തൃശൂർ: ഓണ്‍ലൈൻ തട്ടിപ്പിലൂടെ നഷ്ടപ്പെട്ട പണം സൈബർ സെല്ലിന്റെ സമയോചിത ഇടപെടലിലൂടെ തിരിച്ചു കിട്ടി. വിയ്യൂർ സ്വദേശിനി രാജിയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ മനസിലാക്കി അക്കൗണ്ടിൽ നിന്നും 48,000 രൂപയാണ് തട്ടിയെടുത്തത്. ഇക്കഴിഞ്ഞ പത്തിനാണ് വീട്ടമ്മയുടെ മൊബൈൽ ഫോണിലേക്ക് വിളിവന്നത്.
ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിച്ചിട്ടില്ലാത്തതിനാൽ അക്കൗണ്ട് കാൻസൽ ആയിട്ടുണ്ടെന്നും പുനഃസ്ഥാപിക്കുന്നതിനായി എടിഎം നന്പർ വേണമെന്നും ആവശ്യപ്പെടുകയുമായിരുന്നു. സിവിവി നന്പറും കൈക്കലാക്കിയാണ് തട്ടിപ്പുനടത്തിയത്. പണം നഷ്ടപ്പെട്ടതിനെ തുടർന്ന് വീട്ടമ്മ തൃശൂർ സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകി.
വീട്ടമ്മയുടെ അക്കൗണ്ടിൽനിന്നു പിൻവലിച്ച തുക ഫോണ്‍ പേ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാനപത്തിലേയ്ക്കാണ് പോയത്. സ്ഥാപനവുമായി ബന്ധപ്പെട്ടപ്പോൾ തട്ടിപ്പു നടത്തിയവർ സ്വർണം വാങ്ങുന്നതിനു വേണ്ടിയായിരുന്നു പണം ട്രാൻസ്ഫർ ചെയ്തതെന്നു വ്യക്തമായി.
പശ്ചിമ ബംഗാൾ സ്വദേശികളാണ് തട്ടിപ്പിനു പിന്നിലെന്നു പോലീസ് പറഞ്ഞു. തുടർന്നു പണം തിരിച്ചുകിട്ടി. സംഭവത്തെ കുറിച്ച് കൂടുതൽ അന്വേഷണം നടത്തി വരികയാണ്. പൊതുജനങ്ങൾ യാതൊരു കാരണവശാലും ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് വിവരങ്ങളോ, മൊബൈൽ ഫോണിൽ ലഭിക്കുന്ന വണ്‍ടൈം പാസ്വേഡോ പങ്കുവയ്ക്കരുതെന്ന് പോലീസ് അറിയിച്ചു.