ന്യൂഡൽഹി: പഞ്ചാബ് നാഷണൽ ബാങ്കിൽ (പിഎൻബി)നിന്ന് 11,400 കോടി രൂപയുടെ പണത്തട്ടിപ്പ് നടത്തിയ കേസിൽ അന്വേഷണവുമായി സഹകരിക്കില്ലെന്ന് രാജ്യം വിട്ട വജ്രവ്യാപാരി നീരവ് മോദി. ചോദ്യം ചെയ്യലിനായി ഇന്ത്യയിലെത്താൻ കഴിയില്ലെന്ന് നീരവ് മോദി സിബിഐയെ അറിയിച്ചു. ഒൗദ്യോഗികമായി നീരവ് മോദിയെ ബന്ധപ്പെട്ടിരുന്നെന്നും എന്നാൽ മോദി ഈ ആവശ്യം നിരാകരിക്കുകയായിരുന്നുവെന്നും സിബിഐ വ്യക്തമാക്കി. അടുത്തയാഴ്ച ചോദ്യം ചെയ്യുന്നതിനായി ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് സിബിഐ മോദിക്കു കത്തയച്ചത്.
പിഎൻബിയിൽനിന്നു നീരവ് 11,400 കോടി രൂപ തട്ടിച്ചതായാണ് റിപ്പോർട്ടുകൾ പുറത്തുവന്നത്. ബാങ്കിന്റെ ആഭ്യന്തര അന്വേഷണത്തിലാണു പുതിയ തട്ടിപ്പു കണ്ടെത്തിയത്. പിന്നീട് 1300 കോടി രൂപയുടെ തട്ടിപ്പുകൂടി നടത്തിയതായി കണ്ടെത്തിയതോടെ ഒൗദ്യോഗിക കണക്കുപ്രകാരം പിഎൻബിയിൽനിന്നു നീരവ് മോദി തട്ടിച്ച ആകെ തുക 12,700 കോടിയായി. ഫെബ്രുവരി 14നാണു നീരവ് മോദിയുടെ തട്ടിപ്പു സംബന്ധിച്ച ആദ്യ റിപ്പോർട്ടുകൾ പുറത്തുവന്നത്.
നീരവ് മോദിയുടെ ആഡംബര ഫ്ളാറ്റും ഫാം ഹൗസും ഉൾപ്പെടെ 523 കോടി രൂപ വിലവരുന്ന 21 വസ്തുവകകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടിയിരുന്നു. പണത്തട്ടിപ്പ് നിയമപ്രകാരം വസ്തുകൾ കണ്ടുകെട്ടാനുള്ള ഉത്തരവ് പുറപ്പെടുവിച്ചതായി അന്വേഷണംസംഘം അറിയിച്ചു.
81.16 കോടി രൂപ വിലയുള്ള ആഡംബര ഫ്ളാറ്റ്, സമുദ്രത്തിന് അഭിമുഖമായി മുംബൈ വർളിയിലുള്ള 15.45 കോടി രൂപ വിലയുള്ള സമുദ്ര മഹൽ അപ്പാർട്ട്മെന്റ് എന്നിവ ഉൾപ്പെടെ നീരവ് മോദി ആൻഡ് കന്പനിയുടെ ഉടമസ്ഥതയിലുള്ള 21 സ്ഥാവരവസ്തുക്കളാണ് കണ്ടുകെട്ടിയത്.
ഇതിൽ ആറു വസതികൾ, പത്ത് ഓഫീസുകൾ, പൂനയിലെ രണ്ട് ഫ്ളാറ്റുകൾ, സോളാർ പ്ലാന്റ്, അലിബാഗിലെ ഫാം ഹൗസ്, അഹമ്മദ്നഗർ കർജാതിലെ 135 ഏക്കർ ഭൂമി എന്നിവ ഉൾപ്പെടുന്നു. ഇവയ്ക്കെല്ലാം കൂടി 523.72 കോടി രൂപ വിപണിവില വരും. മോദിയുടെ ഉടമസ്ഥതയിലുള്ള രത്നങ്ങൾ, വജ്രം, ആഭരണങ്ങൾ, ഓഹരികൾ, ബാങ്ക് നിക്ഷേപം, കാറുകൾ തുടങ്ങിയവ ഫെബ്രുവരി 14ന് പിടിച്ചെടുത്തിരുന്നു.
ഇഡി കണ്ടുകെട്ടിയ പൂന ഹഡപ്സാറിലുള്ള ഫ്ളാറ്റുകൾ മോദിയുടെയും ഭാര്യ ആമിയുടെയും ഉടമസ്ഥതയിലുള്ളതാണ്. മുംബൈയിലെ ഫ്ളാറ്റ്സമുച്ചയവും ഓപേറ ഹൗസ് മേഖലയും മോദിയുടെ വജ്രസ്ഥാപനമായ ഫയർസ്റ്റാർട്ടർ ഡയമണ്ട് ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലാണ്.
നീരവ് മോദി ട്രസ്റ്റിന്റെ ഉടമസ്ഥതയിലാണ് 42.70 കോടി രൂപ വിലവരുന്ന ഫാം ഹൗസും അഹമ്മദ്നഗറിലെ 70 കോടി രൂപ വിലവരുന്ന 53 ഏക്കർ സോളാർ പടവും. മാർക് ബിസിനസ് എന്റർപ്രൈസസിന്റെ പേരിലാണ് 80 കോടി രൂപ വിലവരുന്ന രണ്ട് ഓഫീസ് കെട്ടിടം. കേസിൽ ഇതുവരെ 6,393 കോടി രൂപ വിലവരുന്ന ആസ്തികൾ ഇഡി കണ്ടുകെട്ടിയിട്ടുണ്ട്.