കരുനാഗപ്പള്ളി : ആദിവാസി യുവാവായ മധുവിനു നേരെയുണ്ടായതു പോലെയുള്ള അതിനിഷ്ഠൂരമായ നാടിന്റെ കാട്ടുനീതി അവസാനിപ്പിക്കാൻ നവോഥാന നായകരുടെ പൈതൃകം ഉയർത്തിപ്പിടിച്ച് സാംസ്കാരിക പ്രതിരോധം സൃഷ്ടിക്കുകയാണ് കാലത്തിന്റെ അനിവാര്യതയെന്നു ചലച്ചിത്ര പിന്നണി ഗായകൻ മത്തായി സുനിൽ പറഞ്ഞു.
വിശപ്പിനു ഐക്യദാർഢ്യം എന്ന നാമകരണത്തിൽ നന്മക്കൂട്ടം വി.അഹമ്മദ് കുട്ടി ഗ്രന്ഥശാല നടത്തിയ ഏകദിന ഉപവാസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മധുവിന്റെ കൊലപാതകം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നടക്കുന്ന കൊലപാതകങ്ങളെ അനുകരിക്കാൻ കേരളവും തുടങ്ങിയിരിക്കുന്നുവെന്നാണ് ഇത് ചൂണ്ടിക്കാട്ടുന്നതെന്നും അദ്ദേഹം പറഞ്ഞു.
രമണൻ ചിറ്റൂത്തറയിൽ അധ്യക്ഷത വഹിച്ചു. സമാപന സമ്മേളനം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വിജയകുമാർ ഉദ്ഘാടനം ചെയ്തു.