തിരുവനന്തപുരം: ദേശീയ-സംസ്ഥാന പാതകൾ കടന്നുപോകുന്ന പഞ്ചായത്തുകളുടെ പദവി നിർണയിച്ചു മദ്യഷാപ്പുകൾ തുറക്കാൻ സംസ്ഥാനത്തിനു തീരുമാനമെടുക്കാമെന്ന സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് 650 മദ്യശാലകൾ വീണ്ടും തുറക്കും.
മദ്യശാലകളുടെ കണക്കെടുക്കാൻ എക്സൈസിന് നിർദേശം നൽകി. 500 കള്ളുഷാപ്പുകൾ തുറക്കേണ്ടി വരുമെന്ന കണ്ടെത്തലാണ് എക്സൈസ് വകുപ്പ് നടത്തിയിട്ടുള്ളത്. ദൂരപരിധി നിയമത്തത്തുടർന്നു പൂട്ടിയ 150 ബിയർ- വൈൻ പാർലറുകളും അഞ്ചു ബാറുകളും തുറക്കേണ്ടിവരുമെന്നാണു പ്രാഥമിക വിലയിരുത്തൽ.
സ്റ്റാർ പദവി ഉയർത്തുന്നതിനുള്ള നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി ബാർ ലൈസൻസിന് അപേക്ഷ നൽകിയിട്ടുള്ള ഹോട്ടലുകൾക്കും ത്രീ സ്റ്റാർ ക്ലാസിഫിക്കേഷൻ കിട്ടുന്ന മുറയ്ക്ക് ബാറുകൾ തുറന്നു നൽകേണ്ടി വരും.
വരുമാനത്തിന്റെയും ജനസാന്ദ്രതയുടെയും അടിസ്ഥാനത്തിൽ പഞ്ചായത്തുകളെ നഗരപഞ്ചായത്തുകളാക്കി മാറ്റാനുള്ള ചട്ടഭേദഗതി കൊണ്ടുവരണമെന്നു നിർദേശിച്ച് എക്സൈസ് വകുപ്പ് മാസങ്ങൾക്കു മുൻപു തന്നെ സർക്കാരിനു റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ മദ്യനയത്തിന്റെ ഭാഗമായി രണ്ടു ഘട്ടങ്ങളിലായി 730 ബാറുകളാണ് പൂട്ടിയത്. 25 ഫൈവ്സ്റ്റാർ ഹോട്ടലുകളിൽ മാത്രമായിരുന്നു ബാറുകൾ പ്രവർത്തിച്ചിരുന്നത്. എന്നാൽ, ത്രീ സ്റ്റാർ മുതലുള്ള ഹോട്ടലുകൾക്കു ബാർ പ്രവർത്തിപ്പിക്കാൻ എൽഡിഎഫ് സർക്കാർ അനുമതി നൽകിയതോടെ സംസ്ഥാനത്ത് 282 ബാറുകൾ പ്രവർത്തിക്കുന്നുണ്ട്. ബിയർ-വൈൻ പാർലറുകളുടെ എണ്ണം 426 ആയി ഉയർന്നു.