാനം ചെയ്യുന്നത്. 36 വർഷത്തെ തന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമെന്നാണ് മമ്മൂട്ടിയും ഈ ചിത്രത്തെ വിശേഷിപ്പിച്ചത്. 50 കോടിയിലധികം മുതൽമുടക്കിലൊരുങ്ങുന്ന ചിത്രം നിർമ്മിക്കുന്നത് കാവ്യ ഫിലിംസിന്റെ ബാനറിൽ വേണു കുന്നപ്പള്ളിയാണ്.
നിവിൻ പോളിയെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന കായംകുളം കൊച്ചുണ്ണിയിലെ മോഹൻലാലിന്റെ അതിഥി വേഷമാണ് ഇത്തിക്കരപക്കി. കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിലൂടെയും പല അതികായന്മാർ പറഞ്ഞുപോയ കഥകളിലൂടെയും പരിചിതമാണ് കായംകുളം കൊച്ചുണ്ണിയും കൂട്ടുകാരൻ ഇത്തിക്കര പക്കിയും. പത്തൊന്പതാം നൂറ്റാണ്ടിൽ മധ്യതിരുവിതാംകൂറിന്റെ പശ്ചാത്തലത്തിലാണ് കൊച്ചുണ്ണിയുടെ കഥ വികസിക്കുന്നത്.
ഇരുപത് മിനിട്ടു മാത്രം സിനിമയിൽ പ്രത്യക്ഷപ്പെടുന്നുള്ളുവെങ്കിലും ഏറെ നിർണായകമായ വേഷമാണ് മോഹൻലാലിന്റേത്. മുഹമ്മദ് അബ്ദുൾ ഖാദർ എന്ന ഇത്തിക്കര പക്കി കൊച്ചുണ്ണിയുടെ ഉറ്റ സുഹൃത്തും തികഞ്ഞ ഒരു കള്ളനുമാണ്. കൊല്ലം ജില്ലയിൽ താമസിച്ചിരുന്ന ഇദ്ദേഹം പണക്കാരുടെ മുതൽ അപഹരിച്ച് പാവപ്പെട്ടവർക്കും അയൽവാസികൾക്കും വീതിച്ചുകൊടുത്തിരുന്നു. എവിടെയും ഞൊടിയിടയിലെത്തുന്ന പക്കിയുടെ വേഗമാണ് ആ പേര് അദ്ദേഹത്തിനു സമ്മാനിച്ചത്.
മുഴുനീള വേഷമെന്നതിനപ്പുറം മലയാളികളുടെ മനസിൽ എന്നും ഓർത്തിരിക്കുന്ന മോഹൻലാൽ കഥാപാത്രമാകും ഇത്തിക്കര പക്കിയെന്ന് അണിയറപ്രവർത്തകർ ഉറപ്പു നൽകുന്നുണ്ട്. ഏറെ ചരിത്ര ഗവേഷണത്തിനും പഠനത്തിനും ശേഷമാണ് ഈ ചിത്രവും തയാറാക്കുന്നത്. ഗോകുലം ഫിലിംസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന കായംകുളം കൊച്ചുണ്ണി 45 കോടിയോളം മുതൽ മുടക്കിലാണ് നിർമ്മിക്കുന്നത്. ബോബി -സഞ്ജയ് ടീം രചന ഒരുക്കുന്നു.
വലിയ കാൻവാസിൽ പഴയ കാലഘട്ടത്തെ പുനർസൃഷ്ടിച്ചാണ് ഇരു ചിത്രങ്ങളും കഥ പറയുന്നത്. കൂറ്റൻ സെറ്റുകളും സജ്ജീകരണങ്ങളും ചിത്രങ്ങളുടെ ഹൈലൈറ്റാണ്. മികച്ച വി.എഫ്.എക്സും ഒപ്പം ചേരുന്പോൾ ദൃശ്യമാമാങ്കമായി ഇരു ചിത്രങ്ങളും മാറുമെന്നതിൽ തർക്കമില്ല.
കൊച്ചുണ്ണിയുടെ ചിത്രീകരണം ഉഡുപ്പിയിൽ തുടങ്ങിയാണ് മംഗലാപുരത്തേക്ക് എത്തിയത്. ബോളിവുഡ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ബിനോദ് പ്രധാനാണ് കായംകുളം കൊച്ചുണ്ണിയുടെ ഛായാഗ്രാഹകൻ. ദക്ഷിണാഫ്രിക്കൻ സംഘമടങ്ങുന്ന ടീമാണ് ഏഴോളം ആക്ഷൻ സീനുകൾ ഒരുക്കുന്നത്.
ധൂം 2, ഡിഷ്യും, മുംബൈ പോലീസ്, റേസ് എന്നീ ചിത്രങ്ങളുടെ ആക്ഷൻ ഡയറക്ടർ അല്ലൻ അമിൻ, ബോളിവുഡ് പ്രൊഡക്ഷൻ ഡിസൈനർ സുനിൽ ബാബു, സംഗീത സംവിധായകൻ ഗോപി സുന്ദർ എന്നിങ്ങനെ വലിയൊരു ടീമാണ് കൊച്ചുണ്ണിയുടെ പിന്നിലുള്ളത്. പ്രിയ ആനന്ദ് നായികയായി എത്തുന്ന ചിത്രത്തിൽ സണ്ണി വെയ്ൻ, ബാബു ആന്റണി തുടങ്ങിയവരുമുണ്ട്.
മാമാങ്കത്തിലെ മമ്മൂട്ടിയുടെ അപ്പിയറൻസ് ഇതുവരെ പുറത്തു വിട്ടിട്ടില്ല. കർഷകവേഷത്തിലും സ്ത്രൈണഭാവത്തിലും ഉൾപ്പെടെ നാലു ഗെറ്റപ്പിലാണ് മമ്മൂട്ടി എത്തുന്നത്. 100 ദിവസത്തിലധികമാണ് മമ്മൂട്ടിയുടെ ഡേറ്റ്. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിൽ മൊഴിമാറ്റിയെത്തുന്ന ചിത്രം മലേഷ്യ, ഇന്തോനേഷ്യ തുടങ്ങിയിടങ്ങളിലും റിലീസ് ചെയ്യും.
എണ്പതോളം നടീനടന്മാർ അണി നിരക്കുന്ന ചിത്രത്തിൽ അഞ്ചു നായികമാരും തമിഴിലെ പ്രശസ്ത യുവതാരവും എത്തുന്നു. ചിത്രത്തിൽ ദേവദാസി കഥാപാത്രമാകുന്നത് ബോളിവുഡ് നായികയാണ്. നീരജ് മാധവ്, ക്യൂൻ ഫെയിം ധ്രുവൻ എന്നിവരും പ്രധാന കഥാപാത്രങ്ങളാണ്.
മലയാളത്തിലേക്കു ഹോളിവുഡ് സ്പർശം എത്തിക്കാനുള്ള ശ്രമമാണ് മാമാങ്കം. ബാഹുബലി 2, ഈച്ച, മഗധീര, അരുന്ധതി ചിത്രങ്ങളുടെ വിഎഫ് എക്സ് വിദഗ്ധൻ ആർ.സി കമലക്കണ്ണൻ, ബാഹുബലി, വിശ്വരൂപം ചിത്രങ്ങളുടെ സ്റ്റണ്ട് നിർവഹിച്ച വിദേശിയായ കെച്ച, നൂറ്റാണ്ടുകളുടെ പഴക്കമുള്ള വസ്ത്രമൊരുക്കാൻ അനുവർദ്ധൻ, തെന്നിന്ത്യയിലെ പ്രശസ്ത കാമറമാൻ ജിം ഗണേഷ് തുടങ്ങിയവർ മാമാങ്കത്തിനു പിന്നിലുണ്ട്.
വൻ ജനക്കൂട്ടമുൾപ്പെടുന്ന രംഗങ്ങളും കളരി അടിസ്ഥാനമാക്കിയുള്ള ആയോധന മുറകളും ചിത്രത്തിന്റെ ഹൈലൈറ്റാണ്. മാമാങ്കം എന്ന ടൈറ്റിൽ നവോദയ സന്തോഷപൂർവം നൽകിയെങ്കിലും പഴയ സിനിമ മാമാങ്കവുമായി ഈ ചിത്രത്തിനു യാതൊരുവിധ ബന്ധവുമില്ലെന്ന് സജീവ് എസ് പിള്ള പറയുന്നു.