മൗണ്ട് മൗഗനുയി: ന്യൂസിലൻഡിനെതിരായ രണ്ടാം ഏകദിനത്തിൽ ഇംഗ്ലണ്ടിന് ആറ് വിക്കറ്റിന്‍റെ ആധികാരിക ജയം. ഇതോടെ പരന്പര 1-1 എന്ന നിലയിൽ തുല്യതയിലെത്തി. ആദ്യം ബാറ്റ് ചെയ്ത കിവീസ് 49.4 ഓവറിൽ 223 റണ്‍സിന് പുറത്തായി. ഇംഗ്ലണ്ട് 37.5 ഓവറിൽ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയത്തിലെത്തി.
മിച്ചൽ സാറ്റ്നർ (പുറത്താകാതെ 63), മാർട്ടിൻ ഗുപ്റ്റിൽ (50) എന്നിവരുടെ അർധ സെഞ്ചുറികളാണ് കിവീസ് ഇന്നിംഗ്സിൽ സവിശേഷത. 108/6 എന്ന നിലയിൽ തകർന്ന കിവീസിനെ സാറ്റ്നറാണ് കരകയറ്റിയത്. കോളിൻ ഡി ഗ്രാന്‍റ്ഹോം 38 റണ്‍സ് നേടി. ഇംഗ്ലണ്ടിന് വേണ്ടി മൊയിൻ അലി, ബെൻ സ്റ്റോക്സ്. ക്രിസ് വോക്സ് എന്നിവർ രണ്ടു വീതം വിക്കറ്റുകൾ നേടി.
ക്യാപ്റ്റൻ എയിൻ മോർഗൻ (62), ബെൻ സ്റ്റോക്സ് (പുറത്താകാതെ 63) എന്നിവരുടെ അർധ സെഞ്ചുറികളാണ് ഇംഗ്ലണ്ട് ജയം അനായാസമാക്കിയത്. 20 പന്തിൽ 36 റണ്‍സോടെ പുറത്താകാതെ നിന്ന ജോസ് ബട്‌ലർ വിജയം വേഗത്തിലാക്കുകയും ചെയ്തു. ഓപ്പണർ ജോണി ബെയിർസ്റ്റോ 37 റണ്‍സ് നേടി. ബാറ്റിംഗിലും ബൗളിംഗിലും തിളങ്ങിയ സ്റ്റോക്സാണ് മാൻ ഓഫ് ദ മാച്ച്.