നമ്മള്‍ സംവിധായകന് വേണ്ടി ജോലി ചെയ്യുന്ന ആളുകളാണ്! സെറ്റിലുള്ള എല്ലാവരെയും സ്‌നേഹിക്കാനാണ് ഞാന്‍ പഠിച്ചിരിക്കുന്നത്; നാഗശൗര്യയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി സായ് പല്ലവി രംഗത്ത്

പ്രേമം എന്ന സിനിമയെക്കുറിച്ച് പറയുമ്പോള്‍ തന്നെ മനസില്‍ ഓടിയെത്തുന്ന മുഖമാണ് മലര്‍ മിസ്സ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സായി പല്ലവിയുടേത്. അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്ത ആ സിനിമ റീലീസ് ചെയ്ത നാളുകളില്‍ കേരളക്കരയില്‍ സായ് പല്ലവി ഉണ്ടാക്കിയ തരംഗം ചില്ലറയൊന്നുമായിരുന്നില്ല.

എന്നാല്‍ അടുത്തിടെ സായ് പല്ലവിയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി നിരവധി സിനിമാപ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. അതില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് നടന്‍ നാഗശൗര്യ സായ് പല്ലവിയെക്കുറിച്ച് പറഞ്ഞ കാര്യങ്ങളാണ്. സെറ്റില്‍അനാവശ്യമായ കാര്യങ്ങള്‍ക്ക് സായ് ബഹളം വയ്ക്കുന്നുവെന്നും തങ്ങള്‍ ഒന്നിച്ച ചിത്രം വിജയമായിരുന്നെങ്കിലും അത് അവരുടെ മാത്രം കഴിവല്ലെന്നുമാണ് നാഗശൗര്യ പറഞ്ഞത്.

മാത്രമല്ല സായി പല്ലവിയുടെ പെരുമാറ്റം തന്നെ ഏറെ വിഷമിപ്പിച്ചെന്നും നാഗശൗര്യ അഭിമുഖത്തില്‍ പറയുകയുണ്ടായി. തനിക്കെതിരെ വിവിധ കോണുകളില്‍ നിന്ന് ഉയിര്‍ന്നുവന്ന ആരോപണങ്ങള്‍ക്ക് മറുപിടി നല്‍കാതിരുന്ന സായ് പല്ലവി ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നു. അതിങ്ങനെയാണ്…

ഞാനും നാഗശൗര്യയുടെ അഭിമുഖം കണ്ടിരുന്നു. സത്യത്തില്‍ അത് കണ്ട് ഞാന്‍ തകര്‍ന്നുപോയി. ഉടന്‍ തന്നെ സിനിമയുടെ സംവിധായകനായ എ എല്‍ വിജയ് സാറിനെ വിളിച്ചു. എന്റെ പെരുമാറ്റത്താല്‍ എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ സെറ്റിലുണ്ടായിട്ടുണ്ടോ എന്ന് ചോദിച്ചു. കാരണം സെറ്റിലുള്ള എല്ലാവരെയും സ്‌നേഹിക്കാനാണ് ഞാന്‍ പഠിച്ചിരിക്കുന്നത്. അങ്ങനെയൊരു കുഴപ്പവും ഉണ്ടായിട്ടില്ലെന്നും നാഗശൗര്യ പറഞ്ഞത് എന്ത് അടിസ്ഥാനത്തിലാണെന്ന് അറിയില്ലെന്നും വിജയ് സാര്‍ എന്നോട് പറഞ്ഞു.

നമ്മളെക്കുറിച്ച് ഒരാള്‍ മോശം പറഞ്ഞാല്‍ അത് നമ്മെ വിഷമിപ്പിക്കും. ഞാന്‍ അദ്ദേഹത്തെ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ അത് എന്നെയും വിഷമിപ്പിക്കും. എന്നാല്‍ ഞാന്‍ അദ്ദേഹത്തോട് തെറ്റ് ചെയ്തിട്ടുണ്ടോ എന്നുപോലും അറിയാതെ ഇത്തരം കാര്യം വരുമ്പോള്‍ വലിയ വേദന ഉണ്ടാകും. ഇത് കൂടാതെ ഞാന്‍ സിനിമയുടെ ഛായാഗ്രാഹകനെയും വിളിച്ച് ചോദിക്കുകയുണ്ടായി. അദ്ദേഹത്തിനും ഇതിനെക്കുറിച്ച് അറിയില്ലായിരുന്നു. നമ്മള്‍ സംവിധായകന് വേണ്ടി ജോലി ചെയ്യുന്ന ആളുകളാണ്. സെറ്റില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ തന്നെ അദ്ദേഹത്തെയാണ് ആദ്യം അറിയിക്കേണ്ടത്.

അങ്ങനെയാണ് അവിടെ നല്ലൊരു ചുറ്റുപാട് തന്നെ രൂപപ്പെടുന്നത്. എന്നാല്‍ ഞാന്‍ അദ്ദേഹത്തിന്റെ വികാരം മനസ്സിലാക്കുന്നു. അദ്ദേഹത്തിന് മനസ്സില്‍ തോന്നിയ കാര്യം പറയാനുള്ള അവകാശമുണ്ട്. എന്നാല്‍ ഒരിക്കല്‍പ്പോലും ഞാന്‍ ആരെയും വേദനിപ്പിച്ചിട്ടില്ല. ഏതെങ്കിലും രീതിയില്‍ ഞാന്‍ അദ്ദേഹത്തെ വേദനിപ്പിച്ചെങ്കില്‍ വിഷമമുണ്ട്. ഇപ്പോള്‍ അദ്ദേഹത്തിന് കുറച്ച് ആശ്വാസമായെന്ന് ഞാന്‍ കരുതുന്നു. അഭിനേതാവ് എന്ന നിലയില്‍ മികച്ച നടനാണ് നാഗശൗര്യ. സായി പല്ലവി പറഞ്ഞു.

 

Related posts