കൊച്ചി: ഇനി ശേഷിക്കുന്നത് രണ്ടു സ്ഥാനങ്ങൾ. കൂട്ടിയും കിഴിച്ചും പ്രാർഥിച്ചും അവസാന നാലിലെത്തുമെന്ന പ്രതീക്ഷയിലുള്ളത് അഞ്ചു ടീമുകളും. ഐഎസ്എൽ നാലാം സീസണ് അവസാന ഘട്ടത്തിലേക്കടുക്കുന്പോൾ കാൽപന്തുകളിയുടെ എല്ലാ അപ്രചനീയതകളും ലീഗ് ഘട്ടത്തിന്റെ മാറ്റു കൂട്ടുന്നു. ബംഗളൂരു എഫ്സി, പൂന സിറ്റി എഫ്സി എന്നീ ടീമുകൾ ഇതിനകം പ്ലേഓഫിൽ സ്ഥാനം ഉറപ്പിച്ചു. നിലവിലെ ചാന്പ്യന്മാരായ എടികെ, ഡൽഹി ഡൈനാമോസ്, നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എന്നിവർ പുറത്തുമായി. ചെന്നൈയിൻ എഫ്സി, ജംഷഡ്പൂർ എഫ്സി, കേരള ബ്ലാസ്റ്റേഴ്സ്, എഫ്സി ഗോവ, മുംബൈ സിറ്റി എഫ്സി എന്നിവരാണ് ഇനി ബാക്കിയുള്ള രണ്ടു സ്ഥാനങ്ങൾക്കു വേണ്ടിയുള്ള പോരിനിറങ്ങുന്നത്.
ചെന്നൈയിൻ ഉറപ്പിച്ചപോലെ
സീസണിൽ എട്ടു വിജയങ്ങൾ പേരിലെഴുതിയ ചെന്നൈയിൻ പ്ലേഓഫിൽ സ്ഥാനം ഉറപ്പിച്ച മട്ടാണ്. അവസാന നാലിലെത്തിയ എഫ്സി പൂന സിറ്റിയുമായി പോയിന്റ് നിലയിൽ ഒപ്പത്തിനൊപ്പമാണെങ്കിലും ഗോൾ വ്യത്യാസത്തിലെ അന്തരം മൂലമാണു സൂപ്പർ മച്ചാൻസ് മൂന്നാം സ്ഥാനത്തു നിൽക്കുന്നത്. കഴിഞ്ഞ കളിയിൽ കേരള ബ്ലാസ്റ്റേഴ്സിനെതിരേ സമനിലയ്ക്കു വേണ്ടിയുള്ള കളി കാഴ്ചവച്ച ചെന്നൈയിന്റെ അവസാന മത്സരം സ്വന്തം തട്ടകത്തിലാണ്. മുംബൈ സിറ്റിയെ പരാജയപ്പെടുത്തി മുന്നേറാമെന്ന പ്രതീക്ഷയിൽ മാർച്ച് മൂന്നിനാണു നീലപ്പട കളത്തിലിറങ്ങുന്നത്.
കോപ്പലാശാന്റെ കണക്കുക്കൂട്ടൽ
കണക്കിലെ കളി നന്നായി അറിയുന്ന പരിശീലകനാണു സ്റ്റീവ് കോപ്പൽ. കഴിഞ്ഞ സീസണിൽ അതു ബ്ലാസ്റ്റേഴ്സിനു വേണ്ടിയായിരുന്നെങ്കിൽ ഇത്തവണ പുതിയ ടീം ജംഷഡ്പൂർ എഫ്സിയുടെ മുന്നേറ്റത്തിനായാണ്. കഴിഞ്ഞ അഞ്ചു മത്സരങ്ങളിൽ മൂന്നു വിജയങ്ങൾ തുടർച്ചായായി നേടി ഗംഭീര തിരിച്ചു വരവാണു ജംഷഡ്പൂർ നടത്തിയത്. ഇനി നിർണായക മത്സരത്തിൽ എഫ്സി ഗോവയാണു ജംഷഡ്പൂരിന്റെ എതിരാളികൾ. ഈ മത്സരത്തിൽ വിജയം നേടിയാൽ കണക്കുകളുടെ പിൻബലമില്ലാതെ കോപ്പലാശാന്റെ ടീമിന് അവസാന നാലിലെത്താം.
പ്രാർഥനയോടെ മഞ്ഞപ്പട
ഒരു മത്സരം മാത്രം ബാക്കി നിൽക്കേ പ്ലേഓഫിൽ സ്ഥാനം ഉറപ്പിക്കണമെങ്കിൽ മഞ്ഞപ്പടയ്ക്കു വിജയം മാത്രം നേടിയതു കൊണ്ടായില്ല. ജംഷഡ്പൂരിന്റെയും ഗോവയുടെയും മുംബൈയുടെയും മത്സരഫലത്തിന് അനുസരിച്ചായിരിക്കും ബ്ലാസ്റ്റേഴ്സിന്റെ കുതിപ്പ്. ടീമിന് ഇനി ചെയ്യാനാകുന്ന എക കാര്യം നാളെ നടക്കുന്ന പോരാട്ടത്തിൽ കരുത്തരായ ബംഗളൂരുവിനെ അവരുടെ തട്ടകത്തിൽ അട്ടിമറിക്കുകയാണ്.
സ്ഥിരതയില്ലാത്ത ഗോവ
ഗോളുകൾ അടിച്ചു കൂട്ടുന്പോഴും സ്ഥിരത നിലനിർത്താനാകാതെ പോയ സംഘമാണ് എഫ്സി ഗോവ. വന്പൻ വിജയങ്ങൾ നേടിയപ്പോഴും ആറു കളികളിൽ തോൽവിയേറ്റു വാങ്ങിയത് അവരുടെ സെമി പ്രവേശനത്തെ ത്രിശങ്കുവിലാക്കി. ഇന്ന് എടികെയെ പരാജയപ്പെടുത്തി പ്രതീക്ഷകളുടെ തിരി കെടാതെ സൂക്ഷിക്കാനാണു കോറോയും സംഘവും ശ്രമിക്കുന്നത്. അവസാന മത്സരം കരുത്തരായ ജംഷഡ്പൂരിനോട് ആയതിനാൽ ഇന്നത്തെ മത്സരം നീലപ്പടയ്ക്കു അതി നിർണായകമാണ്.
മുംബൈ സിറ്റിയും അവസാന നാലിൽ എത്താനുള്ള പോരാട്ടത്തിലുണ്ടായിരുന്നെങ്കിലും ഇന്നലെ ഡൽഹിയോട് ഏറ്റ കനത്ത പരാജയം അവരുടെ സാധ്യതകൾ അവസാനം കുറിച്ചിട്ടുണ്ട്. അവസാന മത്സരത്തിൽ ചെന്നൈയിനാണ് അലക്സാണ്ട്രേ ഗുമെയ്റസിന്റെയും സംഘത്തിന്റെ എതിരാളികൾ.
കയ്യടി ബംഗളൂരുവിന്
ഐ ലീഗിൽനിന്ന് ഐഎസ്എലിലേക്ക് എത്തിയ ആദ്യ സീസണിൽ ഒരു പതർച്ചയുമില്ലാതെ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ബംഗളൂരു എഫ്സിയാണ് ഇത്തവണ കയ്യടി നേടുന്നതു മുഴുവനും. ഏറെ നാളായി ഒന്നിച്ചു കളിക്കുന്ന താരങ്ങൾ തമ്മിലുള്ള ഒത്തിണക്കമാണു ബംഗളൂരു എഫ്സിയുടെ വിജയമായി വിലയിരുത്തപ്പെടുന്നത്. ഒരു സീസണുശേഷം അടിമുടി മാറ്റങ്ങൾ വരുത്തുന്ന ടീമുകൾക്കു മികച്ച പാഠമാണു നീലപ്പടയുടെ വിജയഗാഥ.
ബിബിൻ ബാബു