കെഎസ്ആർടിസി സാന്പത്തിക പ്രതിസന്ധിയിൽ നെട്ടോട്ടമോടുന്പോൾ സർവീസിലുള്ള ഒരു വിഭാഗം ജീവനക്കാർ ദീർഘ അവധിയിൽ ഇപ്പോഴും വിദേശത്ത് കഴിയുന്നു. കോട്ടയം ജില്ലയിൽ 40 ഡ്രൈവർമാരും 60 കണ്ടക്ടർമാരും ഇത്തരത്തിൽ വിദേശത്തുകഴിയുന്നതായി വിവിധ ഡിപ്പോകളിലെ ജീവനക്കാർ വെളിപ്പെടുത്തുന്നു. ഒരു ദിവസം ജോലി ചെയ്തവർ മുതൽ അഞ്ചു വർഷം വരെ ജോലി ചെയ്ത് അവധിക്ക് കത്ത് കൊടുത്തും കൊടുക്കാതെയും വിദേശം പറ്റിയവർ ഇക്കൂട്ടരിലുണ്ട്.
പല തവണ വകുപ്പുതല നോട്ടീസ് അയച്ചെങ്കിലും മറുപടി കിട്ടാത്തതും വിലാസക്കാരനെ കണ്ടെത്താതെ വന്നതിനാൽ മെമ്മോ തിരിച്ചുവന്നതുമായ വിവിധ സംഭവങ്ങളാണ് ഡിപ്പോകളിലുള്ളത്. ഗൾഫിലും യൂറോപ്പിലും അമേരിക്കയിലും കഴിയുന്ന ജീവനക്കാരുടെ നിലവിലുള്ള വിലാസം കണ്ടെത്താനും സാധിക്കുന്നില്ല. വിരമിക്കുന്നതിനു മുന്പു തിരികെ ജോലിയിലെത്തി നാട്ടിൽ പെൻഷൻ വാങ്ങാൻ തന്ത്രം മെനയുന്നവരും ഇക്കൂട്ടരിലുണ്ട്.
കെഎസ്ആർടിസിയുടെ ദയനീയാവസ്ഥയിൽ മനംനൊന്തും ഭാവി ഇരുളടഞ്ഞതാണെന്ന വിലയിരുത്തലിലും നിരവധി ജീവനക്കാർ മറ്റ് ജോലികൾ തേടിപ്പോകുകയാണ്. ജില്ലയിൽ മാസവും ശരാശരി അഞ്ചു സ്ഥിരം ജോലിക്കാർ വീതം മറ്റു തൊഴിൽതേടി പോകുന്നതായി വിവിധ യൂണിയൻ പ്രതിനിധികൾ പറഞ്ഞു. പെൻഷൻ മുടക്കം പതിവായതോടെ പിരിഞ്ഞുപോകലിന്റെ എണ്ണം കൂടി. അടുത്തിടെ നിയമനം കിട്ടിയവർക്ക് പങ്കാളിത്ത പെൻഷൻ സന്പ്രദായത്തോട് താൽപര്യമില്ലാത്തവരുമാണ്.
സമീപവർഷങ്ങളിൽ കണ്ടക്ടറും ഡ്രൈവറും ക്ലർക്കുമായി ജോലി കിട്ടിയവർ വീണ്ടും പിഎസ്സി പരീക്ഷ എഴുതി മറ്റ് ജോലി അവസരം തേടുകയാണ്. ഇതര റാങ്ക് ലിസ്റ്റുകളിൽ ഇടംനേടിയവർ ആ ജോലി കിട്ടിയാലുടൻ കെഎസ്ആർടിസി വിടാൻ താൽപര്യപ്പെടുന്നു. പ്രത്യേകിച്ചും വനിതാ കണ്ടക്ടർമാരിൽ വലിയൊരു വിഭാഗത്തിനും ജോലി കനത്ത ഭാരമായി അനുഭവപ്പെടുന്നു. ദീർഘദൂര സർവീസുകളിൽ പോയാൽ രാത്രിതാമസം ഉൾപ്പെടെ സൗകര്യങ്ങളുടെ പരിമിതിയാണ് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നത്.
ആശ്രിതനിയമനം ലഭിച്ച നൂറിലേറെപ്പേർ ജില്ലയിലെ വിവിധ ഡിപ്പോകളിൽ ജോലി ചെയ്യുന്നുണ്ട്. ഇവർ മാത്രം എങ്ങനെയും സർവീസ് പൂർത്തിയാക്കണമെന്ന താൽപ്പര്യത്തിൽ ജോലി ചെയ്യുന്നു.മുൻപ് പത്തു വർഷത്തിനു മേൽ ജോലി ചെയ്ത എംപാനൽ ഡ്രൈവർമാരെയും കണ്ടക്ടർമാരെയും സ്ഥിരപ്പെടുത്താറുണ്ടായിരുന്നു. ഇനി എംപാനൽകാരെ സ്ഥിരപ്പെടുത്താനുള്ള സാധ്യത അടഞ്ഞതോടെ ഈ വിഭാഗക്കാരും മറ്റ് ജോലിസാധ്യതകളിലേക്കു മാറുകയാണ്. സമീപഭാവിയിൽ ജീവനക്കാരുടെ വലിയ കുറവ് കെഎസ്ആർടിസിയിൽ ഉണ്ടാകുമെന്നാണ് സൂചന.