സിനിമയില്‍ ആദ്യമായി അമ്മയെന്നു വിളിച്ചത് ചേച്ചിയെ; സന്തോഷങ്ങളിലും ദുഖങ്ങളിലുമെല്ലാം മാതൃസ്‌നേഹത്തിന്റെ സാന്ത്വനം ചൊരിയാന്‍ ചേച്ചിയ്ക്കു കഴിഞ്ഞു; മോഹന്‍ലാല്‍ മനസു തുറക്കുന്നു…

ചന്ദനം മണക്കുന്ന ഓര്‍മകളാണ് തനിക്ക് സുകുമാരിച്ചേച്ചിയെന്ന് മോഹന്‍ലാല്‍. അമ്പലത്തിലെ പ്രസാദത്തിന്റെ ഒരു പൊതി എപ്പോഴും അവരുടെ കൈയിലുണ്ടാകും. പരിചയപ്പെട്ട നാള്‍മുതല്‍ നിറഞ്ഞ സ്നേഹത്തോടെ ആ പ്രസാദം അവര്‍ എനിക്കു നല്‍കിയിട്ടുണ്ട്. ഇത്രകാലം എന്നെ ചന്ദനം തൊടീച്ച മറ്റൊരാള്‍ ജീവിതത്തിലുണ്ടായിട്ടില്ല.

ഷൂട്ടിംഗ് രാത്രിയില്‍ എത്ര വൈകുവോളം നീണ്ടാലും സുകുമാരിചേച്ചി അതിരാവിലെ ഉണരും. കുളി കഴിഞ്ഞ് ഏറെ നേരം പ്രാര്‍ത്ഥനയില്‍ മുഴുകും. ക്ഷേത്രങ്ങളില്‍ പോകണമെന്നു നിര്‍ബന്ധമുണ്ടായിരുന്നില്ല. വീട്ടിലായാലും ഹോട്ടല്‍ മുറിയിലായാലും ആരാധനാ മൂര്‍ത്തികളുടെ പടം എപ്പോഴും ചേച്ചി കൈയില്‍ കരുതും.

പ്രാര്‍ത്ഥന കഴിഞ്ഞു ചന്ദനം പൂശി ചേച്ചി സെറ്റിലെത്തുന്നതോടെ ലൊക്കേഷനിലാകെ ഒരു ചൈതന്യം പ്രസരിക്കും. കൈയില്‍ കരുതിയ പ്രസാദം അവര്‍ എല്ലാവര്‍ക്കുമായി നല്‍കും. അതായിരുന്നു സുകുമാരിചേച്ചിയെന്ന് നടന്‍ മോഹന്‍ലാല്‍ പറഞ്ഞു.

തന്റെ ജീവിത്തില്‍ അമ്മയുടെയും മൂത്തസഹോദരിയുടെയുമൊക്കെ സ്ഥാനമായിരുന്നു ചേച്ചിക്കെന്ന് മോഹന്‍ലാല്‍ പറഞ്ഞു. ഒരമ്മയുടെ വയറ്റില്‍ ജനിച്ച് ഒരുപാട് അമ്മമാരുടെ മകനായി ജീവിക്കുക എന്നത് അഭിനേതാക്കള്‍ക്കു മാത്രം ലഭിക്കുന്ന അപൂര്‍വഭാഗ്യങ്ങളില്‍ ഒന്നാണ്.

ആക്ഷനും കട്ടിനുമിടയിലുള്ള ആ ചെറിയ ലൈഫ് സ്പാനില്‍ അമ്മയും മകനുമായി അഭിനയിക്കുകയും വീണ്ടും ആ അമ്മ മകനു സ്നേഹം വിളമ്പിക്കൊടുക്കുകയും ചെയ്യുക. അങ്ങനെയൊരു സ്നേഹം എന്നില്‍ നിറച്ച അമ്മയായിരുന്നു സുകുമാരിചേച്ചി. ആഹ്ലാദങ്ങളിലും ആഘാതങ്ങളിലുമെല്ലാം മാതൃസ്നേഹത്തിന്റെ സാന്ത്വനസ്പര്‍ശമായി അവര്‍ എനിക്കരികിലെത്തിയിട്ടുണ്ട്.

എന്റെ അമ്മയായി അഭിനയിച്ച കഥാപാത്രങ്ങളേക്കാളുപരിയായി സുകുമാരിചേച്ചിയുടെ മാതൃവാത്സല്യം ഞാന്‍ അനുഭവിച്ചിട്ടുണ്ട്. നന്മയുടെയും സ്നേഹത്തിന്റെയും വലിയൊരു തണല്‍വൃക്ഷമായിരുന്നു സുകുമാരിച്ചേച്ചിയെന്നും മോഹന്‍ലാല്‍ പറയുന്നു.

 

Related posts