തിരുവനന്തപുരം: കെ.എം.മാണിയോടും കേരള കോണ്‍ഗ്രസിനോടുമുള്ള സമീപനത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മൃദുനിലപാടിനു മറുപടിയുമായി സിപിഐ സെക്രട്ടറി കാനം രാജേന്ദ്രൻ. അഴിമതിക്കു വലിപ്പച്ചെറുപ്പമില്ലെന്നും ഇത്തരം പ്രസ്താവനകളിലൂടെ അഴിമതിവിരുദ്ധ പോരാട്ടം ദുർബലപ്പെടുത്തരുതെന്നും കാനം ആവശ്യപ്പെട്ടു.
അഴിമതിക്കു ഡിഗ്രിയില്ല. വലിപ്പം കൂടിയാലും കുറഞ്ഞാലും അഴിമതി അഴിമതി തന്നെയാണ്. അഴിമതിവിരുദ്ധതയുടെ പേരിൽ അധികാരത്തിലെത്തിയ സർക്കാരാണിത്. ഇത്തരം പ്രസ്താവനകളിലൂടെ അഴിമതിവിരുദ്ധ പോരാട്ടം ദുർബലപ്പെടുത്തരുത്- കാനം പറഞ്ഞു. സിപിഐ നിഴൽയുദ്ധം നടത്താറില്ലെന്നും കാര്യങ്ങൾ നേരിട്ടു പറഞ്ഞാണ് ശീലമെന്നും കാനം വ്യക്തമാക്കി.
കോണ്‍ഗ്രസിനേക്കാൾ അഴിമതിക്കാരല്ല, കേരള കോണ്‍ഗ്രസെന്നായിരുന്നു കോടിയേരിയുടെ പരാമർശം. കോണ്‍ഗ്രസിനോടുള്ള നയമല്ല കേരള കോണ്‍ഗ്രസിനോടുള്ളത്. കോണ്‍ഗ്രസുമായി കൂട്ടുകെട്ട് അസാധ്യമാണ്. ആ മുന്നണിയുമായി രാഷ്ട്രീയപരമായി യോജിപ്പില്ല. യുഡിഎഫിനെ ശിഥിലമാക്കുകയാണ് സിപിഎമ്മിന്റെ ലക്ഷ്യമെന്നും കോടിയേരി പറഞ്ഞു.
സിപിഐ നിഴൽയുദ്ധം നടത്തുകയാണ്. തർക്കങ്ങളുണ്ടെങ്കിൽ നേരിട്ടു പറയുകയാണ് വേണ്ടത്. മാണി എൽഡിഎഫിലേക്കു വരുമെന്നു പറഞ്ഞിട്ടില്ല. ചർച്ചയുടെ പ്രസക്തി അദ്ദേഹം താത്പര്യമറിയിച്ചാൽ മാത്രമാണെന്നും കോടിയേരി കൂട്ടിച്ചേർത്തു.