നടി മേഘ്ന നായിഡുവിനെ രണ്ടുപേർ പറ്റിച്ചത്രേ. നടി തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിൽ തന്റെ അപ്പാർട്ട്മെന്റിൽ വാടകയ്ക്കു താമസിച്ചിരുന്ന ദന്പതികൾ തന്നെ പറ്റിച്ച വിവരം പോസ്റ്റ് ചെയ്തിരിക്കുന്നത്. ബോളിവുഡിലും തെന്നിന്ത്യയിലുമുള്ള സിനിമാപ്രേമികൾക്ക് ഐറ്റം ഡാൻസുകളിലൂടെ പരിചിതയായ നടിയാണ് മേഘ്ന നായിഡു.
മേഘ്നയുടെ ഉടമസ്ഥതയിലുള്ള ഗോവയിലെ അപ്പാർട്ട്മെന്റിൽ വാടകയ്ക്ക് താമസിച്ചിരുന്ന ദന്പതികൾ വീട്ടിലുള്ള സകലസാമഗ്രികളും അടിച്ചുമാറ്റിയെന്നാണ് നടി ആരോപിക്കുന്നത്. മാത്രമല്ല ഇവർ വാടകയും നൽകിയില്ല. ന്യൂസിലൻഡിൽ ജോലി ചെയ്യുന്ന ദമ്പതികൾ എന്ന് പരിചയപ്പെടുത്തിയാണ് ഇവർ അപ്പാർട്ട്മെന്റ് വാടകയ്ക്കെടുത്തത്.
മേഘ്നയുടെ സഹായിയായ യുവതിയാണ് ഈ അപ്പാർട്ട്മെന്റ് നടത്തിയിരുന്നത്. വീട്ടിലുള്ള സകല സാമഗ്രികളും ദന്പതികൾ കടത്തിയത്രേ. ചെരുപ്പും ഷൂസും ബാഗും സ്പീക്കറും എന്നുവേണ്ട അടിവസ്ത്രവും സോക്സും വരെ കൊണ്ടുപോയെന്നാണ് നടി പറയുന്നത്. കൂടാതെ വീട്ടിലെ വിലപിടിപ്പുള്ള പ്രതിമയും ഫർണിച്ചറുകളും മറ്റും നശിപ്പിച്ചു.
നടിയുടെ സഹായിയായ യുവതിയുടെ മകളെ ന്യൂസിലൻഡിന് കൊണ്ടുപോകാമെന്നു പറഞ്ഞു പറ്റിച്ച് 85,000 രൂപയും തട്ടിച്ചെടുത്തിട്ടുണ്ട്. ഗോവയിലെത്തുന്നവർ ഈ ദന്പതികളെ സൂക്ഷിക്കണമെന്നും ഇവർ മുന്പും ഇത്തരം തട്ടിപ്പുകൾ നടത്തിയിട്ടുണ്ടെന്നും ഇപ്പോൾ അഭിനയം വിട്ട് ബിസിനസ് രംഗത്ത് സജീവമായ മേഘ്ന പറയുന്നു.