മലപ്പുറം: തൊഴിൽ തേടി രാജ്യംവിട്ട തിരൂർക്കാരൻ ഹംസ ബിൻ സൈതാലിക്ക് ഇനി ഇന്ത്യക്കാരനായി ജീവിക്കാം. ജോലി അന്വേഷിച്ച് 1957 ൽ മലേഷ്യയിലെത്തി പൗരത്വം സ്വീകരിച്ച തിരൂർക്കാരനാണ് പിന്നീട് ഇന്ത്യക്കാരനാണെന്നു തെളിയിക്കാൻ പെടാപ്പാട് പെട്ടത്.
പതിനാലാം വയസിൽ ഹംസ മലേഷ്യയിലെത്തിയപ്പോൾ അവിടെ പൗരത്വം കിട്ടാൻ എളുപ്പമായിരുന്നു. ഇടയ്ക്കിടെ സ്വന്തം നാടായ തിരൂരിലെ മൂത്തൂരിലെത്തുന്നതിനും കുടുംബത്തോടൊപ്പം താമസിക്കുന്നതിനും ബുദ്ധിമുട്ടുണ്ടായിരുന്നില്ല. പിന്നീടാണ് പാസ്പോർട്ടും വിസയും രാജ്യം വിട്ടുള്ള യാത്രയും തിരൂരിലെ സ്ഥിരതാമസവും എല്ലാ പ്രശ്നമായി തുടങ്ങിയത്.
തുടർന്നു ഇന്ത്യൻ പൗരത്വം കിട്ടാനുള്ള പരക്കം പാച്ചിലയിരുന്നു. 2001 ലാണ് ഇന്ത്യൻ പൗരത്വം തേടി കളക്ടർക്ക് ഹംസ അപേക്ഷ നൽകിയത്. ഭാഷയിലും വേഷത്തിലും പൂർണമായും ഇന്ത്യക്കാരനായിരുന്നിട്ടും ഹംസയുടെ അപേക്ഷയിലുള്ള നടപടികൾ നീണ്ടു.
അവസാനം നടപടികളെല്ലാം പൂർത്തിയാക്കി മലപ്പുറം കളക്ടറേറ്റിൽ നടന്ന ചടങ്ങിൽ കളക്ടർ അമിത് മീണ ഇന്ത്യൻ പൗരത്വം ആലേഖനം ചെയ്ത സർട്ടിഫിക്കറ്റ് ഹംസക്ക് കൈമാറി.