സ്വന്തം ലേഖകൻ
കണ്ണൂര്‍: ശുഹൈബ് വധക്കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കെപിസിസി രാഷ്ട്രീയകാര്യ സമിതിയംഗം കെ.സുധാകരൻ നടത്തി വന്ന നിരാഹാര സമരം ലക്ഷ്യം കാണാതെ അവസാനിപ്പിച്ചെങ്കിലും കണ്ണൂരിലെ യുഡിഎഫിനും കോൺഗ്രസിനും സമരത്തിലൂടെ ലഭിച്ചത് പുത്തനൊരു ഉണർവാണ്.
കെ.സുധാകരൻ നേതൃത്വം നല്കുന്ന കണ്ണൂരിലെ കോൺഗ്രസിനെക്കുറിച്ച് കെപിസിസി ഉൾപ്പെടെയുള്ളവർ വിമർശിച്ചിരുന്നു. കെപിസിസിയുടെ കോൺഗ്രസ് സംഘടനാ അവലോകന റിപ്പോർട്ടിൽ കണ്ണൂരിൽ കോൺഗ്രസിന് വേണ്ടത്ര മുന്നേറാൻ സാധിക്കുന്നില്ലെന്നും സംസ്ഥാനത്ത് കോൺഗ്രസ് പാർട്ടിയെ സജീവമാക്കാൻ സംഘടിപ്പിച്ച പല പരിപാടികളിലും കണ്ണൂർ പിന്നിലെന്നും കണ്ടെത്തിയിരുന്നു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിച്ച പടയൊരുക്കം പരിപാടിയുടെ ഭാഗമായുള്ള ഒപ്പ് ശേഖരണത്തിലും കണ്ണൂരിൽ നിന്നും വേണ്ടത്ര പങ്കാളിത്തം ഉണ്ടാക്കാൻ നേതൃത്വത്തിന് സാധിച്ചില്ലെന്നും കോൺഗ്രസ് കുടുംബസംഗമങ്ങൾ മറ്റ് ജില്ലയിൽ പൂർത്തിയായപ്പോഴും കണ്ണൂരിൽ വളരെ കുറച്ച് കുടുംബസംഗമങ്ങൾ മാത്രമാണ് പൂർത്തിയായതെന്നും കെപിസിസി അവലോകന റിപ്പോർട്ടിൽ പറഞ്ഞിരുന്നു.
കെപിസിസി നേതാക്കളിൽ കെ. സുധാകരന്റെ നേതൃത്വത്തെക്കുറിച്ച് ഏറെ വിമർശനം നടന്നു വരുന്നതിനിടയിലാണ് ശുഹൈബിന്റെ കൊലപാതകവും തുടർന്നുള്ള കെ. സുധാകരന്റെ സമരവും. സുധാകരന്റെ സമരം കണ്ണൂരിലെ കോൺഗ്രസിന് മാത്രമല്ല സംസ്ഥാനത്തെ കോൺഗ്രസിന് തന്നെ ഉണർവായി മാറിയിരിക്കുകയാണ്. ഒപ്പം കോൺഗ്രസ് രാഷ്ട്രീയത്തിൽ സുധാകരന്റെ ഗ്രാഫും ഉയർന്നു.
കോണ്‍ഗ്രസ് രാഷ്ട്രീയത്തിൽ നിര്‍ണായകഘട്ടത്തില്‍ സമര കേന്ദ്രമാണ് എക്കാലവും കെ. സുധാകരന്. അതു തന്നെയാണ് എതിര്‍കക്ഷികളില്‍ നിന്ന് എതിര്‍പ്പിന്റെ പടതന്നെ ഉയര്‍ന്നിട്ടും സുധാകരൻ ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യനാകുന്നത്. 1997ലാണ് കേരള രാഷ്ട്രീയത്തില്‍ കെ. സുധാകരനും കണ്ണൂരിലെ കോണ്‍ഗ്രസ് രാഷ്ട്രീയവും ആദ്യം കേന്ദ്രബിന്ദുവാകുന്നത്. പയ്യാവൂര്‍ ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന പ്രശ്നമാണ് സുധാകരനെ അനിശ്ചിതകാല നിരാഹാര സമരത്തിലേക്ക് നയിച്ചത്.
15 ദിവസത്തെ നിരാഹാര സമരത്തില്‍ വിജയ പതാക പാറിച്ച് കണ്ണൂരില്‍ സുധാകരൻ കരുത്ത് തെളിയിച്ചു. 1997ല്‍ തദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് ശേഷം പയ്യാവൂർ പഞ്ചായത്തിൽ ഒരു വിഭാഗം കോണ്‍ഗ്രസ് അംഗങ്ങള്‍ സിപിഎമ്മുമായി ധാരണയിലെത്തി ഭരണം അട്ടിമറിക്കുകയായിരുന്നു.
പിന്നീട് കോടതി ഇടപെടലും ശക്തമായ പ്രതിഷേധവുമുണ്ടായിട്ടും ഭരണമാറ്റം ഉണ്ടായില്ല. ഇതിനെ തുടര്‍ന്നാണ് കെ. സുധാകരന്റെ നേതൃത്വത്തില്‍ പയ്യാവൂരില്‍ അനിശ്ചിതകാല നിരാഹാരം ആരംഭിക്കുന്നത്. ഇ.കെ നായനാര്‍ മന്ത്രിസഭാകാലഘട്ടമായിരുന്നു അന്ന്. കേരള രാഷ്ട്രീയം സമരദിവസങ്ങളിൽ പയ്യാവൂരിലേക്ക് ഒഴുകിയെത്തുകയായിരുന്നു.
ഇതിന് സമാനമായാണ് തന്റെ പ്രിയ ശിഷ്യനും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ എടയന്നൂരിലെ ശുഹൈബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സുധാകരൻ കളക്ടറേറ്റ് പടിക്കൽ ആരംഭിച്ച നിരാഹാരസമരം. നിരാഹാര സമരം ലക്ഷ്യം കാണാതെ അവസാനിച്ചെങ്കിലും കേരള രാഷ്ട്രീയത്തില്‍ ശക്തമായ സാന്നിധ്യമുറപ്പിക്കാൻ കെ. സുധാകരന് സാധിച്ചു. സംസ്ഥാനത്തെ എല്ലാ കോണ്‍ഗ്രസ് നേതാക്കളെയും യുഡിഎഫ് അംഗങ്ങളെയും കണ്ണൂരിലേക്ക് എത്തിക്കാൻ സമരത്തിന് സാധിച്ചു.
കണ്ണൂര്‍ ജില്ലയില്‍ സിപിഎം-കോണ്‍ഗ്രസ് സംഘര്‍ഷം കാര്യമായൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത സാഹചര്യത്തിലാണ് മട്ടന്നൂര്‍ എടയന്നൂരിലെ ശുഹൈബിനെ ഒരുസംഘം വെട്ടികൊലപ്പെടുത്തുന്നത്. സംഭവത്തിന് പിന്നിൽ സിപിഎം ആണെന്ന് വ്യക്തമായ സൂചന നല്‍കികൊണ്ടാണ് പ്രതികളുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയത്. ഇതോടെയാണ് കെ. സുധാകരന് സമരകേന്ദ്രമായി കോണ്‍ഗ്രസ് വീണ്ടും കത്തിപടരുന്നത്.
2014ലെ ലോകസഭാ തെരഞ്ഞെടുപ്പിൽ പി.കെ ശ്രീമതിയോട് പരാജയപ്പെട്ടതോടെ കെ. സുധാകരന് കണ്ണൂർ രാഷ്ട്രീയത്തിൽ അപ്രസക്തനാകുകയായിരുന്നു. എന്നാല്‍ പ്രിയ ശിഷ്യന്റെ മരണവാര്‍ത്തയറിഞ്ഞ് വിദേശത്ത് നിന്നും പറന്നെത്തി സുധാകരന് ധര്‍മ സമരത്തിന്റെ പതാക ഏറ്റെടുക്കുകയായിരുന്നു. കണ്ണൂർ ജില്ലയിൽ യുഡിഎഫിൽ ലീഗും-കോൺഗ്രസും തമ്മിലുള്ള ശീതസമരം തുടരുന്നതിനിടയിൽ ലീഗ് നേതാക്കളെയും പ്രവർത്തകരെയും സമരത്തിലൂടെ കോൺഗ്രസിന് ഒന്നിപ്പിക്കാനായി.
ഗ്രൂപ്പ് ഭേദമില്ലാത കോൺഗ്രസ് നേതാക്കൾ സമരപ്പന്തലിൽ എത്തി. ഇടത്തോട് ചാഞ്ഞു നില്ക്കുന്ന കേരള കോൺഗ്രസ് എം നേതാക്കൾ പോലും സുധാകരന് അഭിവാദ്യം അർപ്പിക്കാൻ സമരപ്പന്തലിൽ എത്തിയിരുന്നു. കേഡർ സംവിധാനം ഇല്ലാത്ത പാർട്ടിയാണ് കോൺഗ്രസ് എങ്കിലും യൂത്ത് കോൺഗ്രസ് പ്രവർത്തകരും മറ്റ് പോഷക സംഘടനകളും കഠിനപ്രയത്നം നടത്തിയുള്ള കൂട്ടായ്മയാണ് സമരപ്പന്തലിൽ കാണുവാൻ സാധിച്ചത്.
സമരത്തിൽ നിന്നും കിട്ടിയ ആവേശം ചോരാതെ സൂക്ഷിക്കാനുള്ള തയാറെടുപ്പിലാണ് ജില്ലയിലെ കോൺഗ്രസ് നേതൃത്വം. സമരത്തിന്റെ തുടർച്ചയായി മാർച്ചിൽ യുഡിഎഫ് രാപ്പകൽ സമരവും പ്രഖ്യാപിച്ചിട്ടുണ്ട്.കണ്ണൂർ രാഷ്ട്രീയത്തിലെ സുധാകരന്റെ അപ്രമാദിത്വം തെരഞ്ഞെടുപ്പ് തോൽവി കൊണ്ടൊന്നും അവസാനിക്കുന്നതെല്ലെന്ന് കെ. സുധാകരന് സമരത്തിലൂടെ തെളിയിക്കാൻ പറ്റി.
ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനിയും യൂത്ത് കോൺഗ്രസ് ലോകസഭാ മണ്ഡലം പ്രസിഡന്റ് ജോഷി കണ്ടത്തിലും 24 മണിക്കൂർ വീതം ഉപവാസം അനുഷ്ഠിച്ച ശേഷമാണ് സുധാകരൻ നേരിട്ട് സമര മുഖം തുറന്നത്. ആദ്യം 48 മണിക്കൂർ മാത്രമായി നിശ്ചയിച്ച സമരം അനിശ്ചിത കാലത്തേക്ക് നീട്ടുകയായിരുന്നു. 2019 ലെ ലോകസഭാ തെരഞ്ഞെടുപ്പിൽ കണ്ണൂരിൽ വിജയക്കൊടി പാറിക്കാൻ ഒത്തൊരുമിച്ച് പ്രവർത്തിക്കാൻ യുഡിഎഫിന് കഴിയുമെന്ന് തെളിയിക്കുന്നതായിരുന്നു കണ്ണൂരിലെ സമര കൂട്ടായ്മ.