കൊടുമണ്‍: ഉപകനാലുകളിൽ വെള്ളമെത്തിക്കുന്നതിനു സ്ഥാപിച്ച പൈപ്പുകൾ ഉപയോഗശൂന്യമായി. വർഷങ്ങളായി പൈപ്പുകൾ ഉപയോഗശൂന്യമായി കിടക്കുകയാണെങ്കിലും അധികൃതരുടെ ഭാഗത്തു നിന്നും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലന്ന് നാട്ടുകാർ. കൊടുമണ്‍ കിഴക്ക് കോയിക്കൽ ഏലായിലാണ് കല്ലട ജലസേചന പദ്ധതിയുടെ പൈപ്പുകൾ സ്ഥാപിച്ചിട്ടുള്ളത്.
കൊടുമണ്‍ചിറ ഭാഗത്തുള്ള കെഐപി കനാലുകളിലും പറകുന്ന് ഭാഗത്തുള്ള ഉപകനാലുകളിലും വെള്ളമെത്തിക്കാനുള്ള പദ്ധതിയുടെ ഭാഗമായിട്ടാണ് പൈപ്പുകൾ സ്ഥാപിച്ചത്. വർഷങ്ങൾക്കു മുന്‍പ് സ്ഥാപിച്ച പൈപ്പുകളുടെ അറ്റകുറ്റപ്പണികൾ നടത്താത്തതാണു പൈപ്പുകൾ ഇത്തരത്തിൽ നശിച്ചുപോകാൻ കാരണമായതെന്ന് കർഷകർ ആരോപിക്കുന്നു.
ഒരു കിലോമീറ്ററോളം പൈപ്പ്ലൈൻ പാടശേഖരങ്ങളിലൂടെ വലിച്ചിട്ടുണ്ട്. പൈപ്പുലൈനിന്റെ പല ഭാഗങ്ങളിലുമുള്ള പൊട്ടൽ ജലം പാഴായി പോകുന്നതിന് കാരണമാകുന്നു. അടിക്കടി ഉണ്ടാകുന്ന പൊട്ടലുകൾ പരിഹരിക്കാൻ സിമന്റ് വച്ച് അടച്ച് പരിഹാരം കണ്ടെങ്കിലും പ്രയോജനമുണ്ടായില്ല. ശക്തമായി പൈപ്പിലൂടെ ജലം എത്തിയപ്പോൾ സിമന്റ് അടരുകയും പൊട്ടൽ വലുതാകുകയും ചെയ്തു. കൊടുമണ്‍ ചിറ, വള്ളുവയൽ, ചേരുവ, അങ്ങാടിക്കൽ എന്നിവിടങ്ങളിലെ കർഷകർക്ക് പൈപ്പ്ലൈൻ വഴിയുള്ള ജലം ഏറെ പ്രയോജനപ്പെട്ടിരുന്നു. കൃഷിക്കും വീട്ടാവശ്യങ്ങൾക്കും പൈപ്പ് ജലം ഉപയോഗിച്ചിരുന്നു.
കേടുപാടുകൾ വന്ന പൈപ്പുകൾ മാറ്റി പുതിയത് സ്ഥാപിച്ചെങ്കിലേ നിലവിലെ പ്രശ്നത്തിന് പരിഹാരം കണ്ടെത്താൻ സാധിക്കുവെന്ന് നാട്ടുകാർ അഭിപ്രായപ്പെട്ടു. എന്നാൽ അധികൃതരുടെ ഭാഗത്തു നിന്നും ഇതുവരെ യാതൊരു നടപടയും ഉണ്ടായില്ല. പഞ്ചായത്തിലൂടെ കടന്നുപോകുന്ന മിക്ക ഉപകനാലുകളുടെ അവസ്ഥയും ശോചനീയമാണ്.
കനാലുകൾ വൃത്തിയാക്കാതെ ജലം തുറന്ന് വിട്ടതിൽ സമീപ കാലത്ത് നാട്ടുകാർ പ്രതിഷേധം ഉന്നയിച്ചിരുന്നു. വൈകുണ്ഡപുരം ക്ഷേത്ര സമീപത്തുകൂടി കടന്നു പോകുന്ന കൈവരി കനാലുകളിൽ വെള്ളമെത്തിയിട്ട് നാളേറെയായി. പരാതിപെടുന്പോൾ ബന്ധപ്പെട്ട അധികാരികൾ വന്നു നോക്കുമന്നല്ലാതെ നടപടി സ്വീകരിക്കാറില്ല. അറ്റകുറ്റപ്പണി നടത്തിയോ, പുതിയതു സ്ഥാപിച്ചോ ശുദ്ധജലം ലഭ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം