വി.എസ്.രതീഷ്
ആലപ്പുഴ: തോരാതെ പെയ്യുന്ന മഴയായാലും കനത്ത മഞ്ഞാണെങ്കിലും പൊള്ളുന്ന വേനലാണെങ്കിലും രാത്രി ഏഴാകുന്പോൾ വട്ടപ്പള്ളിയിൽ നിന്നും ഒരു ഓട്ടോ ടാക്സി നഗരത്തിലേക്കിറങ്ങും. പ്രദേശവാസിയായ എ.ആർ. നൗഷാദ് ഡ്രൈവർ സീറ്റിലിരിക്കുന്പോൾ ഇടതുവശത്തിരിക്കുന്നവർ മാറിക്കൊണ്ടിരിക്കും. ഈ വാഹനമെത്തുന്നതും കാത്ത് സക്കറിയാ ബസാറിലും ആറാട്ടുവഴിയിലും വഴിച്ചേരിയിലും ബോട്ടുജെട്ടിയിലും ജനറൽ ആശുപത്രിയിലുമായി 65ഓളം പേരാണ് കാത്തിരിക്കുന്നത്.
രോഗം മൂലവും പ്രായാധിക്യം മൂലവും മാനസിക അസ്വാസ്ഥ്യങ്ങളാലും തെരുവിലലയുന്നവർക്ക് ഒരു നേരത്തെ ഭക്ഷണവുമായാണ് ഈ ഓട്ടോ ടാക്സി ഓടിയെത്തുന്നത്. 2015 ഒക്ടബോർ അഞ്ചിന് 12 പേർക്ക് ഭക്ഷണം നല്കി തുടങ്ങിയ പദ്ധതിയിൽ ഇന്ന് 65ലേറെപ്പേർക്കാണ് അത്താഴം നല്കുന്നത്. രാത്രി ഭക്ഷണം നല്കുന്നതിനാൽ അത്താഴക്കൂട്ടമെന്ന പേരിലാണ് എ.ആർ. നൗഷാദിന്റെ നേതൃത്വത്തിൽ ഈ കൂട്ടായ്മ രൂപം കൊണ്ടത്.
14 വർഷം ഗൾഫിൽ പ്രവാസിയായിരുന്ന നൗഷാദ് 2013 ൽ നിതാഖത്തുമൂലം നാട്ടിലെത്തുകയും പിന്നീട് ഓട്ടോടാക്സി ഡ്രൈവറാകുകയുമായിരുന്നു. ഓട്ടം പോയി മടങ്ങുന്നതിനിടയിൽ കണ്ട ഒരു കാഴ്ചയാണ് നഗരത്തിൽ അലയുന്നവർക്ക് രാത്രി ഭക്ഷണം ഒരുക്കാൻ നൗഷാദിനെ പ്രേരിപ്പിച്ചത്. സ്വന്തം കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും സഹായത്തോടെ 12 പൊതി ഭക്ഷണം തയാറാക്കി നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി തെരുവിലലയുന്നവർക്ക് നല്കിയായിരുന്നു തുടക്കം.
നവ മാധ്യമങ്ങളിലൂടെ വിവരമറിഞ്ഞ് ഈ പ്രവർത്തനത്തിന് കൂട്ടായി നിരവധിപ്പേരെത്തിയതോടെ സംഘടന എന്ന തരത്തിൽ പ്രവർത്തനവും തുടങ്ങി. തെരുവിൽ അലയുന്നവർക്ക് ദിനവും രാത്രി ഭക്ഷണം നൽകുക. ഇതോടൊപ്പം ആവശ്യമുള്ളവർക്ക് വസ്ത്രവും മരുന്നും വാങ്ങി നല്കുകയെന്ന തരത്തിൽ തുടങ്ങിയ പ്രവർത്തനം ഇന്ന് ഗൃഹനാഥൻ മരണപ്പെട്ടതോ ഗുരുതര രോഗം ബാധിച്ചതോ ആയ അർഹരായ കുടുംബങ്ങൾക്ക് ഒരു മാസത്തേക്കുള്ള പലചരക്ക് സാധനങ്ങൾ വീട്ടിലെത്തിച്ച് നല്കുക, വിധവകളായ സ്ത്രീകൾക്ക് തൊഴിൽ പഠനത്തിന് അവസരമൊരുക്കുക, വേണ്ട പ്രചോദനം നല്കുക, സാന്പത്തികമായി തീരെ പിന്നോക്കം നിൽക്കുന്ന സ്കൂൾ വിദ്യാർഥികൾക്ക് പഠനാവശ്യത്തിനായി വേണ്ട ഉപകരണങ്ങൾ നല്കുക തുടങ്ങിയ നിലകളിലേക്കെത്തിക്കഴിഞ്ഞു.
വിശേഷ ദിവസങ്ങൾ നഗരസഭ ശാന്തിമന്ദിരത്തിലെ അന്തേവാസികൾക്കൊപ്പം ചെലവഴിക്കുന്ന അത്താഴക്കൂട്ട പ്രവർത്തകർ ഇവരുടെ ചെറിയ ആഗ്രഹങ്ങൾ നിറവേറ്റാനും തങ്ങളാലാകും വിധം ശ്രമിക്കുന്നു. ഇത്തരത്തിലൊരു പ്രവർത്തനമാണ് ചലച്ചിത്രതാരം സുരേഷ്ഗോപിയെ ശാന്തിമന്ദിരത്തിലെത്തിച്ചത്. മന്ദിരത്തിലെ അന്തേവാസിയായ വൃദ്ധ സുരേഷ് ഗോപിയെ കാണണമെന്ന് ആവശ്യപ്പെടുന്ന വീഡിയോ ചലച്ചിത്ര സംവിധായകനും കൂട്ടായ്മയിൽ അംഗവുമായ ഗഫൂർ ഇല്യാസ് സുരേഷ് ഗോപിക്ക് അയച്ചുകൊടുത്തതിന്റെ അടിസ്ഥാനത്തിലായിരുന്നു ചലച്ചിത്ര താരം ഇവിടേക്കെത്തിയത്.
അതുപോലെ കിടപ്പിലായതിനെത്തുടർന്ന് ശരീരം പുഴുവരിച്ച വൃദ്ധയ്ക്ക് വേണ്ട വൈദ്യസഹായം ലഭ്യമാക്കിയതും ആടിനൊപ്പം കഴിഞ്ഞിരുന്ന വീട്ടമ്മയുടെ കഥ പുറത്തുകൊണ്ടുവന്നതിനുപിന്നിലും അത്താഴക്കൂട്ടത്തിന്റെ കരങ്ങളുണ്ടായിരുന്നു. ഇതോടൊപ്പം നിത്യവൃത്തിക്ക് വകയില്ലാത്ത 33 കുടുംബങ്ങൾക്ക്് അരിയും പലവ്യഞ്ജനങ്ങളും എത്തിച്ചു നൾകുന്ന പുണ്യവീട് പദ്ധതിയും അഗതികൾക്ക് അഭയമൊരുക്കി മാരാരിക്കുളം തെക്ക് പഞ്ചായത്തിൽ തറവാട് എന്നപേരിൽ ആരംഭിച്ച സ്ഥാപനവും അത്താഴക്കൂട്ടത്തിന്റേതായി നടപ്പാക്കിയിട്ടുണ്ട്്.
നന്മയുടെ കൈത്തിരിയായ ഇവരുടെ പ്രവർത്തനങ്ങൾ കേട്ടറിഞ്ഞും നവ മാധ്യമങ്ങളിലൂടെ അറിഞ്ഞും സുമനസുകൾ നല്കുന്ന സഹായമാണ് ഈ കൂട്ടായ്മയുടെ മുന്നോട്ടുള്ള പ്രവർത്തനത്തിന് അടിസ്ഥാനമാകുന്നത്. പലരും വീടുകളിൽ നടക്കുന്ന ആഘോഷങ്ങളുടെ ഭാഗമായി അത്താഴക്കൂട്ടത്തിന്റെ പ്രതിദിന ഭക്ഷണ വിതരണത്തിൽ പങ്കാളിയാകുന്നുണ്ട്. ഇത്തരമൊരാവശ്യവുമായി പ്രവർത്തകരെ തേടിയെത്തുന്നവരെ ഒരു ദിവസം തങ്ങളുടെ പ്രവർത്തന ഭാഗമാക്കി മാറ്റിയശേഷമാണ് ഇവരിൽ നിന്നും സഹായം സ്വീകരിക്കുന്നത്.
ദൂരദേശത്തുള്ളവരാണെങ്കിൽ മാത്രം ആദ്യം സഹായം സ്വീകരിക്കും. രാത്രി ഭക്ഷണം കഴിക്കുന്നതിന് മുന്പ് കാരണവന്മാർ വീടിന് പുറത്തിറങ്ങി അത്താഴപ്പഷ്ണിക്കാരുണ്ടോയെന്ന് വിളിച്ചുചോദിച്ചതിനുശേഷം മാത്രം അത്താഴം കഴിച്ചിരുന്ന പാരന്പര്യമുള്ള നിരവധി തറവാടുകൾ പതിറ്റാണ്ടുകൾക്ക് മുന്പ് കേരളത്തിൽ അങ്ങോളമിങ്ങോളമുണ്ടായിരുന്നു. ഇന്നും അപൂർവമായി ഇത്തരം പാരന്പര്യങ്ങൾ കാത്തുസൂക്ഷിക്കുന്നവരുണ്ടെങ്കിലും ഭൂരിഭാഗവും ജീവിത പ്രയാണത്തിൽ ഇത്തരം പാരന്പര്യങ്ങളെ കൈവിട്ടുകഴിഞ്ഞു.
അന്യന്റെ വിഷമങ്ങളും വിശപ്പും മനസിലാക്കുന്നതിലപ്പുറം സ്വന്തം നേട്ടങ്ങളും സുഖവും മാത്രമായി വർത്തമാനകാല ജീവിതം മാറിക്കഴിഞ്ഞിരിക്കുന്നു. ഈ കാലഘട്ടത്തിലും സമൂഹത്തിന് മുന്നിൽ നന്മയുടെ കൈത്തിരിയായി മാറിയിരിക്കുകയാണ് ആലപ്പുഴക്കാരുടെ അത്താഴക്കൂട്ടമെന്ന കൂട്ടായ്മ. പ്രഫസർമാരായ എം. സുകുമാര മേനോൻ, ബാലചന്ദ്രൻ, സുബൈർ എന്നിവർ രക്ഷാധികാരികളും ശിവാനന്ദൻ വൻമേലിൽ്, അനീസ് ഇസ്മയിൽ എന്നിവരടങ്ങുന്നവരാണ് നൗഷാദിനൊപ്പം അത്താഴക്കൂട്ടത്തിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുന്നത്.