കളമശേരി: ഓമനമൃഗത്തിന്റെ വെള്ളപാത്രത്തിൽ കുടുങ്ങിയ തല ഫയർഫോഴ്സ് പുറത്തെടുക്കുന്നത് വരെ നെഞ്ച് കലങ്ങിയത് ഏലൂരിലെ പോലീസ് സേനയ്ക്ക്. കാരണം അത്രമേൽ സ്നേഹിച്ച് വളർത്തിയ കരിഷ്മ എന്ന പെൺനായയുടെ തല വാട്ടർ ഡിസ്പെൻസറിന്റെ ഉള്ളിൽ കുടുങ്ങിയതാണ് പോലീസ് ഉദ്യോഗസ്ഥരെ വേദനിപ്പിച്ചത്.
ഇന്നലെ വൈകിട്ട് 5.30നാണ് സംഭവം നടന്നത്. നായയുടെ തല വാട്ടർ ഡിസ്പെൻസറിൽ നിന്നും ഊരാൻ പോലീസുകാരും നാട്ടുകാരായ ചില ചെറുപ്പക്കാരും ചേർന്ന് പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും കഴിഞ്ഞില്ല. തുടർന്ന് അവർ ഏലൂർ ഫയർഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു.
ഏലൂർ അഗ്നിരക്ഷാനിലയത്തിൽ നിന്നും ഇൻ ചാർജ്ജ് പി എസ് സുധീർ ലാലിന്റെ നേതൃത്വത്തിൽ സേനാംഗങ്ങളായ സ്റ്റീഫൻ എം.വി.ശ്രീരാജ് , ആർ. ഷമീർ, ജെ. പ്രജോഷ്, ബിജോയ് ഈനാശു, സജിൻ, അയൂബ് എന്നിവർ എത്തി രക്ഷാപ്രവർത്തനം നടത്തി.ഷിയേർസ്, ഹാക്സ്സോ ബ്ലേഡ് എന്നിവ ഉപയോഗിച്ച് ഡിസ്പെൻസർ കട്ട് ചെയ്ത് മാറ്റി നായയുടെ തല ഊരിയെടുക്കുകയായിരുന്നു.
ആറുമാസം മുമ്പ് നായപിടുത്തക്കാർ പിടിച്ചു കൊണ്ടുപോകാൻ നോക്കിയതാണ് കരിഷ്മയെന്ന നായക്കുട്ടിയെ. ഓമനിച്ച് വളർത്തുന്ന കരിഷ്മയെ വിട്ടുകൊടുക്കാൻ പോലീസ് തയാറായില്ല. കാരണം ഫാക്ടിന്റെ ഒഴിഞ്ഞ പറമ്പിൽ നിന്നും ഇഴജന്തുക്കളും പാമ്പുകളും സ്റ്റേഷനിലേക്ക് വന്നാൽ ഒന്നിനെപ്പോലും കോമ്പൗണ്ടിലേക്ക് കയറ്റാൻ കരിഷ്മ അനുവദിക്കില്ല.
ഇവളുടെ 24 മണിക്കൂർ സേവനം ഈ സ്റ്റേഷനിലെ ജീവനുകളാണ് രക്ഷിക്കുന്നതെന്ന് പോലീസ് സേനാംഗങ്ങൾ പറയുന്നു. ഇന്നലെ സന്ധ്യയോടെ കരിഷ്മ തന്റെ ജോലി പുനരാരംഭിക്കുകയും ചെയ്തു.