കോഴിക്കോട്: ദേശീയ വോളിബോൾ ചാമ്പ്യൻഷിപ്പിൽ വനിതാവിഭാഗത്തിൽ കേരളം ഫൈനലിൽ. പുരുഷ വിഭാഗത്തിൽ സർവീസസിനെ മറികടന്ന് റെയിൽവേസും ഫൈനലിൽ കടന്നു. വനിതാ വിഭാഗം ആദ്യ സെമിയിൽ രേഖ, അഞ്ജു ബാലകൃഷ്ണന്, ക്യാപ്റ്റന്‍ അഞ്ജു മോള്, ശ്രുതി, അഞ്ജലി ബാബു എന്നിവരുടെ സ്മാഷുകളും സെറ്റര്‍ ജിനിയുടെ പ്ലേസിംഗുകളുമാണ് കേരള വനിതകള്‍ക്ക് അനായാസ വിജയം നേടിക്കൊടുത്തത്.
ഫിനിഷിംഗിലെ പിഴവുകളും മികച്ച ബ്ലോക്കുകള്‍ തീര്‍ക്കാന്‍ കഴിയാത്തതും തമിഴ്നാടിന് വിനയായി. ആദ്യ സെറ്റില്‍ രേഖയും അഞ്ജു മോളും അഞ്ച് വീതം പോയിന്റാണ് കേരളത്തിനായി നേടിയത്. എതിരാളികള്‍ക്ക് ഒരു അവസരവും നല്‍കാത്ത പ്ലേസിംഗിലൂടെ പോയിന്റുകൾ സ്വന്തമാക്കി ജിനിയും പ്രശംസ പിടിച്ചുപറ്റി.
രണ്ടാം സെറ്റില്‍ കേരള താരങ്ങളായ അഞ്ജലി ബാബു, അനുശ്രീ എന്നിവര്‍ തുടര്‍ച്ചയായി സെര്‍വുകള്‍ പാഴാക്കിയെങ്കിലും അനുശ്രീയുടെ അഞ്ച് സ്മാഷുകളും രേഖ, അഞ്ജലി ബാബു, അഞ്ജു ബാലകൃഷ്ണന്, ക്യാപ്റ്റന്‍ അഞ്ജു മോള് എന്നിവരുടെ പോരാട്ടവും 25-17ന് സെറ്റ് സ്വന്തമാക്കാൻ ആതിഥേയർക്കായത്. കേരള താരങ്ങളുടെ അശ്രദ്ധയും ലിബറോ അശ്വതിയുടെ പാസ് കൈമാറ്റത്തിലെ പാളിച്ചകളുമാണ് രണ്ടാം സെറ്റില്‍ തമിഴ്നാടിന്റെ സ്കോര്‍ ഉയര്‍ത്തിയത്.
മൂന്നാം സെറ്റില്‍ തമിഴ്നാട് ശക്തമായി മത്സരത്തിലേക്ക് തിരിച്ചെത്തി. ആദ്യ പോയിന്റ് നേടി തമിഴ്നാട് മുന്നേറി. പിന്നീട് 6 -6, 7- 7 എന്നിങ്ങനെ ഒപ്പത്തിനൊപ്പമായിരുന്നു മുന്നേറ്റം. 20-18ല്‍ എത്തിയ സെറ്റില്‍ 25-21 ന് തമിഴ്നാടിനെ കീഴ്പ്പെടുത്തിയാണ് ഫൈനൽ യോഗ്യത നേടിയത്.
തമിഴ്നാടിനുവേണ്ടി ഐശ്വര്യ, സംഗീത എന്നിവരാണ് മികച്ച പ്രകടനം നടത്തിയത്. മൂന്നാം സെറ്റില്‍ ഷോട്ട് ബോളില്‍ അഞ്ജു ബാലകൃഷ്ണന് നാല് ഫിനിഷിംഗുകള്‍ നടത്തി. എന്നാല്‍ ഈ സെറ്റിലും അഞ്ജലി ബാബുവും അനുശ്രീയും നിരവധി സെര്‍വുകള്‍ പാഴാക്കി. ഇന്ന് നടക്കുന്ന റെയില്‍വേസ് -മഹാരാഷ്ട്ര സെമി ഫൈനല്‍ ജേതാക്കളെയാണ് ഫൈനലില്‍ കേരള വനിതകള്‍ നേരിടുക.
പുരുഷ വിഭാഗം സെമിയിൽ നിരവധി ഇന്ത്യന്‍ താരങ്ങൾ അടങ്ങിയ റെയില്‍വേ- സര്‍വീസസ് പോരാട്ടത്തിൽ ആദ്യ രണ്ട് സെറ്റുകൾ ഗാലറിയെ പ്രകമ്പനം കൊള്ളിച്ചു. ഇതില്‍ രണ്ടാം സെറ്റ് ടൈബ്രേക്കറിലേക്ക് നീണ്ടു. എന്നാല്‍, ആത്മവിശ്വാസം നഷ്ടപ്പെട്ട സർവീസസ് മൂന്നാം സെറ്റില്‍ മത്സരം ചടങ്ങാക്കി മാറ്റി.
ഇടിവെട്ട് സ്മാഷുകളും ബ്ലോക്കുകളുമായി വോളിബോളിന്റെ ക്ലാസിക് പോരാട്ടത്തിനൊടുവിലാണ് സര്‍വീസസിനെ റെയില്‍വേ മറികടന്നത്. റെയില്‍വേയുടെ അന്താരാഷ്ട്രതാരം പ്രഭാകരൻ മികച്ച പ്രകടനം പുറത്തെടുത്തു.
ആദ്യ സെറ്റില്‍ ആറ് ഫിനിഷിംഗുകള്‍ നടത്തിയ പ്രഭാകരന് 34 പോയിന്റുവരെ നീണ്ട രണ്ടാം സെറ്റില്‍ 14 ഫിനിഷിംഗുകളാണ് നടത്തിയത്. വായുവില്‍ ഉയര്‍ന്ന് പൊങ്ങിയുള്ള പ്രഭാകരന്റെ ജംപ് സെർവുകൾക്കും മറുപടി ഉണ്ടായിരുന്നില്ല. ആദ്യ സെറ്റില്‍ മലയാളിയായ റെയില്‍വേ ക്യാപ്റ്റന്‍ മനു ജോസഫും കെ. രാഹുലും മികച്ച പ്രകടനം പുറത്തെടുത്തു. ഇതില്‍ സര്‍വീസസിന്റെ അഞ്ച് സ്മാഷുകളാണ് രാഹുല്‍ ബ്ലോക്ക് ചെയ്തിട്ടത്.
രണ്ടാം സെറ്റില്‍ തുടക്കം മുതല്‍ മുന്നേറിയ സര്‍വീസസിനെ പതിനാറു പോയിന്റിൽ റെയില്‍വേസ് ഒപ്പംപിടിച്ചു. സര്‍വീസസിന്റെ ഇടംകൈയന്‍ താരം നവീന്‍കുമാറിന്റെ സ്മാഷുകള്‍ ഗ്രൗണ്ടില്‍ ഇടിമുഴക്കം സൃഷ്ടിച്ചു. എന്നാല്‍, തുടരെ സര്‍വുകള്‍ പാഴാക്കി അദ്ദേഹം റെയില്‍വേക്ക് ഒപ്പമെത്താന്‍ അവസരവും നല്കി.