കാക്കനാട്: മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം നടത്തിയ വാഹന പരിശോധനയിൽ 118 വാഹനങ്ങളിൽനിന്ന് എയർഹോണുകൾ അഴിച്ചുനീക്കി. ചെവിയിലെ സെൽസിനെ ബാധിക്കുന്ന വിധം തീവ്രശബ്ദം പുറപ്പെടുവിക്കുന്നതും ശബ്ദമലിനീകരണത്തോടു കൂടിയതുമായ എയർ ഹോണുകളാണു പിടിച്ചെടുത്തത്.
എറണാകുളം, കോട്ടയം, ഇടുക്കി, ജില്ലകളിലെ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം ഉദ്യോഗസ്ഥർ കഴിഞ്ഞ രാത്രിയാണു വാഹന പരിശോധന നടത്തിയത്. ആകെ 486 വാഹനങ്ങൾ പരിശോധിച്ചു. 3,36,900 രൂപ പിഴ ഈടാക്കി. 261 വാഹനങ്ങൾക്ക് ചെക്ക് റിപ്പോർട്ട് നൽകി. അന്തർ സംസ്ഥാന സർവീസ് നടത്തിയ 12 വാഹനങ്ങൾ പിടികൂടി ടാക്സും പിഴയും അടപ്പിച്ചു.
അപകടകരമായ വിധം വാഹനം ഓടിച്ച പത്ത് പേരുടെ ലൈസൻസുകൾ സസ്പെന്റ് ചെയ്യാൻ ആർടിഒയ്ക്കു ശിപാർശ ചെയ്തു. വാഹനാപകടങ്ങൾ കുറയ്ക്കുന്നതിനും വാഹന നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരേ നടപടിയെടുക്കുന്നതിനും പോലീസും മോട്ടോർ വാഹന വകുപ്പും സംയുക്തമായി വാഹന പരിശോധന ശക്തമാക്കുമെന്നു ഡപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർ എം.പി. അജിത് കുമാർ പറഞ്ഞു.