എത്ര തവണ ഏറ്റുമാനൂരപ്പനെ വിളിച്ചെന്ന് ഓര്‍മയില്ല! കയറില്‍ തൂങ്ങിയാടിയപ്പോള്‍ മണ്ഡപത്തിന്റെ കോണ്‍ക്രീറ്റില്‍ തലയിടിച്ചു; ജീവനും മരണത്തിനുമിടയില്‍ തൂങ്ങിയാടിയ നിമിഷങ്ങളെക്കുറിച്ച് പ്രബിന്‍ പറയുന്നതിങ്ങനെ

ജീവനും മരണത്തിനുമിടയില്‍ ഒരു മുഴം കയറിന്റെ വ്യത്യാസം… അതിനിടയില്‍ തൂങ്ങിയാടിയ നിമിഷങ്ഹള്‍…ജീവിതത്തില്‍ ഒരിക്കലും മറക്കില്ല, മറക്കാന്‍ സാധിക്കില്ല, പ്രബിന്‍ ബാബു എന്ന പ്ലസ്ടുക്കാരന്.

ഇടഞ്ഞ ആനയുടെ മുകളില്‍ നിന്ന് ഒരു പോറല്‍ പോലും പറ്റാതെ തന്നെ ആകാശത്ത് ഉയര്‍ത്തി രക്ഷിച്ചത് ഏറ്റുമാനൂരപ്പന്‍ തന്നെയെന്നു വിശ്വസിക്കുകയാണ്, ഏറ്റൂമാനൂര്‍ ശ്രീമാഹദേവ ക്ഷേത്രത്തില്‍ വച്ച് മദമിളകിയ ഗണപതി എന്ന ആനയില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപെട്ട പ്രബിന്‍. മരണത്തെ തൊട്ടടുത്ത് കണ്ട ആ നിമിഷങ്ങളെക്കുറിച്ച് പ്രബിന്‍ പറയുന്നതിങ്ങനെ…

ഏറ്റുമാനൂരില്‍ നാല് ആനകളാണ് അകമ്പടിക്കായി ഉണ്ടായിരുന്നത്. ഏല്ലാ ആനകളുടെയും പുറത്ത് നേരത്തേ ആളുകയറി. കുറുമ്പു കാട്ടിയ ഗണപതി എന്ന ആനയുടെ പുറത്തു കയറാന്‍ മാത്രം ആളുണ്ടായില്ല. ഇതോടെയാണു ഞാന്‍ കയറിയത്.

സാധാരണ കുടയും തിടമ്പും മാത്രമേ ഞാന്‍ എടുക്കാറുള്ളൂ. ഇന്നലെ ആലവട്ടം എടുക്കാനായിരുന്നു ആദ്യം പറഞ്ഞത്. പിന്നീട് അതു മാറി തല്‍ക്കാലത്തേക്കു കുട പിടിക്കാന്‍ നിര്‍ദേശം ലഭിച്ചു. കയറി അല്‍പം കഴിഞ്ഞതോടെ ആന ഇടഞ്ഞു.

ശരീരം മുഴുവന്‍ കുലുക്കി താഴെയിടാന്‍ പലതവണ നോക്കി. കുട താഴേക്കെറിഞ്ഞ് ഞാന്‍ ആനയുടെ കഴുത്തിലെ കയറില്‍ മുറുകെപ്പിടിച്ചു കുനിഞ്ഞു കിടക്കുകയായിരുന്നു. എത്ര തവണ ഏറ്റുമാനൂരപ്പനെ വിളിച്ചെന്ന് ഓര്‍മയില്ല.

ഇതിനിടെ ആന കല്യാണമണ്ഡപത്തിന്റെ അടുത്തെത്തി. അപ്പോഴാണു പാപ്പാന്‍മാരും ഫയര്‍ഫോഴ്‌സുകാരും ചില നാട്ടുകാരും ചേര്‍ന്ന് മണ്ഡപത്തിനു മുകളില്‍ നിന്ന് എന്നെ ഉറക്കെ വിളിച്ചത്. താഴേക്കു തരുന്ന കയറില്‍ തൂങ്ങിപ്പിടിക്കാന്‍ അവര്‍ പറഞ്ഞു.

താഴേക്കു തൂങ്ങി വന്ന കയര്‍ ആന കാണുമോ, കയറില്‍ തൂങ്ങുമ്പോള്‍ ആന തുമ്പിക്കൈ കൊണ്ടു വലിച്ചിടുമോ എന്നൊക്കെ പേടിച്ചു. എല്ലാവരും സഹായിച്ചതോടെ സുരക്ഷിതമായി മുകളിലെത്തി. കയറില്‍ തൂങ്ങിയാടിയപ്പോള്‍ മണ്ഡപത്തിന്റെ കോണ്‍ക്രീറ്റില്‍ തലയിടിച്ചു. ഞാന്‍ മുകളിലെത്തിയപ്പോള്‍ താഴെ ജനക്കൂട്ടം കയ്യടിക്കുന്നതു കേട്ടു.

അതോടെ ഉറപ്പായി, എന്റെ ജീവന്‍ തിരിച്ചുകിട്ടിയെന്ന്. പിന്നെ കുറച്ചു നേരം ഞാന്‍ ബോധംകെട്ടതുപോലെ കല്യാണ മണ്ഡപത്തിന്റെ മേല്‍ക്കൂരയില്‍ കിടന്നു. ഒടുവില്‍ എല്ലാവരും ചേര്‍ന്ന് എന്നെ ആശുപത്രിയിലെത്തിച്ചു. ഇന്നലെ രാവിലെ ഏഴു മണിയോടെ ഞാന്‍ വീട്ടിലേക്കു പോയി.

 

 

Related posts