നരേന്ദ്ര മോദിയെന്ന ഗുജറാത്തില്‍ മാത്രം വേരുകളുണ്ടായിരുന്ന നേതാവ് ദേശീയ ബ്രാന്‍ഡായി പ്രതിഷ്ടിക്കപ്പെട്ടത് എങ്ങനെയാണ്. അതിവിദഗ്ധമായ മാര്‍ക്കറ്റിംഗ് തന്ത്രങ്ങള്‍ കൂടി ഒത്തുചേര്‍ന്നപ്പോഴാണ് 2014ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മോദിയെന്ന വികാരം ഇന്ത്യയെ ഇളക്കി മറിച്ചത്. ബിജെപിയുടെയും മോദിയുടെയും മാത്രം കഴിവായിരുന്നില്ല ഇത്തരമൊരു തരംഗത്തിനു പിന്നില്‍. തെരഞ്ഞെടുപ്പ് രംഗത്തെ ചാണക്യനെന്ന് വിശേഷിപ്പിക്കുന്ന പ്രശാന്ത് കിഷോറായിരുന്നു തിരശീലയ്ക്കു പിന്നിലിരുന്നു കരുക്കള്‍ നീക്കിയത്.
ലോക്‌സഭ തെരഞ്ഞെടുപ്പിനുശേഷം ബിജെപിയുമായി വഴിപിരിഞ്ഞ പ്രശാന്ത് വീണ്ടും താമരപ്പാളയത്തിലേക്ക് തിരികെയെത്തുന്നുവെന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസ് ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മോദിയുമായി പ്രശാന്ത് കഴിഞ്ഞ മാസം കൂടിക്കാഴ്ച്ച നടത്തിയിരുന്നുവെന്നും അടുത്തു തന്നെ 2019ലെ പൊതുതെരഞ്ഞെടുപ്പിനായി ഒരുക്കങ്ങള്‍ തുടങ്ങുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ബിജെപിയുമായുള്ള ബന്ധം വിട്ടശേഷം ബിഹാര്‍ തിരഞ്ഞെടുപ്പില്‍ മഹാസഖ്യത്തിനായും പിന്നീട് കോണ്‍ഗ്രസിനായും പ്രവര്‍ത്തിച്ചിരുന്നു. പിന്നീട് കോണ്‍ഗ്രസുമായുള്ള അഭിപ്രായ ഭിന്നതയെത്തുടര്‍ന്ന് ബന്ധം ഉപേക്ഷിച്ചു. ഇതിനുശേഷം ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായും പ്രശാന്ത് കിഷോര്‍ കൂടിക്കാഴ്ച നടത്തി.
കിഷോര്‍ മടങ്ങിയെത്തിയാല്‍ മോദിയുമായി നേരിട്ട് ബന്ധപ്പെട്ടായിരിക്കും പ്രവര്‍ത്തിക്കുക. ബിജെപി ശക്തിയുള്ള സംഘടനയാണ്. പിന്തുണ വോട്ടാക്കി മാറ്റുകയെന്നതാണ് പാര്‍ട്ടിയുടെ ദൗത്യം. മോദിയുടെ വ്യക്തി പ്രഭാവത്തില്‍നിന്നാണ് പിന്തുണ ലഭിക്കുന്നത്. 2019-ല്‍ ഈ വ്യക്തി പ്രഭാവത്തില്‍ ഒരിക്കല്‍കൂടി വിശ്വാസമര്‍പ്പിക്കാമെന്ന് ഒരു മുതിര്‍ന്ന ബിജെപി നേതാവ് പറഞ്ഞു. നേതാക്കളുടെ വ്യക്തിപ്രഭാവം വര്‍ധിപ്പിക്കുക, രാഷ്ട്രീയ തന്ത്രം മെനയുക, ചെറുതും വലുതുമായ തിരഞ്ഞെടുപ്പ് പരിപാടികള്‍ സംഘടിപ്പിക്കുക, സന്ദേശങ്ങള്‍, പ്രസംഗങ്ങള്‍ തുടങ്ങിയവയിലാണ് ഇവര്‍ ശ്രദ്ധിക്കുന്നത്. എന്തായാലും പ്രശാന്തിന്റെ തിരിച്ചുവരവ് പ്രതിപക്ഷ കക്ഷികള്‍ക്ക് കൂടുതല്‍ തലവേദന സൃഷ്ടിക്കുമെന്ന് ഉറപ്പാണ്.