ആലുവ: ജില്ലയിലെ മുതിർന്ന പൗരന്മാർക്കു സമീപത്തെ പോലീസ് സ്റ്റേഷനുകളുമായി അടിയന്തരാവശ്യങ്ങൾക്കു ഫോണിൽ ബന്ധപ്പെടാൻ ഹോട്ട് ലൈൻ സംവിധാനം വരുന്നു. റൂറൽ ജില്ലാ പോലീസ് വിളിച്ചു ചേർത്ത ജില്ലയിലെ റസിഡന്റ്സ് അസോസിയേഷനുകളുടെ അവലോകന യോഗത്തിലാണ് ഈ തീരുമാനം.
ബിഎസ്എൻഎലുമായി സഹകരിച്ചു ഏപ്രിൽ ഒന്നു മുതലാണു പദ്ധതി നടപ്പാക്കുന്നത്. മുതിർന്ന പൗരന്മാർ തനിച്ചു താമസിക്കുന്ന വീടുകളാണ് സമീപത്തെ പോലീസ് സ്റ്റേഷനുമായി ബന്ധിപ്പിക്കുന്നത്. നാർക്കോട്ടിക് സെൽ എഎസ്പി സുജിത്ത് ദാസിനെ പദ്ധതിയുടെ നോഡൽ ഓഫീസറായി നിയമിച്ചു.
എല്ലാ പോലീസ് സ്റ്റേഷൻ പരിധിയിലെയും പ്രധാന കവലകളിൽ സിസിടിവി കാമറകൾ സ്ഥാപിക്കും. നൈറ്റ് പട്രോളിംഗ് സംവിധാനം ശക്തിപ്പെടുത്തും, വനിതാ പോലീസിനെയും നൈറ്റ് പട്രോളിംഗ് സംവിധാനത്തിന്റെ ഭാഗമാക്കും. ജില്ലാ തലത്തിൽ മൂന്നു മാസത്തിലൊരിക്കൽ റസിഡന്റ്സ് അസോസിയേഷനുകളുടെ അവലോകനയോഗം ചേരും. മികച്ച പ്രവർത്തനം നടത്തുന്ന അസോസിയേഷനു ട്രോഫി നൽകും.
ഓരോ പോലീസ് സ്റ്റേഷനുകളുടെ പരിധിയിൽ വരുന്ന റസിഡന്റ്സ് അസോസിയേഷനുകളുടെ അവലോകന യോഗം എല്ലാ മാസവും ചേരും. ജില്ലാ പോലീസ് മേധാവി എ.വി. ജോർജ് അധ്യക്ഷത വഹിച്ചു. നാർക്കോട്ടിക് സെൽ എഎസ്പി സുജിത്ത് ദാസ്, അഡ്മിനിസ്ട്രേഷൻ ഡിവൈഎസ്പി എൻ.ആർ. ജയരാജ്, ആലുവ ഡിവൈഎസ്പി കെ.ബി. പ്രഫുലചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.