അമ്മയാകുന്നതിന് പ്രായമൊന്നും ഒരു തടസമേ അല്ലെന്ന് തെളിയിച്ചിരിക്കുകയാണ് ആൽബട്രോസ് എന്നയിനം കടൽപ്പക്ഷി. 67 വയസ് പ്രായമുള്ള വിസ്ഡം എന്ന ആൽബട്രോസ് പക്ഷി മുട്ടയിട്ട് കഴിഞ്ഞ ദിവസം കുഞ്ഞിനെ വിരിയിച്ചെടുത്തപ്പോൾ പക്ഷിലോകത്തെ ഏറ്റവും പ്രായമേറിയ അമ്മ എന്ന റിക്കാർഡ് ആ അമ്മയ്ക്ക് സ്വന്തം.
അമേരിക്കൻ ഫിഷ് ആൻഡ് വൈൽഡ് ലൈഫ് സർവീസസിന്റെ നിരീക്ഷണത്തിന് കീഴിൽ കഴിയുന്ന പക്ഷിയാണിത്. കഴിഞ്ഞ വർഷം ഡിസംബറിലാണ് വിസ്ഡം മുട്ടയിട്ടത്. രണ്ടു മാസത്തിന് ശേഷം മുട്ടവിരിഞ്ഞ് ആരോഗ്യമുള്ള ഒരു കുഞ്ഞ് ആൽബട്രോസ് പുറത്തുവരുകയായിരുന്നു.അഞ്ചു മാസം അമ്മയെ ആശ്രയിച്ച് കൂട്ടിൽ കഴിഞ്ഞതിനുശേഷം മാത്രമെ ഈ കുഞ്ഞ് സ്വന്തം കാലിൽനിൽക്കാൻ തുടങ്ങു.
1950ലാണ് ഈ ആൽബട്രോസ് പക്ഷി ആദ്യമായി മുട്ടയിട്ടത്. പിന്നീട് 30 കുഞ്ഞുങ്ങളുടെയും കൂടി അമ്മയായി വിസ്ഡം. രണ്ടു വർഷം കൂടുന്പോഴാണ് ആൽബട്രോസ് പക്ഷികൾ സാധാരണയായി മുട്ടയിടുന്നത്. എന്നാൽ വിസ്ഡമാകട്ടെ 2006 മുതൽ എല്ലാ വർഷവും ഓരോ മുട്ട വീതം ഇടുകയും കുഞ്ഞുങ്ങളെ വിരിയിക്കുകയും ചെയ്യുന്നു.
ദേശാടന പക്ഷികളാണ് ആൽബട്രോസ്. എല്ലാവർഷവും പസഫിക് സമുദ്രത്തിന്റെ നടുക്കുള്ള പവിഴപ്പുറ്റ് ദ്വീപുകളിൽ മുട്ടയിടാനായി ഇവ എത്താറുണ്ട്.