പൂയംകുട്ടി: തുക അനുവദിച്ചിട്ടും വനം വകുപ്പിന്റെ അനാസ്ഥമൂലം ഫെൻസിംഗ് സ്ഥാപിക്കുന്നതിനു നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധമുയരുന്നു. മണികണ്ഠംചാൽ മുതൽ കൂവപ്പാറ വരെ വനാതിർത്തിയിലെ മെയിൻ റോഡരികിൽ ഫെൻസിംഗ് സ്ഥാപിക്കുന്നതിനാണ് ആന്റണി ജോണ് എംഎൽഎയുടെ പ്രത്യേക വികസന ഫണ്ടിൽ നിന്നു ഏഴര ലക്ഷം രൂപ അനുവദിച്ചത്.
ജനസംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ 2017 ജൂണ് 25നു പൂയംകുട്ടി സ്കൂളിൽ ചേർന്ന യോഗത്തിലാണ് ഫെൻസിംഗ് സ്ഥാപിക്കുന്നതിനു തുക അനുവദിച്ചുകൊണ്ട് എംഎൽഎ പ്രഖ്യാപനം നടത്തിയത്. ജില്ലാ കളക്ടറുടെ ഭരണാനുമതിയും ലഭിച്ചിരുന്നു. ഇതു സംബന്ധിച്ച രേഖകൾ കുട്ടന്പുഴ റേഞ്ച് ഓഫീസിൽ സമിതി പ്രവർത്തകർ നേരിട്ട് എത്തിച്ചെങ്കിലും നാളിതുവരെയായിട്ടും നടപടിയുണ്ടായിട്ടില്ല.
ഇതേത്തുടർന്നു പൂയംകുട്ടി ജനസംരക്ഷണ സമിതി പ്രവർത്തകർ കോടനാട് ഡിഎഫ്ഒയോട് അന്വേഷിച്ചപ്പേഴാണ് മാർച്ച് 31നു മുന്പ് നിർമാണം പൂർത്തീകരിക്കേണ്ട ജോലിയുടെ ടെണ്ടർ നടപടികൾ പോലും പൂർത്തിയായില്ലെന്ന് അറിഞ്ഞത്. കാട്ടാന ഉൾപ്പെടെയുള്ള വന്യമൃഗങ്ങളുടെ ശല്യം വർധിച്ചുവരുന്ന സാഹചര്യത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ അലംഭാവം പ്രദേശവാസികളുടെ ശക്തമായ എതിർപ്പിനു കാരണമായിട്ടുണ്ട്.
പൂയംകുട്ടി പുഴയിൽ കുളിക്കാനിറങ്ങിയ പ്രദേശവാസിയെ കാട്ടാനചവിട്ടിക്കൊന്ന സംഭവം ഉണ്ടായിട്ട് അധികനാളുകളായിട്ടില്ല. പിന്നീട് നിരവധി തവണ പ്രദേശവാസികളുടെ നേർക്ക് വന്യ ജീവികളുടെ ആക്രമണമുണ്ടായി. കൃഷി നശിപ്പിക്കുന്നതും പതിവ് സംഭവമാണ്. വന്യമൃഗശല്യം മൂലം സ്വസ്ഥമായി ഉറങ്ങാൻ പോലും കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നു നാട്ടുകാർ പറഞ്ഞു.
വേനലിന്റെ കാഠിന്യം വർധിച്ചതോടെ തീറ്റയും വെള്ളവും തേടി വന്യ മൃഗങ്ങൾ നാട്ടിലിറങ്ങുന്നതും പതിവായിരിക്കുകയാണ്. സമയബന്ധിതമായി ഫെൻസിംഗ് പൂർത്തിയാക്കിയിരുന്നെങ്കിൽ വന്യ മൃഗങ്ങൾ ജനവാസ മേഖലയിൽ എത്തുന്നതു തടയാമായിരുന്നെന്നു നാട്ടുകാർ പറഞ്ഞു.
പ്രദേശവാസികളുടെ സുരക്ഷയെ ബാധിക്കുന്ന ഇത്തരം കാര്യങ്ങളിൽ വനം വകുപ്പ് അലംഭാവം കാണിക്കുന്നതിനു പിന്നിൽ മറ്റു ഗൂഢലക്ഷ്യങ്ങൾ ഉള്ളതായും നാട്ടുകാർ ആരോപിച്ചു. അടുത്ത 15നകം ഫെൻസിംഗ് ജോലികൾ ആരംഭിച്ചില്ലെങ്കിൽ മനുഷ്യാവകാശ കമ്മീഷനെ സമീപിക്കാനും റേഞ്ച് ഓഫീസിനു മുന്നിൽ രാപ്പകൽ സമരം ഉൾപ്പെടെയുള്ള പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനുമുള്ള തീരുമാനത്തിലാണ് ജനസംരക്ഷണ സമിതി പ്രവർത്തകരും നാട്ടുകാരും.