ദുബായ്: ചലച്ചിത്ര നടി ശ്രീദേവിയുടെ മൃതദേഹം ഇന്ന് തന്നെ ഇന്ത്യയിലേക്ക് കൊണ്ടുവരും. മൃതദേഹം വിട്ടുനൽകാൻ ദുബായ് പബ്ലിക് പ്രോസിക്യൂട്ടർ അനുമതി നൽകി. മരണം സംബന്ധിച്ച അന്വേഷണം നടത്തിയ ശേഷമാണ് പബ്ലിക് പ്രോസിക്യൂട്ടർ മൃതദേഹം വിട്ടുനൽകാനുള്ള അനുമതി പത്രം നൽകിയത്. എംബാം നടപടികൾ പൂർത്തിയാക്കി രാത്രിയോടെ മൃതദേഹം മുംബൈയിൽ എത്തിക്കാനാണ് ബന്ധുക്കളും ഇന്ത്യൻ കോൺസുലേറ്റ് അധികൃതരും ശ്രമിക്കുന്നത്.
ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ട് മൂന്ന് തവണ ഭർത്താവ് ബോണി കപൂറിനെ ദുബായ് പോലീസ് ചോദ്യം ചെയ്തിരുന്നു. ശ്രീദേവിയുടെ തലയിലേറ്റ ആഴത്തിലുള്ള മുറിവാണ് പോലീസിന് സംശയങ്ങൾക്ക് ഇട നൽകിയത്. ചോദ്യം ചെയ്യലിൽ അസ്വാഭാവികമായി എന്തെങ്കിലും കണ്ടാൽ മൃതദേഹം വീണ്ടും പോസ്റ്റ്മോർട്ടം ചെയ്യുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.
അഭ്യൂഹങ്ങളെല്ലാം തള്ളിയാണ് മൃതദേഹം വിട്ടുനൽകാൻ പബ്ലിക് പ്രോസിക്യൂട്ടർ അനുമതി നൽകിയത്. ഇതോടെ കേസ് അവസാനിക്കുമെന്നാണ് കരുതുന്നത്. ശ്രീദേവിയുടേത് അപകടമരണം തന്നെയെന്ന നിലപാടിലാണ് പോലീസ് എത്തിച്ചേർന്നിരിക്കുന്നത്. ഭർത്താവ് ബോണി കപൂറിന് പുറമേ ബന്ധുക്കളെയും ഹോട്ടൽ ജീവനക്കാരെയും പോലീസ് ചോദ്യം ചെയ്തിരുന്നു.
ശനിയാഴ്ച രാത്രിയാണ് ശ്രീദേവിയെ ദുബായിലെ ആഡംബര ഹോട്ടലിനുള്ളിലെ ബാത്ത് ടബിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കുളിക്കാൻ കയറിയ ശ്രീദേവിയെ 15 മിനിറ്റിന് ശേഷവും കണാതെ വന്നതോടെ ഭർത്താവ് ബോണി കപൂർ വാതിൽ തള്ളിത്തുറന്ന് നോക്കുന്പോഴാണ് ചലനമറ്റ നിലയിൽ കണ്ടത്. തുടർന്ന് വിവരം പോലീസിൽ അറിയിക്കുകയായിരുന്നു.