ഒറ്റപ്പാലം: ചിനക്കത്തൂരിൽ ഇന്ന് താലപ്പൊലി ആഘോഷിക്കും. താലപ്പൊലി മിനി ചിനക്കത്തൂർ പൂരമാകും. ദേശങ്ങളിൽ കുതിരക്കോല നിർമാണങ്ങൾ പുരോഗമിക്കുകയാണ്. ഇരുചേരികളിലുമായി 16 പൊയ്ക്കാൽ കുതിരകളാണുള്ളത്. ഈ കുതിരക്കോലങ്ങളാണ് ചിനക്കത്തൂർ പൂരത്തിന്റെ പ്രധാന ആകർഷണീയത. തട്ടകത്തിൽ പറയെടുപ്പു പുരോഗമിക്കുകയാണ്. കിഴക്കൻചേരിയിലെ വടക്കുംമംഗലത്താണ് ഇപ്പോൾ പറയെടുപ്പു നടക്കുന്നത്. ഒറ്റപ്പാലം, മീറ്റ്ന, എറക്കോട്ടിരി, പല്ലാർമംഗലം, തെക്കുംമംഗലം എന്നിവിടങ്ങളിൽ ഇതിനകം പറയെടുപ്പു പൂർത്തിയായി.
വടക്കുംമംഗലത്തിന്റെ പറയെടുപ്പു കഴിഞ്ഞാൽ പാലപ്പുറത്തുകൂടി പറയെടുക്കും. പൂരത്തിന്റെ വരവറിയിച്ചു ദേവിയുടെ ഭൂതഗണങ്ങളായ പൂതനും വെള്ളാട്ടും നായാടിവേഷങ്ങളും തട്ടകപ്രദക്ഷിണം തുടങ്ങിക്കഴിഞ്ഞു. പൂരത്തിന്റെ ഒരുക്കങ്ങളുടെ അവസാനഘട്ട തിരക്കിലാണ് വിവിധ കമ്മിറ്റികൾ. കിഴക്ക്, പടിഞ്ഞാറ് ചേരികളായി നിരവധി സ്പെഷൽ വേഷാഘോഷങ്ങളും ചിനക്കത്തൂർ പൂരത്തിന്റെ പ്രൗഢിക്ക് മാറ്റു കൂട്ടുന്നവയാണ്.
പൂരത്തോടനുബന്ധിച്ച് കരിമരുന്നു പ്രയോഗത്തിന് ഇരുവരെയും അനുമതി ലഭിക്കാത്തത് ഉത്സവസംഘാടകരെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. പൂരം താലപ്പൊലിനാളിൽ താലപ്പൊടി പാടത്തുനിന്നും ഭഗവതിയെ എഴുന്നള്ളിച്ചു കൊണ്ടുവരും. തുടർന്ന് താലംചൊരിയലും നടക്കും. താലപ്പൊലി കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇത്തവണയും വിപുലമായ പരിപാടികളാണ് ചിനക്കത്തൂരിൽ ഒരുക്കിയിക്കുന്നത്. താലത്തിന്റെ അകന്പടിയോടുകൂടി ഭഗവതിയെ എഴുന്നള്ളിച്ച് കൊണ്ടുവരുന്നതായാണ് താലപ്പൊലി സങ്കല്പം.
കന്യകമാർ താലവുമേന്തി താലപ്പൊലി പാടത്തുനിന്ന് കാവിലേക്കു നീങ്ങും.പണ്ടു കുളപ്പുള്ളി മൂപ്പിൽനായരായിരുന്നു താലപ്പൊലിക്കു മേൽനോട്ടം വഹിച്ചിരുന്നത്. പങ്കുരായിരത്തു നായർ കൊണ്ടുവരുന്ന പീഠത്തിൽ താലപ്പൊലി പാടത്തുള്ള പന്തലിലിരുന്ന് അദ്ദേഹം താലപ്പൊലി കണ്ടത്തിൽനിന്നും ഓടി ആദ്യം കാവിലെത്തുന്ന കന്യകയ്ക്ക് സമ്മാനം നല്കുന്ന പതിവും ഉണ്ടായിരുന്നുവത്രേ.
വൈകുന്നേരം അഞ്ചിന് കയറാംപാറ നീലിക്കാവിൽനിന്നും പദ്മശ്രീ പെരുവനം കുട്ടൻമാരാരുടെ നേതൃത്വത്തിൽ അരങ്ങേറുന്ന പാണ്ടിമേളത്തോടെ താലപ്പൊലി ആഘോഷങ്ങൾ തുടങ്ങും. തുടർന്ന് ചിനക്കത്തൂർ കാവുമുറ്റത്ത് പാണ്ടിമേളം തുടരും.
ചെർപ്പുളശേരി ആനത്തറവാട്ടിലെ അനന്തപദ്മനാഭൻ, ആദിനാരായണൻ, അയ്യപ്പൻ, നീലകണ്ഠൻ എന്നീ ഗജവീരന്മാർ അണിനിരക്കും. തുടർന്നു കന്പംകത്തിക്കലും മറ്റു കലാപരിപാടികളും. പൂരം അടുത്തതോടെ തട്ടകം ആഹ്ലാദതിമിർപ്പിലാണ്. ഏഴുദേശങ്ങളിലും വർണവൈവിധ്യമാർന്ന കലാപരിപാടികളാണ് നടന്നുവരുന്നത്. നാളെ ചിനക്കത്തൂരിൽ കുമ്മാട്ടി ആഘോഷിക്കും.