ഗാന്ധിനഗർ: നാളെ മുതൽ കോട്ടയം മെഡിക്കൽ കോളജിനുള്ള സ്റ്റെന്റ് , പേസ്മേക്കർ എന്നിവയുടെ വിതരണം നിർത്തി വയ്ക്കുമെന്ന് സ്വകാര്യ കന്പനികൾ ആശുപത്രി അധികൃതരെ അറിയിച്ചു. ഹൃദ്രോഗികൾക്ക് ഏറെ വിഷമം സൃഷ്ടിക്കുന്ന തീരുമാനമാണെന്നും സർക്കാർ അടിയന്തരമായി ഇടപെടണമെന്നും ആവശ്യം ഉയർന്നു.
കോടിക്കണക്കിന് രൂപയുടെ കുടിശിക വരുത്തിയതിനാലാണ് ഇവ ഇനി നല്കാനാവില്ലെന്ന് കന്പനികൾ തീരുമാനിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളജിനും സ്റ്റെന്റ്, പേസ് മേക്കർ വിതരണം നാളെ മുതൽ നിർത്തും. 70 കോടിയോളം രുപയാണ് സംസ്ഥാനത്തെ വിവിധ ഗവ. മെഡിക്കൽ കോളജുകളിൽ നിന്ന് സ്വകാര്യ കന്പനികൾക്ക് ലഭിക്കാനുള്ളത്.
ഏറ്റവുധികം തുക കുടിശികയുള്ളത് തിരുവനന്തപുരം, കോട്ടയം മെഡിക്കൽ കോളജുകളിൽ നിന്നാണ്. സ്റ്റെന്റ്, പേസ്മേക്കർ എന്നിവയില്ലെങ്കിൽ ചികിൽസകൾക്കായി കാത്തു നിൽക്കുന്ന അനവധി ഹൃദ്രോഗികളെ ബാധിക്കും. ജനുവരി ആദ്യ ആഴ്ചയിൽ, പണം തരുന്നത് സംബന്ധിച്ച് അഡീഷണൽ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന് ചേംബർ ഓഫ് ഡിസ്റ്റിബ്യൂട്ടേഴ്സ് മെഡിക്കൽ ഇൻ പ്ലാന്റ് ആന്റ് ഡിസ്പോസിബിൾ പ്രസിഡന്റ ഡി.
ശാന്തി കുമാർ കത്ത് നൽകിയിരിന്നു. ജനുവരിയിൽ നൽകിയ കത്തിലാണ് പണം നൽകുവാൻ കഴിഞ്ഞില്ലെങ്കിൽ മാർച്ച് ഒന്നു മുതൽ വിതരണം നിർത്തിവയ്ക്കുമെന്ന മുന്നറിയിപ്പു നല്കിയിരുന്നത്. എന്നാൽ കോട്ടയം മെഡിക്കൽ കോളജിൽ നിശ്ചിത ദിവസത്തേക്ക് കൂടി സ്റ്റോക്ക് ചെയ്തിരിക്കുന്ന സ്റ്റെന്റ് ഉപയോഗിക്കുവാൻ കഴിയും.
പക്ഷേ പേസ്മേക്കർ ലഭിക്കാത്തത് രോഗികളെ ബാധിക്കുമെന്ന് കോട്ടയം മെഡിക്കൽ കോളജ് കാർഡിയോളജി മേധാവി ഡോ: രാജു ജോർജ്, യൂണിറ്റ് ചീഫ് ഡോ: വി.എൽ ജയപ്രകാശ് എന്നിവർ പറയുന്നു. ഒരു കാത്ത് ലാബ് കൂടി അനുവദിക്കുകയും അതിന്റെ നിർമാണ പ്രവർത്തനം ആരംഭിക്കുവാൻ തയ്യാറാകുന്പോഴാണ് ആൻജിയോപ്ലാസ്റ്റി ചികിത്സയ്ക്കുള്ള സ്റ്റെന്റ് വിതരണം നിർത്തിവയ്ക്കുന്നത്.ു