മലപ്പുറം മഞ്ചേരിയില്‍ അപമര്യാദയായി പെരുമാറിയതു ചെറുക്കാന്‍ ശ്രമിച്ചതിന് നാടോടി യുവതിയുടെ ഒന്‍പതു മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ വെട്ടിപ്പരുക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍. മഞ്ചേരി മേലാക്കം സ്വദേശി അയ്യൂബിനെയാണ് (40) മഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. മദ്യലഹരിയിലാണ് കുട്ടിയെ പ്രതി വെട്ടിപരിക്കേല്‍പ്പിച്ചത്. മഞ്ചേരിയിലെ തെരുവില്‍ അന്തിയുറങ്ങുന്ന കുടുംബമാണ് ഈ ക്രൂരതയ്ക്ക് ഇരയായത്. ഒന്‍പതു മാസം പ്രായമുളള പെണ്‍കുഞ്ഞിനാണു വെട്ടേറ്റത്.
ഒരു വര്‍ഷത്തോളമായി കന്യാകുമാരി, ഭര്‍ത്താവ് മുരുകന്‍, മകള്‍ പ്രിയ, സഹോദരന്‍ ധര്‍മന്‍ എന്നിവരടങ്ങുന്ന നാടോടി കുടുംബം മഞ്ചേരി ഐജിബിടി ബസ് സ്റ്റാന്‍ഡ് പരിസരത്തെ പണിതീരാത്ത കെട്ടിടത്തിലാണ് അന്തിയുറങ്ങുന്നത്. മുരുകനും പ്രതിയും സുഹൃത്തുക്കളാണ്. ഇരുവരും ഒന്നിച്ചിരുന്നു മദ്യപിക്കുന്നതും പതിവാണ്. തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. മുരുകനില്ലാത്ത സമയത്താണ് പ്രതി എത്തിയത്. തന്നോടു അപമര്യാദയായി പെരുമാറിയ അയ്യൂബിനോടു കന്യാകുമാരി കയര്‍ത്തു സംസാരിച്ചു. ഇതില്‍ പ്രകോപിതനായ പ്രതി കത്തി വീശുകയും കുഞ്ഞിനും ധര്‍മനും പരിക്കേല്‍ക്കുകയുമായിരുന്നു.
കാലില്‍ സാരമായി പരിക്കേറ്റ കുഞ്ഞിനെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിന് പിന്നാലെ തന്നെ പരാതി അറിയിച്ചെങ്കിലും പോലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കാന്‍ തയാറായില്ലെന്നു കുട്ടിയുടെ പിതാവ് പറയുന്നു. പരാതി കേള്‍ക്കാതെ പോലീസ് അധിക്ഷേപിച്ചുവിട്ടതായാണ് കുട്ടിയുടെ പിതാവിന്റെ പരാതി. താനും കൂടി ചേര്‍ന്നല്ലെ കുഞ്ഞിനെ വെട്ടിയതെന്ന് പോലീസ് ചോദിച്ചെന്നും മുരുകന്‍ പറയുന്നു. എന്നാല്‍ പരാതി അടിസ്ഥാനരഹിതമാണെന്നു മഞ്ചേരി സിഐ അറിയിച്ചു. വിവരം കിട്ടിയതനുസരിച്ചു മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചെന്നപ്പോള്‍ കുടുംബം അവിടെ നിന്നു പോയിരുന്നു. തുടര്‍ന്നു ഇന്നലെ പോലീസ് സ്റ്റേഷനില്‍ എത്തിയ കുട്ടിയുടെ പിതാവ് പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് പറഞ്ഞതെന്നും പോലീസ് പറയുന്നു.
ഇന്നലെ തന്നെ കേസെടുക്കുകയും പ്രതിയെ അറസ്റ്റു ചെയ്തതായും സിഐ അറിയിച്ചു. പ്രതിയെ ഇന്നു മഞ്ചേരി കോടതിയില്‍ ഹാജരാക്കും. അതേസമയം, വെട്ടേറ്റ കുഞ്ഞിനേയും അമ്മയേയും സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റാന്‍ ശ്രമം ആരംഭിച്ചു. മഞ്ചേരി നഗരത്തില്‍ നിരവധി നാടോടി കുടുംബങ്ങള്‍ തെരുവില്‍ അന്തിയുറങ്ങുന്നുണ്ടെങ്കിലും അവര്‍ക്ക് സുരക്ഷയൊരുക്കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല. നാടോടി കുടുംബങ്ങള്‍ പതിവായി അക്രമത്തിനു ഇരയാകുന്നതായി പരാതിയുണ്ടെങ്കിലും അധികൃതര്‍ തിരിഞ്ഞുനോക്കാറില്ല.