കൊട്ടാരക്കര : കൊട്ടാരക്കര മുസ്ലിം സ്ട്രീറ്റ് ഭാഗത്ത് റോഡ് നിർമാണത്തിൽ ഏർപ്പെട്ടിരുന്ന അന്യ സംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെ 20 തൊഴിലാളികൾക്ക് ഭക്ഷ്യ വിഷബാധയേറ്റു. ഹോട്ടലിൽ നിന്നും വരുത്തിയ ഉച്ചയൂണ് കഴിച്ചതിനെ തുടർന്നാണ് ഇവർക്ക് ഭക്ഷ്യ വിഷബാധയേറ്റത്.
20 തൊഴിലാളികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും 15 പേരെ പ്രഥമിക ചികിത്സയ്ക്ക് ശേഷം വിട്ടയച്ചു. അഞ്ച് പേർ താലൂക്ക് ആശുപത്രിയിൽ തുടർ ചികിത്സയിലാണ്.
ആയൂർ, അകമൺ പാറവിള പുത്തൻ വീട്ടിൽ ബൈജു (48), പുലിക്കോട് കാവി അയ്യത്ത് വീട്ടിൽ സെൽവരാജൻ (46), തമിഴ്നാട് ശങ്കരൻ കോവിൽ സ്വദേശി രമേശ് (36), കൽക്കട്ട സ്വദേശികളായ മാനുവൽ ഹോക്ക് (32), അജ്മൽ ഹക്ക് (23) എന്നിവരാണ് താലൂക്കാശുപത്രിയിൽ ചികിത്സയിൽ ഉള്ളത്. നെടുമ്പായിക്കുളം അതുല്യയിൽ അതുൽ (29), ഇടയം കിച്ചു വിലാസത്തിൽ കിച്ചു കൃഷ്ണൻ (28), തുളസി വിലാസത്തിൽ തുളസി (38), അടൂർ മുണ്ടപ്പള്ളി പെരിങ്ങനാട് രമ്യ ഭവനിൽ രവി (51), തമിഴ്നാട് സ്വദേശി സുരേഷ് (32), കൽക്കട്ട സ്വദേശികളായ ഫിലിപ്പ് (20) കൊമൽ (30), ചന്ദൻ (29) എന്നി തൊഴിലാളികൾ താലൂക്കാശുപത്രിയിൽ ചികിത്സ തേടി. കൊട്ടാരക്കര മുസ്ലിം സ്ട്രീറ്റ് പോളച്ചിറ ഭാഗം റോഡിന്റെ കോൺക്രീറ്റ് ജോലികളിൽ ഏർപ്പെട്ടിരുന്ന മലയാളികളും അന്യ സംസ്ഥാന തൊഴിലാളികളും അടങ്ങുന്നവർക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്.
ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. ഇവർക്കുള്ള ഉച്ചയൂണ് ഹോട്ടലിൽ നിന്നും കരാറുകാരൻ എത്തിച്ചു നൽകുകയായിരുന്നു. ഭക്ഷണം കഴിച്ചയുടനെ പലർക്കും ശാരീരിക അസ്വസ്ഥതകളും ഛർദിയും അനുഭവപെട്ടു. ഇത് കണ്ടതിനെ തുടർന്ന് ചില തൊഴിലാളികൾ ഭക്ഷണം ഉപേക്ഷിച്ചു. ഭക്ഷണം കഴിക്കാതിരുന്നവർക്ക് അസ്വസ്ഥതകൾ ഇല്ല. ശാരീരിക അസ്വസ്ഥതപ്രകടിപ്പിച്ചവരെ നാട്ടുകാരും സഹജോലിക്കാരും ചേർന്ന് കൊട്ടാരക്കര താലൂക്കാശുപത്രയിൽ എത്തിക്കുകയായിരുന്നു.
15 പേർക്ക് പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു. കുഴഞ്ഞു വീഴുകയും ഛർദിക്കുകയും ചെയ്ത അഞ്ചു പേരെ ആശുപത്രിയിൽ കിടത്തി ചികിത്സയ്ക്ക് വിധേയമാക്കിയിരിക്കുകയാണ്. കൊട്ടാരക്കര ചന്തമുക്ക് റെയിൽവേ മേൽപ്പാലത്തിന് സമീപം പള്ളിക്കലേക്ക് പോകുന്ന റോഡിൽ മുസ്ലിം സ്ട്രീറ്റ് ഭാഗത്ത് ഷംസുദീന്റെ ഹോട്ടലിൽ നിന്നാണ് തൊഴിലാളികൾക്ക് ഭക്ഷണം എത്തിച്ചു നൽകിയത്. കോൺക്രീറ്റ് പണിക്കിടയിൽ ഉച്ചയൂണിനായി കൈ കഴുകി കയറിയ തൊഴിലാളികൾ ഉച്ചയൂണ് പൊതി തുറന്നപ്പോഴേക്കും അസഹനീയമായ ദുർഗന്ധം അനുഭവപ്പെട്ടിരുന്നു.
ഊണിനോടൊപ്പമുണ്ടായിരുന്ന മീൻകറി, പുളിശേരി, സാമ്പാർ എന്നിവയിലായിരുന്നു ദുഷിച്ച ഗന്ധം അനുഭവപ്പെട്ടതെന്ന് ആഹാരം കഴിക്കാതിരുന്ന തൊഴിലാളികൾ പറയുന്നു. സംഭവത്തെ തുടർന്ന് കൊട്ടാരക്കര പോലിസും ആരോഗ്യ വകുപ്പും ഹോട്ടലിൽ പരിശോധന നടത്തി. വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് ഹോട്ടൽ പ്രവർത്തിച്ചു വന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്.
ഭക്ഷണത്തിന്റെ അവശിഷ്ടങ്ങൾ പരിശോധനയ്ക്കായി അധികൃതർ എടുത്തിട്ടുണ്ട്. ഹോട്ടൽ അടച്ചുപൂട്ടാൻ നിർദേശം നൽകിയിരിക്കുകയാണ്്. കൊട്ടാരക്കര ഡിവൈഎസ് പി ജെ. ജേക്കബ്, സി. ഐ ഓ. എ സുനിൽ, താലൂക്കാശുപത്രി സൂപ്രണ്ട് ഡോ. ബിജു നെൽസൺ, ഹെൽത്ത് ഇൻസ്പെക്ടർ പ്രമോദ് എന്നിവർ ആശുപത്രിയിൽ എത്തി മേൽനടപടികൾ സ്വീകരിച്ചു. കൊട്ടാരക്കര പോലീസ് കേസെടുത്തു.