ഭക്ഷണത്തിനായുള്ള ധാന്യം മോഷ്ടിച്ചതിന് മാനസികാസ്വാസ്ഥ്യമുള്ള ഒരാളെ തല്ലിക്കൊല്ലുക, തികച്ചും പ്രാകൃതമായ ഇത്തരം സംഭവം സംസ്ഥാനത്തിനാകെ നാണക്കേടാകുമ്പോള്‍ അതോര്‍ത്ത് ലജ്ജിക്കുന്നവരാണ് നാമേറെ. അതോര്‍ത്ത് ഇപ്പോഴും കണ്ണീര് തൂകുന്നവരുണ്ട് നാട്ടില്‍ . എന്റെ സഹായം ആ യുവാവിന് ലഭിച്ചില്ലല്ലോ എന്നോര്‍ത്ത്, അവനെ പറ്റി അറിഞ്ഞില്ലല്ലോ എന്നോര്‍ത്ത് വിലപിക്കുകയാണിവര്‍ .
അവര്‍ക്ക് മധുവെന്ന ആദിവാസി യുവാവിന്റെ മരണം ഉണ്ടാക്കിയ ഞെട്ടല്ചെറുതല്ല. തെരുവോരത്ത് കഴിയുന്നവരെയും എല്ലാമുണ്ടായിട്ടും അനാഥരായി സ്വന്തം പേരും ഊരും മറന്നുപോയവരെയും ജീവിതത്തിന്റെ നേര്‍വഴിയിലേക്ക് കൈപിടിച്ചുയര്‍ത്തിയവര്‍ക്ക് മധു എന്നയുവാവ് ഒരുനെരിപ്പോടാണ്. തങ്ങളുടെ സഹായഹസ്തങ്ങള്‍ വീണ്ടും കൂടുതല്ഇടങ്ങളിലേക്ക് ഉയരേണ്ടിയിരിക്കുന്നു എന്ന തോന്നല്‍ ഇവരില്‍ ജ്വലിക്കുന്നു.
മെട്രോസിറ്റിയായി അനുദിനം ഉയര്‍ന്നുകൊണ്ടിരിക്കുകയാണ് കോഴിക്കോട്. എന്നാല്‍ ഈ വഴിയില്‍ തെരുവില്‍ അന്തിയുറങ്ങുന്നവരും ഏറെ. കോഴിക്കോട് റെയില്വേസ്റ്റേഷന് , പുതിയ ബസ് സ്റ്റാന്‍ഡ്, പീടികത്തിണ്ണകള്‍ എന്നിവിടങ്ങളില്‍ രാത്രികാലങ്ങള്‍ കഴിച്ചുകൂട്ടുന്നവരെ എങ്ങും കാണാം.
ഇത്തരക്കാരെ കണ്ടെത്തുകയും വേണ്ട പരിചരണം നല്കി വാടകയ്ക്കെടുത്ത വീടുകളില്‍ താമസിപ്പിക്കുകയും ചെയ്യുക, മാനസിക അസ്വാസ്ഥ്യമുള്ളവരാണെങ്കില് കുതിരവട്ടം പോലുള്ള ആധുനിക സൗകര്യങ്ങളുള്ള ആശുപത്രിയില്‍ എത്തിക്കുക, മനസിന്റെ താളം വീണ്ടെടുക്കുമ്പോള്‍ സ്വന്തം സഹോദരങ്ങളെപ്പോലെ സംരക്ഷിക്കുക എന്നിങ്ങനെ പേരിലും പ്രവര്‍ത്തനത്തിലും സാന്ത്വനമാകുകയാണ് സാന്ത്വനം ചാരിറ്റബിള്‍ട്രസ്റ്റും അതിന് കടിഞ്ഞാണ്‍ വഹിക്കുന്ന സ്വാന്തനം സുധീറും.
ഇന്നലെ രാവിലെ ഇദ്ദേഹം മാങ്കാവില്‍ നിന്നും റെയില്‍വേസ്റ്റേഷനില്‍ നിന്നും മാനസിക അസ്വാസ്ഥ്യമുള്ള രണ്ടുപേരെ ടൗണ്സ്റ്റേഷനിലെത്തിച്ച് ആവശ്യമായ പരിചരണം നല്കി. പലരും ഇവരെ നോക്കുന്നതെങ്ങിനെയെന്ന് എനിക്കറിയാം.നമ്മളെ വല്ലതും ഉപദ്രവിക്കുമോ, അടുത്തു കൂടെ പോകാന്‍ പേടി.പരിചരിക്കുന്നതുകണ്ടാല് പോലും പേടിയോടെയുള്ള നോട്ടം.സുധീര്‍ പറയുന്നു. കോഴിക്കോട് സിറ്റി ക്ലീനാക്കാന് നിന്നെ ആരെങ്കിലും ഏല്‍പ്പിച്ചിട്ടുണ്ടോ എന്ന ഭീഷണി തനിക്ക് വന്നതും സുധീര്‍ ഓര്‍ക്കുന്നു.
ഇതുവരെ സുധീറും സഹപ്രവര്‍ത്തകരും ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയത് 160-ല്‍ അധികം പേരെയാണ്. ഒരു പക്ഷേ നഗരത്തില്‍ നിന്നും മധുവിന് അനുഭവിക്കേണ്ടി വന്നതുപോലെയുള്ള അനുഭവം മറ്റൊരാള്‍ക്ക് കൂടി വരാതിരുന്നത് ഈ ഒരു ഇടപെടല്കൊണ്ടുകൂടിയാകാം.അട്ടപ്പാടിയില്‍ നിന്നും ഇ ദുരന്തവാര്‍ത്തകേട്ട് ഞെട്ടിത്തരിച്ചിരിക്കുകയാണ് ചാത്തമംഗലത്തെ സാന്ത്വ നം ട്രസ്റ്റ് ഉടമകൂടിയായ സുധീര്‍.
സ്വന്തം ഫോണ്‍ നമ്പര്‍ സോഷ്യല്‍ മിഡിയയിലും പോലീസ് സ്റ്റേഷനുകളിലും നല്‍കിയിരിക്കുകയാണ് സുധീര്‍ . തെരുവോരത്ത് അടിയേറ്റു വീഴുന്നവരെ കണ്ടെത്താനല്ല, അവര്‍ക്ക് അടിയേല്‍ക്കാതിരിക്കാന്‍ . അശരണരെ കണ്ടാല്‍ ഏതുപാതിരാത്രിക്കും ഇദ്ദേഹത്തെ വിളിക്കാം.സുധീറിനൊപ്പം അശരണരുണ്ടെങ്കില് ആര്‍ക്കും ഇവര്‍ക്കുനേരേ ആക്രോശിക്കാന്‍ കഴിയില്ല. കാരണം സുധീറിനൊപ്പം എല്ലാ സഹായങ്ങളും നല്കി പോലീസുണ്ട്.
തെരുവോരത്ത് താമസിക്കുന്നവര്‍ക്ക് പുത്തന്‍ ഉടുപ്പുകളും ഭക്ഷണവും വാങ്ങിനല്‍കാന്‍ സുധീര്‍ എന്നും മുന്നിലുണ്ടാകും. മറ്റൊന്നും മോഹിച്ചിട്ടല്ല.. ഇതില്‍ നിന്നും ലഭിക്കുന്ന സന്തോഷവും ആശ്വാസവുമാണ് മുന്നോട്ടുള്ള പ്രയാണത്തിന് കൈമുതല്‍ .
ഇങ്ങനെ കണ്ടെത്തുന്നവരെ താമസിപ്പിക്കാന്‍ വീട് വാടകയ്ക്കെടുത്തിരിക്കുകയാണ് സുധീർ. കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ഓപ്പറേഷന് സ്വസ്തിക്ക് എല്ലാവിധ സഹായവും സഹകരണവും നല്‍കുന്നതും സുധീര്‍ തന്നെ.
തുടക്കകാലത്ത് ഒറ്റയ്ക്കായിരുന്നു പ്രവര്ത്തനമെങ്കില് ഇപ്പോള്‍ ഇരുപതോളം വോളണ്ടിയര്‍മാര്‍ ഇദ്ദേഹത്തെ സഹായിക്കാനുണ്ട്. അതുകൊണ്ടുതന്നെ എപ്പോള്‍ ആവശ്യമായി വന്നാലും ഒരു വിളിപ്പാടകലെ സുധീറും സഹായികളും ഉണ്ടാകും. വര്‍ഷങ്ങളായി ഇത്തരം പ്രവര്‍ത്തനവുമായി മുന്നോട്ടുപോകുന്ന സുധീര്‍ ഇപ്പോള്‍ സാന്ത്വനം കെയര്‍ എന്ന പേരിലാണ് പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോകുന്നത്.
ആരോരുമില്ലാത്തവരെ സഹായിക്കാനായി പോലീസ് ആരംഭിച്ച സ്വസ്തി പദ്ധതി നടത്തിപ്പിനായി പോലീസ് സ്റ്റേഷനുകളില്‍ ഓരോ ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്. ഇവര്‍ക്കെല്ലാം സുധീറിനെ അറിയാം. ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ ആദ്യം ഓടിയെത്തുന്നതും സുധീര്‍ തന്നെയായിരിക്കും.
പലരും ചാത്തമംഗലത്തെ സാന്ത്വനം ചാരിറ്റബിള്ട്രസ്റ്റുമായി ബന്ധപ്പെടാറുണ്ട്.പണവും വാഗ്ദാനം ചെയ്യും. എന്നാല്‍ അവരോടൊക്കെ ഒറ്റമറുപടിയേ സുധീറിന് പറയാറുള്ളു: പണമായി ഒന്നും തരരുത്. നിങ്ങള്‍ക്ക് വേണമെങ്കില്‍ ഭക്ഷണസാധനങ്ങളോ വസ്ത്രങ്ങളോ നല്‍കാം’. അതുന്നെയാണ് സുധീറിനെ വ്യത്യസ്തനാക്കുന്നതും. ഓണത്തിനും വിഷുവിനുമെല്ലാം സാന്ത്വനത്തിലെ അന്തേവാസികളെ തേടി പുതുവസ്ത്രങ്ങള്‍ എത്താറുണ്ട്.
സുധീറിന്റെ നല്ല മനസിന് കൈത്താങ്ങായി വ്യാപാരികളും മറ്റ് സുമനസുകളും നല്കുന്നതാണിത്. സംസ്ഥാനത്തെ ഒട്ടുമിക്ക ട്രസ്റ്റുകളുടെയും മറവില്‍ നടക്കുന്ന വ്യവഹാരങ്ങളെക്കുറിച്ച് പോലീസും മറ്റും അന്വേഷിക്കാറുണ്ട്. എന്നാല്‍ സാന്ത്വനം ട്രസ്റ്റിന്റെയും സുധീറിന്റെയും പ്രവര്‍ത്തന രീതി അറിയാവുന്നതിനാല്‍ പോലീസ് തന്നെ ‘സാന്ത്വന’ത്തിനോട് ഒപ്പം ചേരുകയായിരുന്നു.
ജില്ലാ കളക്ടര്‍ യു.വി. ജോസും സുധീറിന്റെപ്രവര്ത്തനങ്ങളെ അനുമോദിച്ച് പോസ്റ്റിടുകയും ചെയ്തു.അതേസമയം പല ട്രസ്റ്റുകളുടെയും പ്രവര്‍ത്തനം അര്‍ഹതപ്പെട്ടവരിലേക്ക് എത്തുന്നില്ലെന്നാണ് സുധീര്‍ പറയുന്നത്. മധുവിന്റെശരീരം കണ്ടിട്ട് എന്തുതോന്നുന്നു…?സുധീര്‍ ചോദിക്കുന്നു. സൗജന്യ ഭക്ഷണവിതരണം പലയിടത്തും കാര്യക്ഷമമാകുന്നില്ല. കഞ്ചാവു വില്‍പ്പനക്കാരും മയക്കുമരുന്നിന് അടിമപ്പെട്ടവരും ഇങ്ങനെ നല്കുന്ന ഭക്ഷണങ്ങള്‍ കഴിച്ചിട്ടുപോകുന്ന അവസ്ഥയാണ് ഉള്ളത്.
മധുവിലേക്ക് സാന്ത്വനം എത്തിപ്പെട്ടില്ലല്ലോ എന്നാണ് ഇപ്പോഴുള്ള വിഷമം. മാനസിക അസ്വാസ്ഥ്യം ബാധിച്ച അറുപതിലധികം പേരെ പരിചരിച്ച സുധീര്‍ പറയുന്നു.29 മുതല്‍ വയനാട് കേന്ദ്രീകരിച്ചും പ്രവര്‍ത്തനം ആരംഭിക്കാനുള്ള തീരുമാനത്തിലാണ് സുധീര്‍.
സാന്ത്വനം സുധീര്‍
ഫോണ്‍ : 9349494993