തലശേരി: തലശേരി ജനറൽ ആശുപത്രിയിൽ ആദിവാസി യുവാവ് ചികിത്സകിട്ടാതെ മരിച്ചു. ഇരിട്ടി കൂട്ടുപുഴ പേരട്ടയിലെ നരിമട കോളനിയിലെ രാജു (42) ആണ് മരണമടഞ്ഞത്. ഇന്നു പുലർച്ചെ അഞ്ചോടെയായിരുന്നു സംഭവം. ഇന്നലെ ഉച്ചയ്ക്ക് 12ഓടെയാണ് കടുത്ത ശ്വാസതടസത്തെ തുടർന്ന് രാജുവിനെ തലശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അസുഖത്തെ തുടർന്ന് ഇന്നലെ ഇരിട്ടി ഗവ. ആശുപത്രിയിൽ കാണിക്കുകയും നില ഗുരുതരമായതിനാലാണ് തലശേരി ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുവരികയും ചെയ്തത്.
എന്നാൽ പുലർച്ചെ അഞ്ചുവരെ രാജുവിനെ ഡോക്ടർമാരാരും തിരിഞ്ഞുനോക്കിയില്ലെന്ന് ഭാര്യ സീമ രാഷ്ട്രദീപികയോട് പറഞ്ഞു. ശ്വാസതടസം കൂടുതലായപ്പോൾ ഡ്യൂട്ടിയിലുള്ള നഴ്സുമാരോട് വിവരംപോയി പറഞ്ഞെങ്കിലും അവർ വന്ന് നോക്കാൻപോലും തയാറായില്ല. രാജു മരിക്കുന്നതിന് തൊട്ടുമുന്പ് മാത്രമാണ് ഓക്സിജൻ കൊടുക്കാൻ നഴ്സെത്തിയതെന്നും പൊട്ടിക്കരഞ്ഞുകൊണ്ട് സീമ പറഞ്ഞു. ഭാര്യ സീമയ്ക്കുപുറമെ ഇളയമകൻ മൂന്നുവയസുകാരൻ രാംദേവിനെയും കൂട്ടിയാണ് രാജു ചികിത്സ തേടി ആശുപത്രിയിലെത്തിയത്.
പുലർച്ചെ അഞ്ചിന് രാജു മരിക്കുന്പോഴും ഈ അമ്മയും മകനുമായിരുന്നു ഉണ്ടായിരുന്നത്. ഉച്ചയ്ക്ക് 12 ആയപ്പോഴും മൃതദേഹം മെഡിക്കൽ വാർഡിലെ 14ാം നന്പർ ബെഡിൽ കിടക്കുകയായിരുന്നു. മാധ്യമപ്രവർത്തകർ എത്തുന്പോൾ മൃതദേഹത്തിനരികിൽ കരഞ്ഞുകൊണ്ടിരിക്കുന്ന അമ്മയേയും കുഞ്ഞിനെയുമാണ് കണ്ടത്. ഏഴുമണിക്കൂറോളം അമ്മയും കുഞ്ഞും മൃതദേഹത്തിനരികിൽ ഇരിക്കുകയായിരുന്നു.
പേരാവൂർ എംഎൽഎ സണ്ണിജോസഫ് പട്ടികജാതി-വർഗ മന്ത്രി എ.കെ. ബാലനുമായി ബന്ധപ്പെടുകയും അടിയന്തിരനടപടി സ്വീകരിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ഏഴുമണിക്കൂറോളം അനാഥമായി കിടന്നിരുന്ന മൃതദേഹം ആശുപത്രി സൂപ്രണ്ട് നേരിട്ട് വന്ന് ധൃതിയിൽ ജനറൽ ആശുപത്രിയുടെ ആംബുലൻസിൽ കയറ്റി അയക്കുകയായിരുന്നു.
എന്നാൽ സംഭവത്തെക്കുറിച്ച് പരാതി ലഭിച്ചിട്ടില്ലെന്നും എങ്കിലും ഡെപ്യൂട്ടി സൂപ്രണ്ട് വി.കെ. രാജീവന്റെ നേതൃത്വത്തിലുള്ള സംഘം സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും ജനറൽ ആശുപത്രി സൂപ്രണ്ട് അറിയിച്ചു. മീര, രഞ്ജിത്ത് എന്നിവരാണ് മരിച്ച രാജുവിന്റെ മറ്റുമക്കൾ.