ഡെലിവറി ബോയിയുടെ ജോലി ചെയ്യുന്ന ഏഴുവയസുകാരന്റെ കഥ സോഷ്യൽമീഡിയയെ കണ്ണീരണിയിക്കുന്നു. ചൈനയിലാണ് സംഭവം. ലീ എന്നാണ് ഈ മിടുക്കന്റെ പേര്. അച്ഛൻ മരിച്ചതോടെ അമ്മ മറ്റൊരാളെ വിവാഹം ചെയ്തു. പുതിയ ജീവിതം ആരംഭിച്ച അമ്മ അവഗണിച്ചതോടെ ലീ അനാഥനാകുകയായിരുന്നു.
തുടർന്ന് മൂന്നാം വയസു മുതൽ ലീ അച്ഛന്റെ സുഹൃത്തിന്റെ സംരക്ഷണയിലാണ് വളർന്നത്. ഒരു ഡെലിവറി ബോയിയുടെ ജോലിയാണ് അദ്ദേഹം ചെയ്തിരുന്നത്. നാളുകൾ പിന്നിട്ടപ്പോൾ അദ്ദേഹം ജോലിക്കു പോകുന്പോൾ ലീയെ കൂടെ ഒപ്പം കൊണ്ടു പോകുമായിരുന്നു. ഈ ജോലി ഇഷ്ടപ്പെട്ട് തുടങ്ങിയ ലീ പിന്നീട് തനിയെ ജോലി ചെയ്യാൻ ആരംഭിക്കുകയായിരുന്നു.
ദിവസം മുപ്പത് ഡെലിവറികൾ വരെ ലീ ചെയ്യും. ഈ കഥയറിഞ്ഞ ഒരാൾ ലീയുടെ ദൃശ്യങ്ങൾ പകർത്തി സോഷ്യൽമീഡിയായിൽ പങ്കുവെച്ചതിനെ തുടർന്ന് വൈറലാകുകയായിരുന്നു. ലീയുടെ അവസ്ഥയെ അപലപിച്ച് നിരവധിയാളുകളാണ് രംഗത്തെത്തിയിട്ടുള്ളത്. ഭൂരിഭാഗം രാജ്യങ്ങളിലും ബാല വേല നിരോധിച്ചിട്ടുണ്ടെങ്കിലും ലീ ഇത്തരം സാഹചര്യങ്ങളിൽ കൂടി കടന്നുപോകുന്ന കുട്ടിയാണെന്ന് ചിലർ അഭിപ്രായപ്പെട്ടു.