കൊടുവായൂർ: പെരുവെന്പ് മണ്ണുവട്ടാരത്ത് വീടുകൾക്കുമുന്നിൽ നിക്ഷേപിക്കുന്ന അറവുമാലിന്യം പരിസരമലിനീകരണമുണ്ടാക്കുന്നതായി പ്രദേശവാസികൾ ആരോഗ്യവകുപ്പിനു പരാതി നല്കി. മറ്റുസ്ഥലങ്ങളിലുള്ള വ്യാപാര സ്ഥാപന ഉടമകളും വീട്ടുകാരുമാണ് വർഷങ്ങളായി മണ്ണുവട്ടാരം ജനവാസകേന്ദ്രത്തിൽ മാലിന്യനിക്ഷേപിക്കുന്നത്.
ഇവിടെനിന്നുള്ള ദുർഗന്ധംമൂലം ഭക്ഷണം കഴിക്കാനും ഉറങ്ങാനും കഴിയാത്ത സ്ഥിതിയാണുള്ളത്. ശ്മശാനങ്ങളിൽ മാത്രം കണ്ടുവരുന്ന പരുന്തുകൾ മണ്ണുവട്ടാരത്തിൽ മാലിന്യം ഭക്ഷിക്കാൻ സ്ഥിരമായി എത്താറുണ്ട്. കൂടാതെ തെരുവുനായ്ക്കളും ഉഗ്രവിഷപാന്പുകളും ഇവിടെ ദീർഘകാലമായി വിഹരിക്കുകയാണ്.
ഇതുമൂലം ഇതുവഴി രാത്രികാലത്ത് കാൽനടയാത്രപോലും സാധ്യമല്ല. വീടുകൾക്കു സമീപത്തെ സ്വകാര്യവ്യക്തിയുടെ സ്ഥലത്താണ് സ്ഥിരമായി മാലിന്യനിക്ഷേപിക്കൽ നടക്കുന്നത്. ഇതു തടഞ്ഞു ആരോഗ്യവകുപ്പ് സ്ഥാപിച്ച ബോർഡും സാമൂഹ്യവിരുദ്ധർ എടുത്തുമാറ്റി.