കളമശേരി: എറണാകുളം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ നവജാത ശിശുവിന്റെ ദേഹത്ത് ഉറുമ്പുകൾ കണ്ടെത്തിയ സംഭവത്തിൽ മൂന്നംഗ അന്വേഷണ സമിതിയുടെ റിപ്പോർട്ട് സമർപ്പിച്ചു. കഴിഞ്ഞ 19 നാണ് ഐ സിയുവിലായിരുന്ന കുട്ടിയുടെ മുഖത്ത് ഉറുമ്പിനെ കണ്ടതായി മാതാവ് പരാതിപ്പെട്ടത്.
ഉറുമ്പ് വരാൻ കാരണമായ സാഹചര്യങ്ങൾ മുറിയിൽ ഉണ്ടായിട്ടില്ലെന്നാണ് അന്വേഷണ റിപ്പോർട്ട് വിലയിരുത്തുന്നത്. ദേഹത്ത് ഉറുമ്പ് കടിച്ച പാടുകളുമില്ല. എന്നാൽ നവജാത ശിശുക്കൾക്കായുള്ള ഐസിയുവിൽ ശുചീകരണം നന്നായി നടക്കണം, നഴ്സുമാരുടെ എണ്ണം കൂട്ടണം, കൂട്ടിരിപ്പുകാരുടെ ചോദ്യങ്ങൾക്ക് തൃപ്തികരമായ മറുപടി ഹൗസ് സർജൻമാർ നൽകണം എന്നീ നിർദ്ദേശങ്ങൾ റിപ്പോർട്ടിൽ ഉണ്ട്. കൂടാതെ ഇവർക്കായി പ്രത്യേക പരിശീലന ക്ലാസുകൾ നടപ്പാക്കാനും പറയുന്നുണ്ട്.
അതേ സമയം മെഡിക്കൽ കോളജ് അധികൃതരുടെ ഏകപക്ഷീയമായ റിപ്പോർട്ട് അംഗീകരിക്കാനാവില്ലെന്ന് പരാതിക്കാരുടെ ബന്ധുക്കൾ പറഞ്ഞു. നീതി ലഭിക്കാൻ അടുത്ത നടപടികളിലേക്ക് കടക്കുമെന്നും അറിയിച്ചു.